Highlights
- കാഷ്വൽ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ മെഡിക്കൽ ലീവും കെയറർസ് ലീവും നൽകും
- രണ്ട് വർഷത്തെ പരീക്ഷണാടിസ്ഥാനത്തിലാണ് സ്കീം
- 2021 അവസാനമോ 2022 ആദ്യമോ സ്കീം തുടങ്ങാനാണ് പദ്ധതി
ഏജ്ഡ് കെയർ ജീവനക്കാർ, ഹോസ്പിറ്റാലിറ്റി മേഖലയിൽ ജോലി ചെയ്യുന്നവർ, ക്‌ളീനിംഗ് ജോലി ചെയ്യുന്നവർ, സെക്യൂരിറ്റി ഗാർഡുകൾ, സൂപ്പർമാർക്കറ്റ് ജീവനക്കാർ എന്നിവർക്കാകും ശമ്പളത്തോടെയുള്ള സിക്ക് ലീവും കെയറർസ് ലീവും ലഭിക്കുന്നത്.
ഇത് സംബന്ധിച്ച സെക്യൂർ വർക്ക് പൈലറ്റ് സ്കീം 2021 അവസാനമോ 2022 ആദ്യമോ തുടങ്ങാനാണ് സർക്കാർ പദ്ധതിയിടുന്നത്.
പദ്ധതിക്കായി അഞ്ച് മില്യൺ ഡോളറാണ് സംസ്ഥാന ബജറ്റിൽ മാറ്റിവച്ചിരിക്കുന്നതെന്ന് പ്രീമിയർ ഡാനിയേൽ ആൻഡ്രൂസ് വ്യക്തമാക്കി. ചൊവ്വാഴ്ചയാണ് 2020-2021ലെ സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നത്.
മെഡിക്കൽ ലീവ് ഇല്ലാത്ത കാഷ്വൽ ജീവനക്കാർ രോഗമുള്ള സാഹചര്യത്തിലും ജോലി ചെയ്യാൻ നിര്ബന്ധിതരാകുന്നുണ്ട്. ഈ സാഹചര്യം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സ്കീം.
രണ്ട് വർഷത്തെ പരീക്ഷണാടിസ്ഥാനത്തിലാണ് സ്കീം തുടങ്ങുന്നത്. സ്‌കീം പ്രകാരം കാഷ്വൽ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ മെഡിക്കൽ ലീവും കെയറർസ് ലീവും നൽകും.
ഈ പൈലറ്റ് സ്‌കീമിന്റെ ചിലവ് പൂർണമായും സംസ്ഥാന സർക്കാർ ആകും വഹിക്കുന്നതെന്നും പ്രീമിയർ പറഞ്ഞു.
എന്നാൽ സ്കീം സ്ഥിരമാക്കിയാൽ ബിസിനസുകാർ ഇത് നൽകേണ്ടി വരും. ന്യായമായ തുകയാവും ഇതെന്നാണ് പ്രീമിയർ സൂചിപ്പിച്ചത്.
പദ്ധതിയെക്കുറിച്ച് വിവിധ മേഖലകളുമായും യൂണിയനുമായും ചേർന്ന് ചർച്ച നടത്തുമെന്ന് സർക്കാർ അറിയിച്ചു. ഏതൊക്കെ ജോലികൾ ഈ സ്‌കീമിൽ ഉൾപ്പെടുത്തണമെന്ന കാര്യവും ചർച്ച ചെയ്ത് തീരുമാനിക്കും.
സംസ്ഥാനത്ത് ആറ് ലക്ഷം കാഷ്വൽ ജീവനക്കാരാണുള്ളതെന്നും, തൊഴിലുടമകൾക്കും ജീവനക്കാർക്കും ഒരു പോലെ പ്രയോജനമാകുന്നതായിരിക്കും ഈ സ്കീമെന്നും ട്രെഷറർ ടിം പാലസ് പറഞ്ഞു.
അതേസമയം, ഈ സ്കീം സ്ഥിരമാക്കുന്നത് കൊവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറുന്ന ചെറുകിട ബിസിനസുകളെ ബാധിക്കുമെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
മാത്രമല്ല കാഷ്വൽ ജീവനക്കാർക്ക് മെഡിക്കൽ ലീവ് നൽകുന്നത് ഫെഡറൽ സർക്കാർ നയവുമായി യോജിച്ചു പോകുന്നതല്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
കൊറോണ പ്രതിസന്ധി നിലനിന്ന ഓഗസ്റ്റിൽ മെഡിക്കൽ ലീവ് ലഭിക്കാത്ത കാഷ്വൽ ജീവനക്കാർ സ്വയം ഐസൊലേറ്റ് ചെയ്യേണ്ടി വന്ന സാഹചര്യത്തിൽ ഫെഡറൽ സർക്കാർ 1,500 ഡോളർ നൽകിയിരുന്നു.
എസ് ബി എസ് മലയാളം ഇന്നത്തെ വാർത്ത – ഓസ്ട്രേലിയൻ മലയാളി അറിയേണ്ട എല്ലാ വാർത്തകളും (തിങ്കൾ-വെള്ളി 8pm)