സൊമാലിയയിൽ ജനിച്ചയാളാണ് ഹസൻ ഖലീഫ് ഷയർ അലി.
ഗ്യാസ് സിലിണ്ടറുകൾ നിറച്ച കാറിന് തീയിട്ട ശേഷം ഇയാൾ കത്തിയുമായി പൊലീസിനെയും പൊതുജനങ്ങളെയും ആക്രമിക്കുകയായിരുന്നു. കുത്തേറ്റ് ഒരാൾ മരിച്ചു.
ഹാംപ്ടൺ പാർക്കിലുള്ള 24 കാരനും, ലോൻസെസ്റ്റണിലുള്ള 58 കാരനുമാണ് കുത്തേറ്റ മറ്റ് രണ്ടു പേരെന്ന് പൊലീസ് അറിയിച്ചു. ഇവർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. എന്നാൽ ആക്രമണത്തിൽ മരിച്ചയാളുടെ വിശദാംശങ്ങൾ പൊലീസ് വെളുപ്പെടുത്തിയിട്ടില്ല.
പൊലീസിന്റെ വെടിയേറ്റ ഹസൻ അലിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇയാളും പിന്നീട് മരിച്ചു.
ഇയാളെക്കുറിച്ച് നേരത്തേ തന്നെ പൊലീസിന് അറിവുണ്ടായിരുന്നുവെന്ന് അധികൃതർ വെളിപ്പെടുത്തി. ഇയാളുടെ പ്രവർത്തനങ്ങളെക്കുറിച്ചും അറിവുണ്ടായിരുന്നു.

File photo Source: AAP
എന്നാൽ ഇത്തരമൊരു ആക്രമണം നടത്തും എന്നതിനെക്കുറിച്ച് വ്യക്തമായ സൂചനകളില്ലായിരുന്നുവെന്ന് സംസ്ഥാന പൊലീസിന്റെ ചീഫ് കമ്മീണർ ഗ്രഹാം ആഷ്റ്റൺ പറഞ്ഞു.
അക്രമിയുടെ ഭാര്യയോടും ആക്രമണത്തിനു ശേഷം പൊലീസ് സംസാരിച്ചിട്ടുണ്ട്. ഐ എസ് ആക്രമണത്തിന്റെ ഉത്തരവാദിത്തം അവകാശപ്പെട്ടെങ്കിലും മറ്റു വിശദാംശങ്ങൾ ലഭ്യമല്ല.
നഗരത്തിൽ കനത്ത സുരക്ഷ
ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ നഗരത്തിൽ രണ്ടു വീടുകളിൽ പൊലീസ് റെയ്ഡ് നടത്തി. വെറിബീയിലും മെഡോ ഹൈറ്റ്സിലുമാണ് റെയ്ഡ് നടന്നത്.
മെൽബൺ നഗരത്തിൽ ശനിയാഴ്ചയും ഞായറാഴചയും നടക്കുന്ന പൊതുപരിപാടികൾക്ക് സുരക്ഷ ശക്തമാക്കുമെന്നും പൊലീസ് അറിയിച്ചു. ഒന്നാം ലോകമഹായുദ്ധം സമാപിച്ചതിന്റെ നൂറാം വാർഷികം ആചരിക്കുന്ന റിമംബ്രൻസ് ഡേയും, ഫുട്ബോൾ മത്സരവും ഉൾപ്പെടെയുള്ള പ്രധാന പരിപാടികൾ ഈ ദിവസങ്ങളിലുണ്ട്.