‘കേരളത്തിൽ സുരക്ഷയില്ല; BJPക്കാർ അപായപ്പെടുത്തും’: CPM മുൻ പ്രാദേശികനേതാവിന് ന്യൂസിലാന്റിൽ അഭയം

Former CPM member from Kerala gets refuge in New Zealand

Source: Pic: Sheba Also 18 Million Views, CC By 2.0

കേരളത്തിലേക്ക് തിരിച്ചുപോയാൽ BJPക്കാർ അപായപ്പെടുത്തുമെന്നും, സുരക്ഷയൊരുക്കാൻ കേരളത്തിലെ സർക്കാരിന് കഴിയില്ലെന്നും ആരോപിച്ച് സി പി എമ്മിന്റെ മുൻ പ്രാദേശികനേതാവ് ന്യൂസിലന്റിൽ അഭയം തേടി. കേരളത്തിലേക്ക് തിരിച്ചെത്തിയാൽ ഇവരുടെ ജീവൻ തന്നെ അപകടത്തിലാകാമെന്ന് ചൂണ്ടിക്കാട്ടി ന്യൂസിലന്റ് കുടിയേറ്റകാര്യ ട്രൈബ്യൂണൽ ഈ കുടുംബത്തിന് അഭയം നൽകാൻ ഉത്തരവിട്ടു.


തിരുവനന്തപുരം സ്വദേശിയായ 63കാനെയും ഭാര്യയെയും മകളെയുമാണ് അഭയാർത്ഥികളായി അംഗീകരിക്കാൻ ന്യൂസിലാന്റിലെ ഇമിഗ്രേഷൻ ആന്റ് പ്രൊട്ടക്ഷൻ ട്രൈബ്യൂണൽ ഉത്തരവിട്ടത്.  

1970കളിലും 80കളിലും സി പി എമ്മിന്റെ പ്രാദേശിക നേതാവായിരുന്ന തനിക്കു നേരേ ഇപ്പോഴും BJP-RSS ഭീഷണിയുണ്ടെന്നും, കേരളത്തിലേക്ക് തിരിച്ചെത്തിയാൽ ജീവനു പോലും ഭീഷണിയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഇയാൾ 2018ൽ ന്യൂസിലന്റിൽ അഭയം തേടിയത്. ക്രിസ്ത്യൻ മതവിശ്വാസിയായതുകൊണ്ട് ആക്രമണ ഭീഷണി കൂടുതലാണെന്നും അപേക്ഷയിൽ ചൂണ്ടിക്കാട്ടി.

ഇത് അംഗീകരിച്ചുകൊണ്ടാണ് കുടുംബത്തെ അഭയാർത്ഥികളായി അംഗീകരിക്കുന്നതെന്ന് എസ് ബി എസ് മലയാളത്തിന് ലഭിച്ച ഉത്തരവിന്റെ പകർപ്പ് വ്യക്തമാക്കുന്നു.

സ്വകാര്യത സംരക്ഷിക്കുന്നതിനായി ഇവരുടെ പേരും മറ്റു വിശദാംശങ്ങളും ട്രൈബ്യൂണൽ ഉത്തരവിൽ വെളിപ്പെടുത്തിയിട്ടില്ല.

മൂന്നര പതിറ്റാണ്ടുമുമ്പത്തെ ആക്രമണം

മൂന്നര പതിറ്റാണ്ടു മുമ്പ് ബി ജെ പിക്കാരുടെ ആക്രമണമുണ്ടായെന്നും, സമീപകാലത്ത് മക്കൾക്ക് നേരേയും ആക്രമണ ഭീണിയുണ്ടായെന്നും ചൂണ്ടിക്കാട്ടിയാണ് ഈ കുടുംബം അഭയം തേടിയത്.

2018ൽ സന്ദർശക വിസയിൽ ന്യൂസിലന്റിലെത്തിയ ഇവർ അഭയാർത്ഥി അപേക്ഷ നൽകുകയായിരുന്നു.
New Zealand Map
New Zealand Map Source: T.J.Palgi
കുടിയേറ്റകാര്യ വകുപ്പ് ഈ അപേക്ഷ തള്ളിയെങ്കിലും, അപ്പീൽ പരിഗണിച്ച ട്രൈബ്യൂണൽ അഭയം നൽകാൻ ഉത്തരവിട്ടു.
ഇവരെ ന്യൂസിലന്റിൽ നിന്ന് നാടു കടത്താൻ പാടില്ല എന്നാണ് ഉത്തരവ്.
1970കളിൽ തിരുവനന്തപുരത്ത് എസ് എഫ് ഐ അംഗമായി പ്രവർത്തിക്കുകയും, പിന്നീട് സി പി എം അംഗമാകുകയും ചെയ്തയാളാണ് അഭയത്തിനായി അപേക്ഷ നൽകിയത്.
ആറു വർഷം സി പി എമ്മിന്റെ “വാർഡുതല സെക്രട്ടറി”യായിരുന്നു എന്നാണ് അപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നത്.
1984ൽ തദ്ദേശഭരണ തെരഞ്ഞെടുപ്പിനിടെ പത്തു ബി ജെ പി പ്രവർത്തകർ ചേർന്ന് തന്നെ ആക്രമിച്ചെന്നും, ഗുരുതരമായി പരുക്കേറ്റ് രണ്ടു ദിവസം ആശുപത്രിയിലായിരുന്നുവെന്നും ഇതിൽ പറയുന്നു.

1986ൽ പാർട്ടി അംഗത്വം ഉപേക്ഷിച്ചെങ്കിലും ബി ജെ പി പ്രവർത്തകരിൽ നിന്നുള്ള ഭീഷണി തുടർന്നു. 1990ൽ മോട്ടോർ സൈക്കിളിലെത്തിയ ബി ജെ പി പ്രവർത്തകർ വാളു കൊണ്ട് വെട്ടി കാലിന് പരുക്കേൽപ്പിച്ചു എന്നും ഇയാൾ ചൂണ്ടിക്കാട്ടി.

എന്നാൽ ഈ കേസുകളിലെല്ലാം തെളിവില്ല എന്ന് ചൂണ്ടിക്കാട്ടി കോടതി പ്രതികളെ വെറുതെവിട്ടു.

അതിനു ശേഷം ദുബായിലേക്കും, അമേരിക്കയിലേക്കും, അസർബൈജാനിലേക്കും ജോലിക്കായി പോയെങ്കിലും, തിരിച്ച് കേരളത്തിലെത്തി വീണ്ടും പെയിന്ററായി ജോലി നോക്കുകയായിരുന്നു.
CPM BJP
Source: Public Domain
അതിനിടെ 2017ൽ പെൺമക്കൾക്ക് നേരേ വീണ്ടും ആക്രമണഭീഷണിയുണ്ടായെന്നും, ഇക്കാരണത്താലാണ് 2018ൽ ഒരു മകൾക്കൊപ്പം ന്യൂസിലന്റിൽ അഭയം തേടിയത് എന്നുമാണ് അപേക്ഷയിൽ പറഞ്ഞത്.

ക്രിസ്ത്യൻ മതവിശ്വാസിയായതിന്റെ പേരിലും ആക്രമണങ്ങളുണ്ടായെന്നും, ഹിന്ദുമതത്തിലേക്ക് മാറണമെന്ന് അക്രമികൾ ആവശ്യപ്പെട്ടെന്നും ഈ കുടുംബം അഭയത്തിനായുള്ള അപേക്ഷയിൽ ചൂണ്ടിക്കാട്ടി.

"കേരള സർക്കാരിൽ വിശ്വാസമില്ല"

കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ സാഹചര്യം കണക്കിലെടുത്തുകൊണ്ടാണ് അപേക്ഷയിൻമേൽ ട്രൈബ്യൂണൽ തീർപ്പുകൽപ്പിച്ചത്.
സി പി എം – ബി ജെ പി പ്രവർത്തകർ തമ്മിലുള്ള സംഘർഷം കേരളത്തിൽ പതിവാണെന്ന റിപ്പോർട്ടുകൾ ട്രൈബ്യൂണൽ ഉത്തരവിൽ ചൂണ്ടിക്കാട്ടി. അതോടൊപ്പം, കേരളത്തിൽ ക്രിസ്തുമത വിശ്വാസികൾക്കും സ്ഥാപനങ്ങൾക്കും നേരേ ആക്രമണങ്ങളും പരിവർത്തന ശ്രമങ്ങളും നടക്കുന്നുണ്ട് എന്ന മാധ്യമറിപ്പോർട്ടുകളും ട്രൈബ്യൂണൽ ഉത്തരവിൽ ഉദ്ധരിക്കുന്നു.
കേരളത്തിലെ സർക്കാർ തങ്ങളെ സംരക്ഷിക്കുമെന്ന് ഒട്ടും വിശ്വാസമില്ലെന്നും ഇവർ വാദിച്ചു.
ഈ മൂന്നു പേരും 36 വർഷമായി നേരിടുന്ന ഭീതിയും ആക്രമണഭീഷണിയുമെല്ലാം ഇവരെ സാരമായി ബാധിച്ചിട്ടുണ്ടെന്നും, തിരിച്ച് കേരളത്തിലേക്ക് പോയാൽ അവർ ഇനിയും അത്തരം പീഡനം നേരിടേണ്ടി വരുമെന്നും ട്രൈബ്യൂണൽ ചൂണ്ടിക്കാട്ടി.

അതിനാലാണ്, റെഫ്യൂജീ കൺവെൻഷന്റെ 129ാം വകുപ്പിന്റെ അടിസ്ഥാനത്തിൽ ഇവരെ അഭയാർത്ഥികളായി സ്വീകരിക്കാൻ ട്രൈബ്യൂണൽ ഉത്തരവിട്ടത്.

ഇവരെ ന്യൂസിലന്റിൽ നിന്ന് നാടുകടത്തരുത് എന്നും ട്രൈബ്യൂണൽ ഉത്തരവിട്ടു.

എന്നാൽ പ്രത്യേക സംരക്ഷണം (protected persons) ഇവർക്ക് നൽകേണ്ടതില്ല എന്നാണ് ഉത്തരവ്.

(ഇവർക്ക് അഭയം നൽകുന്നതായുള്ള ട്രൈബ്യൂണൽ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് എസ് ബി എസ് മലയാളം ഈ റിപ്പോർട്ട് നൽകിയിരിക്കുന്നത്. സ്വകാരത്യാവിഷയം ഉള്ളതിനാൽ, ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ എസ് ബി എസ് മലയാളത്തിന് നേരിട്ട് പരിശോധിക്കാനും സ്ഥിരീകരിക്കാനും കഴിഞ്ഞിട്ടില്ല)  


Share
Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service