1996ല്‍ രണ്ട് ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന്റെ പേരില്‍ അഞ്ചു കുറ്റങ്ങളാണ് കര്‍ദിനാള്‍ പെല്ലിന്റെ പേരില്‍ ചുമത്തിയിരുന്നത്.
ഈ കേസുകളില്‍ ജോര്‍ജ്ജ് പെല്‍ കുറ്റക്കാരനാണെന്ന് മെല്‍ബണ്‍ കൗണ്ടി കോടതിയിലെ 12 അംഗ ജൂറി ഡിസംബറില്‍ തന്നെ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇന്നാണ് ജൂറി തീരുമാനം കോടതി പരസ്യപ്പെടുത്തിയത്.
ആരാണ് ജോര്‍ജ്ജ് പെല്‍?

മാര്‍പ്പാപ്പ പദവിക്ക് അരികില്‍ നിന്ന്, ബാലപീഡന കേസിൽ ജയിലിലേക്ക്
മെല്‍ബണിലെ പുതിയ ആര്‍ച്ച് ബിഷപ്പായി നിയമിക്കപ്പെട്ടിരുന്ന ജോര്‍ജ്ജ് പെല്‍, 1996ല്‍ 13 വയസുള്ള രണ്ട് ആണ്‍കുട്ടികളെ പീഡിപ്പിച്ചു എന്നാണ് കണ്ടെത്തല്‍.
ഇതില്‍ ഒരു ആണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും, മറ്റൊരു കുട്ടിയെ പീഡിപ്പിക്കുകയും ചെയ്തു.
പ്രശസ്തമായ സെന്റ് കെവിന്‍സ് കോളേജില്‍ സ്കോളര്‍ഷിപ്പോടെ പഠിച്ചിരുന്ന കുട്ടികളായിരുന്നു ഇവര്‍. പള്ളിയിലെ വീഞ്ഞ് ഈ കുട്ടികള്‍ കുടിക്കുന്നത് കണ്ട ജോര്‍ജ്ജ് പെല്‍ ഇവരെ പിടികൂടുകയായിരുന്നു.
ഇവരെ ആദ്യം ശാസിച്ച ജോര്‍ജ്ജ് പെല്‍, പിന്നീട് തിരുവസ്ത്രത്തിന്റെ ഇടയിലൂടെ തന്റെ ലിംഗം ഇവരുടെ മുന്നില്‍ പ്രദര്‍ശിപ്പിച്ചു എന്നാണ് പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടിയത്.
ഒരു കുട്ടിയെ ബലാത്കാരമായി ലൈംഗികവൃത്തിക്ക് ഇരയാക്കിയതിനും, കുട്ടികളോട് അശ്ലീല പെരുമാറ്റം നടത്തിയതിനുമാണ് കേസെടുത്ത് വിചാരണ നടത്തിയത്.
ആരോപണങ്ങളെല്ലാം തള്ളിക്കളഞ്ഞ ജോര്‍ജ്ജ് പെല്‍, ജൂറിയുടെ കണ്ടെത്തലിനെതിരെ അപ്പീല്‍ നല്‍കിയിട്ടുണ്ട്.
വീണ്ടും പീഡനം
ബലാത്സംഗത്തിനിരയായ ആണ്‍കുട്ടിയെ ഒരു മാസത്തിനു ശേഷം ജോര്‍ജ്ജ് പെല്‍ വീണ്ടും പീഡിപ്പിച്ചു. പള്ളിയുടെ ചുമരില്‍ ചാരി നിര്‍ത്തി പീഡിപ്പിക്കുകയും, തന്റെ ലൈംഗികാവയവങ്ങള്‍ ജോര്‍ജ്ജ് പെല്‍ തലോടുകയും ചെയ്തു എന്നാണ് ഇയാള്‍ മൊഴി നല്‍കിയിരിക്കുന്നത്.
ഇപ്പോള്‍ 30 വയസുള്ള ഈ ഇരയാണ് വിശദാംശങ്ങള്‍ പൊലീസിന് മുന്നില്‍ വെളിപ്പെടുത്തിയത്.
കേസില്‍ പീഡിപ്പിക്കപ്പെട്ട രണ്ടാമത്തെ ഇര ദുരൂഹസാഹചര്യങ്ങളില്‍ 2014ല്‍ മരിച്ചിരുന്നു.
കെട്ടുകഥയെന്ന് പ്രതിഭാഗം
കേസില്‍ മുമ്പ് മറ്റൊരു വിചാരണ നടന്നെങ്കിലും ജൂറിക്ക് ഏകപക്ഷീയമായ അഭിപ്രായത്തില്‍ എത്താന്‍ കഴിഞ്ഞിരുന്നില്ല.
ഇപ്പോള്‍ ജൂറിയിലെ പന്ത്രണ്ട് അംഗങ്ങളും ഐകകണ്ഠേനയാണ് ജോര്‍ജ്ജ് പെല്‍ കുറ്റക്കാരനാണെന്ന് വിധിച്ചത്.
ആരോപണങ്ങള്‍ കെട്ടുകഥ മാത്രമാണ് എന്നായിരുന്നു ജോര്‍ജ്ജ് പെല്ലിനു വേണ്ടി ഹാജരായ ബാരിസ്റ്റര്‍ റോബര്‍ട്ട് റിക്ടര്‍ QC വാദിച്ചത്.
കുര്‍ബാനയ്ക്കു ശേഷം പെല്ലിനൊപ്പം എപ്പോഴും മറ്റുള്ളവര്‍ ഉണ്ടാകുമെന്നും, ഏറെ കട്ടി കൂടിയ തിരുവസ്ത്രത്തിനിടയിലൂടെ ലിംഗ പ്രദര്‍ശനം നടത്തുന്നത് അസാധ്യമാണെന്നും അദ്ദേഹം വാദിച്ചിരുന്നു.
മാര്‍ച്ചിലായിരിക്കും കോടതി ജോര്‍ജ്ജ് പെല്ലിന്റെ ശിക്ഷ വിധിക്കുക.
കുട്ടികളെ പീഡിപ്പിക്കുന്നത് മനുഷ്യക്കുരുതിക്ക് തുല്യമാണെന്നും, 'ഇത്തരം ചെന്നായ്ക്കളില്‍ നിന്ന് കുട്ടികളെ രക്ഷിക്കണ'മെന്നും ഫ്രാന്‍സിസ് മാര്‍പ്പാപ്പ പ്രസ്താവിച്ച് രണ്ടു ദിവസങ്ങള്‍ക്കുളളിലാണ് വത്തിക്കാനിലെ മൂന്നാമനെ ബാല പീഡന കേസില്‍ കുറ്റക്കാരന്‍ എന്നു കണ്ടെത്തിയ വാര്‍ത്ത പുറത്തുവന്നത്.