ചൈനീസ് വംശജനും, ഓസ്ട്രേലിയൻ പൗരനുമായ ചൗ ചാക് വിംഗ് നൽകിയ മാനനഷ്ടക്കേസിലാണ് ഓസ്ട്രേലിയൻ ഫെഡറൽ കോടതിയുടെ വിധി.
എ ബി സിയും, ഫെയർഫാക്സ് മീഡിയയും 2017ൽ സംയുക്തമായി പ്രസിദ്ധീകരിച്ച അന്വേഷണാത്മക റിപ്പോർട്ടിനെതിരെയാണ് ചൗ ചാക് വിംഗ് കോടതിയെ സമീപിച്ചത്.
എ ബി സിയിലെ ഫോർ കോർണേഴ്സ് എന്ന പരിപാടിയായിരുന്നു ഈ റിപ്പോർട്ട് ആദ്യം നൽകിയത്.
ഈ റിപ്പോർട്ടിൽ തനിക്ക് അപമാനകരമായ ആറ് പരാമർശങ്ങൾ ഉണ്ടായിരുന്നതായി ചൗ ചാക് വിംഗ് ആരോപിച്ചു.
ചൗ വിംഗ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമാണെന്നും, ചൈനയ്ക്കു വേണ്ടി ചാരപ്രവർത്തനം നടത്തി ഓസ്ട്രേലിയയെ വഞ്ചിച്ചു എന്നുമുള്ള ആരോപണങ്ങളുണ്ട് എന്നാണ് അദ്ദേഹം പരാതിയിൽ പ്രധാനമായും ചൂണ്ടിക്കാട്ടിയത്.
ഓസ്ട്രേലിയയിലെ രാഷ്ട്രീയ പാർട്ടികളെ സ്വാധീനിക്കാനായി അദ്ദേഹം വലിയ തുക കൈക്കൂലി നൽകിയതായും റിപ്പോർട്ട് ധ്വനിപ്പിക്കുന്നു എന്നായിരുന്നു ആരോപണം. ചൈനയെ സഹായിക്കാൻ വേണ്ടിയായിരുന്നു ഇത് റിപ്പോർട്ട് കേൾക്കുന്നവര് ചിന്തിക്കുമെന്നും ചൗ വിംഗിന്റെ അഭിഭാഷകർ വാദിച്ചു.
എന്നാൽ, റിപ്പോർട്ടിലെ പരാമർശങ്ങളെ തെറ്റായി വ്യാഖ്യാനിക്കുകയും, അമിതമായ അർത്ഥതലങ്ങൾ കൽപ്പിക്കുകയുമാണ് ചൗ വിംഗിന്റെ അഭിഭാഷകർ ചെയ്യുന്നത് എന്നായിരുന്നു എ ബി സിയുടെയും ഫെയർ ഫാക്സ് മീഡിയയുടെ ഇപ്പോഴത്തെ ഉടമകളായ നയൻ നെറ്റ്വർക്കിന്റെയും വാദം.
ചൗ വിംഗ് ആരോപിക്കുന്ന തരത്തിലുള്ള അർത്ഥങ്ങൾ ഈ റിപ്പോർട്ടിലില്ല എന്ന് അവർ ചൂണ്ടിക്കാട്ടി.
ഈ വാദം തള്ളിക്കളഞ്ഞ ഫെഡറൽ കോടതി, ചൗ ചാക് വിംഗിന് റിപ്പോർട്ടുകൊണ്ട് മാനനഷ്ടമുണ്ടായതായി കണ്ടെത്തി.
ചൗ വിംഗ് ചൂണ്ടിക്കാട്ടിയ ആറു പരാമർശങ്ങളിൽ നാലെണ്ണം മാനനഷ്ടമുണ്ടാക്കുന്നതാണ് എന്നാണ് കോടതിയുടെ കണ്ടെത്തൽ.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമാണെന്നും, രാഷ്ട്രീയപാർട്ടികൾക്ക് കൈക്കൂലി നൽകിയെന്നതും ഉൾപ്പടെയുള്ള സൂചനകൾ നൽകിയത് അദ്ദേഹത്തിന് അപമാനകരമാണ് എന്നാണ് കോടതി കണ്ടെത്തിയത്.
എന്നാൽ, അദ്ദേഹം ചൈനീസ് ചാരനാണ് എന്ന് ഈ റിപ്പോർട്ട് കാണുന്നവർ കരുതില്ലെന്ന് കോടതി നിരീക്ഷിച്ചു.
അദ്ദേഹത്തിന് 5,90,000 ഡോളർ നഷ്ടപരിഹാരം നൽകാൻ വിധിച്ച കോടതി, റിപ്പോർട്ടിലെ വിവാദഭാഗങ്ങൾ ഇന്റർനെറ്റിൽ നിന്ന് നീക്കം ചെയ്യാനും എ ബി സിയോട് നിർദ്ദേശിച്ചു.
സമാനമായ മാനനഷ്ടക്കേസിൽ ഫെയർ ഫാക്സ് മീഡിയയ്ക്കെതിരെയും നേരത്തേ കോടതി വിധി വന്നിരുന്നു. 2,80,000 ഡോളർ നഷ്ടപരിഹാരം നൽകാനായിരുന്നു അന്നത്തെ വിധി.
എ ബി സിക്കെതിരായ വിധിയെ സ്വാഗതം ചെയ്യുന്നതായി ചൗ ചാക് വിംഗിന്റെ അഭിഭാഷകർ അറിയിച്ചു.
എന്നാൽ വിധി നിരാശാജനകമാണെന്നും, മാധ്യമസ്വാതന്ത്ര്യത്തിന് കൂടുതൽ തിരിച്ചടി നൽകുന്ന വിധിയാണ് ഇതെന്നും എ ബി സി പ്രസ്താവനയിൽ പ്രതികരിച്ചു.
റിപ്പോർട്ടിലൂടെ ഉദ്ദേശിക്കാത്ത കാര്യങ്ങൾക്കാണ് നഷ്ടപരിഹാരം നൽകേണ്ടിവരുന്നത് എന്നാണ് എ ബി സി ചൂണ്ടിക്കാട്ടിയത്.