മാർച്ച് മാസം മുതൽ അടച്ചിട്ടിരിക്കുന്ന ഓസ്ട്രേലിയയുടെ അതിർത്തികൾ സുരക്ഷിതമായ രീതിയിൽ തുറക്കാനായി സർക്കാർ പദ്ധതി തയ്യാറാക്കുന്നതിനിടെയാണ്, രോഗബാധ കൂടി നിൽക്കുന്ന രാജ്യങ്ങളിലേക്കുള്ള യാത്ര വൈകുമെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചത്.
വളരെ സൂക്ഷിച്ചു മാത്രമേ അതിർത്തികൾ തുറക്കൂ എന്ന് പ്രധാനമന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.
ഈ വെള്ളിയാഴ്ച ചേരുന്ന ദേശീയ ക്യാബിനറ്റ് യോഗം അക്കാര്യം ചർച്ച ചെയ്യുന്നുണ്ട്. എപ്പോഴേക്ക് അതിർത്തികൾ തുറക്കും എന്ന തീയതിയിലേക്ക് ഉടൻ എത്താൻ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.
രോഗബാധ ഇപ്പോഴും കൂടി നിൽക്കുന്ന രാജ്യങ്ങളുടെ കാര്യത്തിൽ തീരുമാനം വൈകും എന്ന വ്യക്തമായ സൂചനയാണ് അദ്ദേഹം നൽകിയത്.
അമേരിക്കയിലെയും യൂറോപ്യൻ രാജ്യങ്ങളിലെയും സ്ഥിതി ആശങ്കാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. ആ രാജ്യങ്ങളിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് യാത്ര അനുവദിക്കുന്നത് അതീവ അപകടകരമായിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം, ജപ്പാൻ, കൊറിയ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളുമായി യാത്രാ ബബ്ൾ രൂപീകരിക്കുന്ന കാര്യവും പ്രധാനമന്ത്രി സൂചിപ്പിച്ചു. ക്വാറന്റൈൻ നിബന്ധനകളൊന്നുില്ലാതെ യാത്ര അനുവദിക്കുന്ന കാര്യമാണ് പരിഗണിക്കുന്നത്.

A Quarantine Inspection Service dog sniffs out fruit and other prohibited items at Sydney International Airport. Source: AAP
എന്നാൽ ഏഷ്യയിൽ, വടക്കൻ ഏഷ്യൻ രാജ്യങ്ങളുമായി യാത്ര അനുവദിക്കുന്ന കാര്യമാണ് പരിഗണനയിൽ എന്ന് അദ്ദേഹം എടുത്തു പറഞ്ഞു.
അതായത്, ഇന്ത്യ ഉൾപ്പെടയെുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങളുമായി ഉടൻ അതിർത്തി തുറക്കില്ല എന്ന വ്യക്തമായ സൂചനയാണ് പ്രധാനമന്ത്രി നൽകിയത്.
വാക്സിൻ ലഭ്യമാകുന്നതു വരെ, രോഗബാധ കൂടിയ രാജ്യങ്ങളുമായി അതിർത്തി തുറക്കുന്നത് സുരക്ഷിതമായിരിക്കില്ല എന്ന് നേരത്തെയും പ്രധാനമന്ത്രി സൂചിപ്പിച്ചിരുന്നു.
ഇന്ത്യയും ഇംഗ്ലണ്ടും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് ഓസ്ട്രേലിയൻ പൗരന്മാരെയും റെസിഡന്റുമാരെയും തിരികെ കൊണ്ടുവരാനുള്ള ശ്രമമാകും സർക്കാർ നടത്തുന്നത്.
ഈ രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്നവരെ ഡിസംബർ മാസത്തോടെ തിരിച്ചെത്തിക്കാനാണ് ശ്രമമെന്നും സർക്കാർ വ്യക്തമാക്കി