ഇന്ത്യൻ പൗരത്വ നിയമത്തിനെതിരെ ഓസ്‌ട്രേലിയയിൽ വ്യാപക പ്രതിഷേധം

ഇന്ത്യയിൽ പാസാക്കിയ പൗരത്വ നിയമ ഭേദഗതിക്കെതിരെ ഓസ്ട്രേലിയയിലെ ഇന്ത്യൻ വംശജർക്കിടയിലും വ്യാപക പ്രതിഷേധം. അതിനിടെ, നിയമത്തെ അനുകൂലിച്ച് ഹിന്ദു കൗൺസിൽ ഓഫ് ഓസ്ട്രേലിയ രംഗത്തെത്തി.

news

Source: Supplied

പൗരത്വ നിയമത്തിൽ വരുത്തിയ മാറ്റങ്ങളെ തുടർന്ന് ഇന്ത്യയിലുടനീളം പ്രതിഷേധം കത്തിയെരിയുമ്പോൾ ഇന്ത്യക്ക് പുറത്തും നിയമത്തിനെതിരെ ആയിരിക്കണക്കിന് പേർ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. 

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയിട്ടുള്ള നൂറ് കണക്കിന് പേർ മെൽബണിലും സിഡ്നിയിലും സംഘടിപ്പിച്ച പ്രധിഷേധ പരിപാടികളിൽ പങ്കെടുത്തു.

മെൽബണിൽ ഞായറാഴ്ച നിരവധി പ്രതിഷേധപരിപാടികൾ സംഘടിപ്പിച്ചിരുന്നു.  

ഏതെങ്കിലും സംഘടനകളുടെയോ കൂട്ടായ്മകളുടെയോ ആഭിമുഖ്യത്തിലല്ലാതെ, ഇന്ത്യൻ വംശജർ എന്ന പേരിൽ മാത്രമാണ് പല പ്രതിഷേധങ്ങളും സംഘടിപ്പിച്ചത്.  

നൂറു കണക്കിന് പേർ ഇതിൽ ഒരുമിച്ച് കൂടിയെന്ന് ഫെഡറേഷൻ സ്ക്വയറിൽ നടന്ന ഇത്തരമൊരു പ്രതിഷേധത്തിൽ വോളന്റീയർ ആയിരുന്ന അബ്ദുൾ ജലീൽ പറഞ്ഞു.   

news
Protests in Melbourne against changes to Citizenship Law in India. Sunday 22/12/2019 Source: Supplied

KMCC മെൽബന്റെ നേതൃത്വത്തിലായിരുന്നു മറ്റൊരു പ്രതിഷേധ കൂട്ടായ്മ. പൗരത്വ നിയമത്തിനെതിരെ ഇന്ത്യയിൽ നടക്കുന്ന പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നവർക്ക്   ഐക്യദാർഢ്യം അറിയിക്കുകയായിരുന്നു ലക്ഷ്യമെന്ന് KMCC പ്രതിനിധി ഷിയാസ് ഖാലിദ് പറഞ്ഞു.

news
Protest in Melbourne Federation Square organised by KMCC Melbourne. Source: Supplied

ജാമിയ മിലിയ ഇസ്ലാമിയയുടെയും അലിഗർ മുസ്ലിം യൂണിവേഴ്സിറ്റിയിലെയും പൂർവവിദ്യാർത്ഥികളും മെൽബണിൽ പ്രതിഷേധമറിയിക്കാൻ പാർലമെന്റിന് മുൻപിൽ ഒരുമിച്ചു കൂടിയിരുന്നു.

സിഡ്‌നിയിൽ വെള്ളിയാഴ്ച്ചയും ഞായറാഴ്ചയും നിരവധി പേർ എതിർപ്പുമായി രംഗത്തെത്തിയിരുന്നു. സിഡ്‌നിയിലെ ഹൈഡ് പാർക്കിലായിരുന്നു ഞായറാഴ്ച പ്രതിഷേധം സംഘടിപ്പിച്ചിരുന്നത്.

news
Protests in Hyde Park Sydney on Sunday. Source: Facebook post

ഇന്ത്യൻ ഒപ്പിനിയൻ എന്ന പേരിലെ കൂട്ടായ്മയാണ് വെള്ളിയാഴ്ച ബ്ലാക്ക് ടൗണിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. നിരവധി മലയാളികളും ഇതിൽ പങ്കെടുത്തു. 

news
Protests in Sydney against the Citizenship Law in India. Friday 20/12/2019. Source: Facebook

അതിനിടെ ഇന്ത്യൻ സർക്കാരിന്റെ നടപടിയെ പിന്തുണക്കുന്നതായി ഹിന്ദു കൗൺസിൽ ഓഫ് ഓസ്‌ട്രേലിയ പ്രസ്താവനയിൽ അറിയിച്ചു.

മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള അമുസ്‌ലീങ്ങളായുള്ള അഭയാർത്ഥികൾക്ക് ഇന്ത്യയിൽ പൗരത്വം അനുവദിക്കുന്ന നിയമഭേദഗതി മുസ്ലീങ്ങളോട് വിവേചനമുള്ളതാണെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യയിൽ പ്രക്ഷോഭങ്ങളിൽ ഇരുപതിലധികം പേർ ഇതിനകം മരിച്ചിട്ടുണ്ട്.

കഴിഞ്ഞ ഞായറാഴ്ച്ചയും നിയമ ഭേദഗതികെതിരെ മെൽബണിലും സിഡ്നിയിലും പ്രതിഷേധ പ്രകടനം നടന്നിരുന്നു.


Share

1 min read

Published

By Delys Paul


Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now