രാജ്യത്ത് ഫെഡറൽ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനും സ്ഥാനാർഥി നിർണ്ണയത്തിനും ശേഷം നിരവധി സ്ഥാനാർത്ഥികൾക്കാണ് പല കാരണങ്ങൾക്കൊണ്ട് അവരുടെ പാർട്ടി പിന്തുണ നഷ്ടമായത്. തെരഞ്ഞെടുപ്പ് ദിവസത്തിലേക്ക് അടുക്കും തോറും ഇത്തരത്തിൽ പിന്തുണ നഷ്ടമാകുന്ന സ്ഥാനാർത്ഥികളുടെ എണ്ണവും കൂടി വരികയാണ്.
സ്ത്രീകൾക്കെതിരെ വർഷങ്ങൾക്ക് മുൻപ് സമൂഹമാധ്യമത്തിലൂടെ നടത്തിയ പരാമർശത്തിന്റെ പേരിൽ ലേബർ സ്ഥാനാർഥി ലൂക്ക് ക്രീസിക്ക് രാജി വയ്ക്കേണ്ടി വന്നപ്പോൾ ഇസ്ലാം മതത്തിനെതിരെ നടത്തിയ പരാമർശത്തിന് ടാസ്മേനിയയിലെ ലിബറൽ സ്ഥാനാർത്ഥി ജെസ്സിക്ക വീലനും സ്ഥാനമൊഴിയേണ്ടി വന്നു.
വിക്ടോറിയയിലെ ലിബറൽ സ്ഥാനാർഥി ജെറെമി ഹേൻ ആണ് ഇസ്ലാം മതത്തിനെതിരെ നടത്തിയ പരാമർശത്തിന്റെ പേരിൽ പാർട്ടിയുടെ പിന്തുണ നഷ്ടമായ മറ്റൊരു സ്ഥാനാർത്ഥി.
അമേരിക്കൻ സ്ട്രിപ്പ് ക്ലബ്ബിൽ നിൽക്കുന്ന വിവാദമായ വീഡിയോ പുറത്തു വന്നതോടെ വൺ നേഷൻ സ്ഥാനാർഥി സ്റ്റീവ് ഡിക്സനും രാജി വയ്ക്കേണ്ടി വന്നു.
സ്വവർഗ്ഗ നിയമത്തെ അനുകൂലിക്കുന്നവർക്കെതിരെ നടത്തിയ പരാമർശം മൂലം വിക്ടോറിയയിലെ ലിബറൽ സ്ഥാനാർത്ഥി സ്റ്റീവ് കില്ലിനും യൂദവംശജർക്കെതിരെ നടത്തിയ പരാമർശത്തിന്റെ പേരിൽ ലേബർ സ്ഥാനാർഥി വെയ്ൻ കുർണോത്തിനും പിന്തുണ നഷ്ടമായി.
ഇതിനു പുറമെ ഇരട്ട പൗരത്വ വിഷയം ഉൾപ്പെടെയുള്ള വിവിധ കാരണങ്ങൾക്കൊണ്ട് മത്സരരംഗത്തേക്ക് കടക്കാൻ കഴിയാത്തവരും സ്ഥാനാർത്ഥിത്വത്തിന് ഉലച്ചിൽ സംഭവിച്ചവരും നിരവധിയാണ്.
പിന്തുണ നഷ്‌ടപ്പെട്ടവർക്കും മത്സരിക്കാം:
നാമനിർദ്ദേശ പത്രിക സമർപ്പിക്കുവാനുള്ള തീയതി അവസാനിച്ചതിന് പിന്നാലെയാണ് ഇതിൽ പലർക്കും പിന്തുണ നഷ്ടമായതും രാജി വയ്‌ക്കേണ്ടി വന്നതും. ഇലക്ട്‌റൽ ആക്ട് പ്രകാരം നാമനിർദ്ദേശ പത്രിക സമർപ്പി ക്കുന്നതിനുള്ള സമയം അവസാനിച്ചു കഴിഞ്ഞാൽ സ്ഥാനാർഥി നിർണ്ണയത്തിൽ മാറ്റം വരുത്താൻ അനുവാദമില്ല.
എന്നാൽ പിന്തുണ നഷ്ടപ്പെടുന്നതും സ്ഥാനാർത്ഥിയുടെ രാജിയുമൊന്നും ഇവരെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും വിലക്കുന്നില്ല. അത്കൊണ്ട് തന്നെ ഈ സ്ഥാനാർത്ഥികളുടെ പേരുകൾ ബാലറ്റ് പേപ്പറുകളിലെ സ്ഥാനാർഥി പട്ടികയിൽ ഉണ്ടാവുകയും ചെയ്യും.
പ്രെഫറൻഷ്യൽ വോട്ടിംഗ് സമ്പ്രദായം നിലനിൽക്കുന്ന ഓസ്‌ട്രേലിയയിൽ ഇവരുടെ പേരുകൾക്ക് നേരെയും നിങ്ങൾക്ക് നമ്പറുകൾ രേഖപ്പെടുത്താം.
എന്നാൽ ഇതിൽ വിജയിക്കുന്ന സ്ഥാനാർഥി ഒരു പാർട്ടിയുടെയും പിൻബലത്തോടെയല്ല മറിച്ച് സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.

Voting 1 at Australian Federal Election Source: AAP
സ്ഥാനാർത്ഥിയുടെ മരണം തെരഞ്ഞെടുപ്പിനെ ബാധിക്കുമോ?
തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനായുള്ള സമയം അവസാനിക്കുന്നതിന് മുൻപായി ഒരു സ്ഥാനാർത്ഥി മരണമടയുകയാണെങ്കിൽ പത്രിക സമർപ്പിക്കേണ്ട തീയതി ഒരു ദിവസം കൂടി നീട്ടുമെന്നാണ് ഓസ്‌ട്രേലിയൻ ഇലക്ട്‌റൽ കമ്മീഷൻ വ്യക്തമാക്കുന്നത്.
ഇതുവഴി മരണമടഞ്ഞ സ്ഥാനാർത്ഥിക്ക് പകരമായി പാർട്ടിക്ക് മറ്റൊരു സ്ഥാനാർത്ഥിയെ നിർണ്ണയിക്കാൻ അവസരം ലഭിക്കും. ഈ പ്രക്രിയ മറ്റ് സ്ഥാനാർത്ഥികളെയോ, ഇതേ പാർട്ടിയുടെ സെനറ്റ് ഗ്രൂപ്പിനെയോ ബാധിക്കില്ല.
എന്നാൽ അധോസഭയിലേക്ക് മത്സരിക്കുന്ന സ്ഥാനാർഥി പത്രിക സമർപ്പിക്കുന്നതിനുള്ള ദിവസം പ്രഖ്യാപിക്കുമ്പോൾ മുതൽ തെരഞ്ഞെടുപ്പ് ദിവസം വരെയുള്ള കാലയളവിൽ മരിച്ചാൽ ഈ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കും. പിന്നീട് മറ്റൊരു ദിവസം നടത്തുന്ന സപ്ലിമെന്ററി തെരഞ്ഞെടുപ്പിലൂടെയാണ് വിജയിയെ നിശ്ചയിക്കുക.
അതേസമയം സെറ്റിലേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥിയുടെ മരണം തെരഞ്ഞെടുപ്പിനെ ഒരു വിധത്തിലും ബാധിക്കില്ല. നിശ്ചയിച്ച ദിവസം തന്നെ തെരഞ്ഞെടുപ്പ് നടത്തുകയും ഏറ്റുവും കൂടുതൽ വോട്ടുകൾ ലഭിക്കുന്ന ഇതേ പാർട്ടിയിലെ മറ്റൊരു സ്ഥാനാർത്ഥിയെ തെരഞ്ഞെടുക്കുകയും ചെയ്യും.
കൂടുതൽ ഓസ്‌ട്രേലിയൻ തെരഞ്ഞെടുപ്പ് വാർത്തകൾക്കും വിശേഷങ്ങൾക്കും എസ് ബി എസ് മലയാളം ഫേസ്ബുക് പേജ് ലൈക് ചെയ്യുക