കാലാവസ്ഥാ വ്യതിയാനത്തിൽ സർക്കാർ വേണ്ട നടപടി കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വർഷം ഓസ്‌ട്രേലിയയുടെ വിവിധ സംസ്ഥാനങ്ങളിൽ നിരവധി പ്രതിഷേധങ്ങൾ നടന്നിരുന്നു.
ഓസ്‌ട്രേലിയയിൽ മുൻവർഷത്തേക്കാൾ രൂക്ഷമായി കാട്ടുതീ പടരുന്നതിന്റെ കാരണം കാലാവസ്ഥാവ്യതിയാനമാണെന്ന ചർച്ചകൾ പുരോഗമിക്കുകയാണ്. സർക്കാർ വേണ്ട നടപടികൾ സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി സ്കോട്ട് മോറിസനെതിരെ ശക്തമായ വിമർശനങ്ങളും ഉയരുന്നുണ്ട്.
ഇതിന് പിന്നാലെയാണ് രാജ്യത്തിൻറെ പല ഭാഗത്തും വെള്ളിയാഴ്‌ചയും ശനിയാഴ്ചയും പ്രതിഷേധ റാലികൾക്ക് പദ്ധതിയിട്ടിരിക്കുന്നത്.
ക്ലൈമറ്റ് ജസ്റ്റിസ് ഗ്രൂപ്പിന്റെ അംഗങ്ങളായ യൂണിവേഴ്സിറ്റി വിദ്യാർത്ഥികളാണ് മെൽബൺ നഗരത്തിൽ വെള്ളിയാഴ്ച വൈകിട്ട് നടക്കുന്ന പ്രതിഷേധ റാലി സംഘടിപ്പിക്കുന്നത്.
എന്നാൽ സംസ്ഥാനത്ത് കാട്ടുതീ വൻ നാശം വിതച്ച കിഴക്കൻ ഗിപ്സലാന്റിൽ വെള്ളിയാഴ്ച വീണ്ടും ഉയർന്ന മുന്നറിപ്പു റേറ്റിങ്ങായ എക്സ്ട്രീം ഫയർ ഡേഞ്ചർ പ്രഖ്യാപിച്ചിരിക്കുകയാണ്.
വിക്ടോറിയയിൽ കഴിഞ്ഞ വ്യാഴാഴ്ച പ്രഖ്യാപിച്ച അടിയന്തരാവസ്ഥയും പ്രീമിയർ ഡാനിയേൽ ആൻഡ്രൂസ് നീട്ടിയിട്ടുണ്ട്.
സംസ്ഥാനത്ത് ഇത്രയും ഗുരുതരമായ സാഹചര്യം നിലനിൽക്കെ ഇന്ന് വൈകിട്ട് ആറ് മണിക്ക് നടക്കുന്ന പ്രതിഷേധം മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് സംസ്ഥാന സർക്കാർ.
സംസ്ഥാനത്ത് കാട്ടുതീ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ പ്രതിഷേധക്കാർ തീരുമാനത്തിൽ നിന്നും പിന്മാറണമെന്ന് പ്രീമിയർ ഡാനിയേൽ ആൻഡ്രൂസ് ആവശ്യപ്പെട്ടു. വെള്ളിയാഴ്‌ചത്തെ പ്രതിഷേധവുമായി മുൻപോട്ടു പോകുന്ന പക്ഷം കാലാവസ്ഥാ വ്യതിയാനത്തിൽ വിശ്വസിക്കുന്നവരുടെ പിന്തുണ നഷ്ടപ്പെടുമെന്നും ആൻഡ്രൂസ് മുന്നറിയിപ്പ് നൽകി.
മാത്രമല്ല കാട്ടുതീയുമായി ബന്ധപ്പെട്ടുള്ള അടിയന്തര സാഹചര്യങ്ങളിൽ ഇടപെടുന്നതിൽ നിന്നും ഇത് പൊലീസിന്റെ ശ്രദ്ധ വ്യതിചലിപ്പിക്കുമെന്നും പ്രീമിയർ ചൂണ്ടിക്കാട്ടി.
പ്രതിഷേധം സ്വാർത്ഥവും വീണ്ടുവിചാരമില്ലാത്തതുമാണെന്ന് അടിയന്തര വിഭാഗം മന്ത്രി ലിസ നെവിൽ കുറ്റപ്പെടുത്തി.
വെള്ളിയാഴ്‌ചത്തെ പ്രതിഷേധം മാറ്റിവയ്ക്കണമെന്ന് വിക്ടോറിയ പൊലീസും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
അതേസമയം ഈ എതിർപ്പുകളെല്ലാം മറികടന്നാണ് പതിനായിരങ്ങൾ വെള്ളിയാഴ്ച വൈകിട്ട് തെരുവിലിറങ്ങുന്നത്.
ഫെഡറൽ-സംസ്ഥാന സർക്കാരുകളാണ് എമർജൻസി വിഭാഗത്തിനുള്ള ഫണ്ട് വെട്ടിക്കുറയ്ക്കുകയും ജൈവ ഇന്ധന മേഖലയിൽ നികുതി സബ്സിഡി നൽകുകയും ചെയ്തത്. ഈ ഫണ്ട് സർക്കാർ വർദ്ധിപ്പിക്കുകയും ജൈവ ഇന്ധന മേഖലയ്ക്ക് നൽകുന്ന പിന്തുണ അവസാനിപ്പിക്കുകയും ചെയ്താൽ പ്രതിഷേധത്തിൽ നിന്നും പിന്മാറാമെന്ന് ക്ലൈമറ്റ് ജസ്റ്റിസ് ഗ്രൂപ്പിന്റെ വക്താവ് അനെക്ക് ഡീമാനുവേൽ പറഞ്ഞു.
വൈകിട്ട് ആറ് മണിക്ക് തുടങ്ങുന്ന റാലിയിൽ പങ്കെടുക്കാൻ 14,000 പേരാണ് ഫേസ്ബുക്കിലൂടെ താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്.