തൊഴിൽമേഖല കരകയറാതെ ഒരു സാമ്പത്തിക രംഗത്തിനും കരകയറാനാവില്ല എന്ന പ്രഖ്യാപനവുമായാണ് ട്രഷറർ ജോഷ് ഫ്രൈഡൻബർഗ് ബജറ്റ് അവതരിപ്പിച്ചത്.
പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും, ജനങ്ങൾക്ക് തൊഴിൽ കണ്ടെത്താൻ സഹായിക്കാനുമായി ബജറ്റിൽ ഫണ്ടിംഗ് പ്രഖ്യാപിച്ചിട്ടുണ്ട്.
യുവാക്കളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് സാമ്പത്തിക സഹായം നൽകാനായി ജോബ് മേക്കർ ഹയറിംഗ് ക്രെഡിറ്റ് എന്ന പദ്ധതിയും, തൊഴിൽ തേടുന്നവരുടെ നൈപുണ്യം വർദ്ധിപ്പിക്കനായി ജോബ്ട്രെയിനർ പദ്ധതിയിൽ കൂടുതൽ ഫണ്ടിംഗുമാണ് പ്രഖ്യാപിച്ചത്.
യുവാക്കളെ ജോലിക്കെടുത്താൻ ധനസഹായം
നിലവിൽ ജോബ്സീക്കർ ആനുകൂല്യം ലഭിക്കുന്ന, 16 വയസിനും 35 വയസിനും ഇടയിലുള്ളവരെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്കാണ് ഈ പദ്ധതിയിലൂടെ സഹായം നൽകുന്നത്.
30 വയസിൽ താഴെയുള്ള ഒരാളെ ജോലിക്കെടുത്താൽ 200 ഡോളറാകും ആഴ്ചയിൽ നൽകുക.
30 വയസിനും 35 വയസിനും ഇടയിലുള്ള ഒരാളെ ജോലിക്കെടുത്താൽ ആഴ്ചയിൽ 100 ഡോളറും.
പുതുതായി നിയമിക്കുന്നയാൾ ആഴ്ചയിൽ 20 മണിക്കൂറെങ്കിലും ജോലി ചെയ്തിരിക്കണം.
വൻകിട ബാങ്കുകൾ ഒഴികെ മറ്റെല്ലാ സ്ഥാപനങ്ങൾക്കും ഈ പദ്ധതിയുടെ ഭാഗമാകാൻ കഴിയും. ഒക്ടോബർ ഏഴു മുതൽ അടുത്ത 12 മാസത്തേക്കാണ് ഈ ആനുകൂല്യം നൽകുന്നത്.
പുതുതായി സൃഷ്ടിക്കപ്പെടുന്ന തസ്തികകളിലാകണം ഇത്തരത്തിൽ നിയമനം നടത്തേണ്ടത്.
രാജ്യത്തെ നാലര ലക്ഷത്തോളം യുവതീയുവാക്കൾക്ക് ഇതിലൂടെ ജോലി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രഷറർ പറഞ്ഞു.
കൂടുതൽ കോഴ്സുകളും ട്രെയിനീഷിപ്പും
സ്കൂൾ പഠനം പൂർത്തിയാക്കുന്നവർക്കും തൊഴിൽ തേടുന്നവർക്കും കൂടുതൽ പരിശീലനവും അവസരങ്ങളും നൽകുന്നതിനായി കൂടുതൽ ഫണ്ടിംഗ് പ്രഖ്യാപിച്ചു.
ഒരു ലക്ഷം അപ്രന്റീസ്ഷിപ്പുകളും ട്രെയിനീഷിപ്പുകളും സൃഷ്ടിക്കുന്നതിനായി 1.2 ബില്യൺ ഡോളറാണ് നീക്കിവച്ചത്. ഇത്തരത്തിൽ അപ്രന്റീസുമാരെയും ട്രെയിനീമാരെയും നിയമിക്കുന്ന സ്ഥാപനങ്ങൾക്ക്, അവർക്കു നൽകുന്ന ശമ്പളത്തിന്റെ 50 ശതമാനം വരെ സബ്സിഡി നൽകും.
കുറഞ്ഞ ഫീസിനോ, സൗജന്യമായോ കൂടുതൽ കോഴ്സുകളും ലഭ്യമാക്കുന്നുണ്ട്.
ആരോഗ്യം, IT, ശാസ്ത്രം, അധ്യാപനം, കൃഷി തുടങ്ങിയ മേഖലകളിൽ ഉന്നത പഠനത്തിന് 50,000 പുതിയ ഷോർട്ട് കോഴ്സുകൾ ലഭ്യമാക്കും.
കൂടാതെ, യൂണിവേഴ്സിറ്റി പഠനത്തിന് 2021ൽ 12,000 അധിക കോമൺവെൽത്ത് സപ്പോർട്ടഡ് പ്ലെയ്സ് ലഭ്യമാക്കുകയും ചെയ്യുമെന്ന് ട്രഷറർ വ്യക്തമാക്കി.

