കത്തോലിക്കാ സഭയിലെ ഏറ്റവും ശക്തരായ വൈദികരിലൊരാള്‍. കടുത്ത യാഥാസ്ഥിതികവാദി. സ്വവർഗ്ഗപ്രണയത്തിന്റെ കടുത്ത വിമർശകൻ.
മാര്‍പ്പാപ്പ പദവിയിലേക്ക് ഏറ്റവുമധികം സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നയാള്‍.
അതായിരുന്നു കര്‍ദിനാള്‍ ജോര്‍ജ്ജ് പെല്‍.
ഇക്കഴിഞ്ഞ ഡിസംബര്‍ വരെ.
കുട്ടികളെ പീഡിപ്പിച്ച കേസില്‍ കര്‍ദിനാള്‍ പെല്‍ കുറ്റക്കാരനാണെന്ന് മെല്‍ബണ്‍ കോടതിയിലെ ജൂറി കണ്ടെത്തിയ വാര്‍ത്ത ഡിസംബറില്‍ ചോര്‍ന്നുവന്നിരുന്നു. ആ വാര്‍ത്ത അറിഞ്ഞപ്പോള്‍ തന്നെ തന്റെ ഉപദേശകരുടെ കൂട്ടത്തില്‍ നിന്ന് കര്‍ദിനാള്‍ പെല്ലിനെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഒഴിവാക്കുകയും ചെയ്തു.
എന്തുകൊണ്ട് ഡിസംബറില്‍ വാര്‍ത്ത പുറത്തുവന്നില്ല?
ഡിസംബര്‍ 11നായിരുന്നു മെല്‍ബണ്‍ കൗണ്ടി കോടതിയിലെ ജൂറി ജോര്‍ജ്ജ് പെല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി വിധി പ്രസ്താവിച്ചത്.
പക്ഷേ ആ വിധി റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമങ്ങള്ക്ക് കോടിതയുടെ വിലക്കുണ്ടായിരുന്നു. ഡിസംബര്‍ 26 ചൊവ്വാഴ്ച മാത്രമായിരുന്നു വിലക്ക് കോടതി നീക്കിയത്.
വിധി റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാത്രമല്ല, കോടതിയില്‍ നടന്ന വിചാരണ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും സപ്രഷന്‍ ഓര്‍ഡര്‍ എന്ന വിലക്കേര്‍പ്പെടുത്തിയിരുന്നു.
എന്നാല്‍ വിദേശ മാധ്യമങ്ങള്‍ക്ക് ആ വിലക്ക് ബാധകമല്ലാത്തതിനാല്‍ നിരവധി രാജ്യങ്ങളില്‍ ഈ വാര്‍ത്ത ഇതിനകം തന്നെ വന്നുകഴിഞ്ഞു.
ആരാണ് ജോര്‍ജ്ജ് പെല്‍
ആഗോളകത്തോലിക്കാ സഭയിലെ മൂന്നാമന്‍ എന്ന പദവിയില്‍ നിന്നാണ് കുട്ടികളെ ബലാത്സംഗം ചെയ്തയാള്‍ എന്ന കുറ്റവാളിയായി കര്‍ദിനാള്‍ ജോര്‍ജ്ജ് പെല്‍ മാറിയിരിക്കുന്നത്.
1941 ജൂണില്‍ വിക്ടോറിയയിലെ ബല്ലാററ്റില്‍ ജനിച്ച ജോര്‍ജ്ജ് പെല്‍, 1966 ലാണ് കത്തോലിക്ക സഭയില്‍ വൈദികനാകുന്നത്.
സഭയിലെ പീഡന ആരോപണങ്ങളെക്കുറിച്ച് ലോകത്താദ്യമായി അന്വേഷണം പ്രഖ്യാപിച്ചത് ജോര്‍ജ്ജ് പെല്ലായിരുന്നു
1996ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ അദ്ദേഹത്തെ മെല്‍ബണ്‍ ആര്‍ച്ച് ബിഷപ്പായി നിയമിച്ചു. അതേ വര്‍ഷമാണ് കേസിനാസ്പദമായ പീഡനം നടക്കുന്നതും.
ഇതേ വര്‍ഷം തന്നെയാണ് സഭയിലെ ലൈംഗിക പീഡന ആരോപണങ്ങളെക്കുറിച്ച് ജോര്‍ജ്ജ് പെല്‍ മെല്‍ബണില്‍ അന്വേഷണം പ്രഖ്യാപിച്ചതും. ലോകത്താദ്യമായിട്ടായിരുന്നു കത്തോലിക്കാ സഭയില്‍ ഇത്തരമൊരു അന്വേഷണം. മെല്‍ബണ്‍ അതിരൂപതയിലെ ആരോപണങ്ങളെക്കുറിച്ചന്വേഷിക്കാനാണ് ജോര്‍ജ്ജ് പെല്‍ തീരുമാനിച്ചത്.
2001ല്‍ സിഡ്‌നി ആര്‍ച്ച് ബിഷപ്പായിരിക്കുമ്പോള്‍ സഭയിലെ ബാലപീഡന വിഷയങ്ങളില്‍ ഔദ്യോഗിക മറുപടി നല്‍കിയതും ജോര്‍ജ്ജ് പെല്ലാണ്. ഇതേസമയം തന്നെ പെല്ലിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നെങ്കിലും, അത് തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് കോടതി വിധിച്ചു.
2003ല്‍ കര്‍ദിനാളായി ഉയര്‍ത്തപ്പെട്ട ജോര്‍ജ്ജ് പെല്‍, 2014ലാണ് വത്തിക്കാനിലെ സാമ്പത്തിക കാര്യങ്ങളുടെ മേധാവിയായി നിയമിക്കപ്പെട്ടത്.
സഭയിലെ ലൈംഗികപീഡന ആരോപണങ്ങളെക്കുറിച്ചന്വേഷിച്ച റോയല്‍ കമ്മീഷനുമായി സഹകരിക്കുമെന്ന് പ്രഖ്യപിച്ചെങ്കിലും, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പെല്‍ നേരിട്ട് അതില്‍ ഹാജരായില്ല. മറിച്ച് വീഡിയോ ലിങ്കിലൂടെ മൊഴി നല്‍കി.
പക്ഷേ ഈ സമയത്തൊന്നും ജോര്‍ജ്ജ് പെല്‍ പീഡനം നടത്തി എന്ന വിഷയം റോയല്‍ കമ്മീഷന്റെ പരിഗണനയില്‍ വന്നിരുന്നില്ല. മറിച്ച്, പീഡന ആരോപണങ്ങള് നേരിടാന്‍ സഭ എന്തു ചെയ്തു എന്ന വിഷയമാണ് ജോര്‍ജ്ജ് പെല്ലിനോട് ഉന്നയിച്ചത്.
പിന്നീട് 2017ലാണ് ജോര്‍ജ്ജ് പെല്ലിനെതിരെ ഇരകള്‍ തന്നെ മുന്നോട്ടുവന്നതും, കേസെടുത്ത് അന്വേഷണം തുടങ്ങിയതും.
ഇനിയെന്ത്?
കോടതി ശിക്ഷ വിധിച്ചതോടെ പെല്ലിന് ജയിലേക്ക് പോകേണ്ടിവരും.
എന്നാൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ജൂറി വിധിക്കെതിരെ പെൽ നൽകിയ അപ്പീൽ കോടതിയുടെ പരിഗണനയിലുണ്ട്. ജൂണിലായിരിക്കും അപ്പീൽ കോടതി ഇത് കേൾക്കുക.
അപ്പീല് കോടതി തീരുമാനത്തിന് അനുസൃതമായിട്ടായിരിക്കും തുടർന്ന് ഈ വിധി നടപ്പാകുക.
സഭയുടെ നിലപാട്
പെൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടും സഭ ഇതുവരെയും പൂർണമായും പെല്ലിനെ തള്ളിപ്പറഞ്ഞിട്ടില്ല. അപ്പീലിൽ തീരുമാനം വരുന്നവരെ കാത്തിരിക്കാനാണ് സിഡ്നി സെന്റ് മേരീസ് കത്തീഡ്രലിൽ നടന്ന പ്രാർത്ഥനയിൽ ആർച്ച് ബിഷപ്പ് വിശ്വാസികളോട് പറഞ്ഞത്.
ശിക്ഷ വിധിച്ച സാഹചര്യത്തിൽ സഭ എടുക്കുന്ന നിലപാടും ഇനി ശ്രദ്ധേയമാകും.
കടുത്ത യാഥാസ്ഥിതികന്‍
കത്തോലിക്കാ സഭയിലെ കടുത്ത യാഥാസ്ഥിതിക നിലപാടുകാരുടെ പ്രതിനിധിയായിരുന്നു ജോര്‍ജ്ജ് പെല്‍.
സ്വവര്‍ഗ്ഗ വിവാഹം അനുവദിക്കുന്നതിനെതിരെ ഏറ്റവും ശക്തമായ നിലപാടെടുത്ത വൈദികനാണ് കര്‍ദിനാള്‍ പെല്‍.
വിവാഹമെന്നാല്‍ പുരുഷനും സ്ത്രീയും തമ്മിലുള്ള ബന്ധം മാത്രമാകണമെന്നും, അതാണ് പ്രകൃതി നിയമമെന്നും ജോര്‍ജ്ജ് പെല്‍ ശക്തമായി വാദിച്ചിരുന്നു.
അതുപോലെ, കത്തോലിക്കാ സഭയില്‍ സ്ത്രീകള്‍ക്ക് വൈദിക പദവി അനുവദിക്കുന്നതിനെയും ശക്തമായ എതിര്‍ത്ത സഭാ മേധാവിയായിരുന്നു ജോര്‍ജ്ജ് പെല്‍.