സെപ്റ്റംബർ മുതൽ രാജ്യത്തിന്റെ പല ഭാഗങ്ങളിലും പടരുന്ന കാട്ടുതീ ഇപ്പോഴും തുടരുകയാണ്. സിഡ്‌നിയിൽ കഴിഞ്ഞ ഒരു മാസമായി പുക മൂടിയ അന്തരീക്ഷമാണ് .
സംസ്ഥാനത്തിന്റെ സൗത്ത് കോസ്റ്റിൽ ദുരന്തം വിതയ്ക്കുന്ന കാട്ടുതീ മൂലം തലസ്ഥാനനഗരിയിലും വായു മലിനീകരണം രൂക്ഷമാകുന്നതായി റിപ്പോട്ടുകൾ.
ആഗോളതലത്തിൽ വായുവിന്റെ ഗുണനിലവാരം വിലയിരുത്തുന്ന IQAir AirVisual ന്റെ വെബ്‌സൈറ്റിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ നൽകിയത്.

ഡൽഹിയെയും കൊൽക്കത്തയെയും മറികടന്ന് ലോകത്തിലെ തന്നെ ഏറ്റവും വായു മലിനികരണമുള്ള സ്ഥലമായി മാറിയിരിക്കുകയാണ് കാൻബറ ഇപ്പോൾ.
തുടര്‍ച്ചയായി രണ്ടാം ദിവസമാണ് കാന്‍ബറയിലെ അന്തരീക്ഷ മലിനീകരണം ഇന്ത്യന്‍ നഗരങ്ങളെക്കാള്‍ രൂക്ഷമായി തുടരുന്നത്. ഇത് ആശുപത്രികളുടെ പ്രവർത്തനത്തെയും ബാധിച്ചിട്ടുണ്ട്.
കാന്‍ബറ ആശുപത്രിയില്‍ എം ആർ ഐ സ്കാനിംഗ് മെഷീന്റെ പ്രവർത്തനത്തെയാണ് പുക ബാധിച്ചത്.
കത്തുകൾ വിതരണം ചെയ്യുന്നത് ഓസ്ട്രേലിയ പോസ്റ്റും നിർത്തിവച്ചിരിക്കുകയാണ്. ജീവനക്കാരുടെ സുരക്ഷയെ മുൻനിർത്തിയാണിത്.
നാഷണല്‍ മ്യൂസിയം ഉള്‍പ്പെടെയുള്ള പല പ്രധാന സ്ഥാപനങ്ങളും വ്യാഴാഴ്ച അടച്ചിട്ടു.
കാന്‍ബറയില്‍ ജീവിക്കുന്നവര്‍ പരമാവധി പുറത്തിറങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും, പുറത്തുള്ള കായിക പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി..
ന്യൂ സൗത്ത് വെയിൽസിലെ സൗത്ത് കോസ്റ്റിൽ ബെയ്റ്റ്മാൻ ബെയിലും വിക്ടോറിയൻ വടക്കൻ അതിർത്തിക്കിടയിലുമായി 180 കിലോമീറ്ററിലധികമാണ് നിയന്ത്രണാതീതമായി കാട്ടുതീ പടരുന്നത്. 382 വീടുകൾ ഇവിടെ കത്തിനശിച്ചതായാണ് റിപ്പോർട്ടുകൾ.
വാരാന്ത്യത്തോടെ ഇത് രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ ഇവിടെ തങ്ങിയിരിക്കുന്നവർ എത്രയും വേഗം പ്രദേശം വിടണമെന്ന് NSW റൂറൽ ഫയർ സർവീസ് മുന്നറിയിപ്പ് നൽകി.
ഇതോടെ പ്രദേശത്ത് വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഇവർക്ക് ആവശ്യത്തിന് ഭക്ഷണവും,വെള്ളവും, ഇന്ധനവും ലഭ്യമല്ലെന്നാണ് റിപ്പോർട്ടുകൾ.
സൂപ്പർമാർക്കറ്റുകളുടെ മുൻപിലും പെട്രോൾ പമ്പുകളുടെ മുൻപിലും വൻ തിരക്കാണ് കാണപ്പെടുന്നത്. അഞ്ച് മണിക്കൂർ വരെ പെട്രോൾ പമ്പിന് മുൻപിൽ ക്യൂ നിൽക്കേണ്ടി വന്നുവെന്ന് പലരും സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.
ഈ പ്രദേശത്തിനടുത്തുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളും സുരക്ഷിതമല്ലാത്തതിനാൽ ഇവിടം സന്ദർശിക്കാൻ പദ്ധതിയിടുന്നവർ അത് ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
തിങ്കളാഴ്ച മുതൽ സംസ്ഥാനത്ത് കാട്ടുതീ മൂലം ഏഴു പേരാണ് മരണമടഞ്ഞത്.
ബുധനാഴ്ച പുലർച്ചെ പ്രിൻസസ് ഹൈവേയിൽ യാറ്റെ യാറ്റ പ്രദേശത്ത് കത്തിക്കരിഞ്ഞ കാറിനുള്ളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തിയിരുന്നു.
ഇതേ പ്രദേശത്ത് ചൊവ്വാഴ്ച ഒരു 70കാരൻ വീട്ടിനുള്ളിൽ മരിക്കുകയും ചെയ്തിരുന്നു.
പുതുവർഷ ദിവസത്തേക്കാൾ ഗുരുതരമായ അവസ്ഥയാകും ഈ വാരാന്ത്യത്തിലെന്നാണ് RFS ന്റെ മുന്നറിയിപ്പ്.
പ്രദേശത്ത് വൈദ്യുതി ബന്ധവും വിച്ഛേദിച്ചിരിക്കുകയാണ്.
വിക്ടോറിയയിലും സമാനമായ സ്ഥിതിഗതികളാണ് നിലനിൽക്കുന്നത്. സംസ്ഥാനത്ത് ഒരാൾ മരിക്കുകയും 17 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.
വിക്ടോറിയയിൽ ബക്കൻ മേഖലയിലാണ് വീട്ടിനുള്ളിൽ ഒരാൾ മരിച്ചത്. ഒരു 67കാരനാണ് ഇവിടെ മരിച്ചിരിക്കുന്നത്.
ഇതിനിടെ രാജ്യത്ത് പടർന്നു പിടിക്കുന്ന കാട്ടുതീയുടെ അടിസ്ഥാന കാരണങ്ങളറിയാൻ റോയൽ കമ്മീഷൻ അന്വേഷണം ആവശ്യപ്പെട്ട് ഗ്രീൻസ് പാർട്ടി രംഗത്തെത്തിയിട്ടുണ്ട്.

