ഒഴിഞ്ഞുപോകാന്‍ കഴിയുമെങ്കില്‍, തീര്‍ച്ചയായും ഒഴിഞ്ഞുപോകുക. അല്ലെങ്കില്‍ സുരക്ഷ ഉറപ്പുനല്‍കാന്‍ ഞങ്ങള്‍ക്കും കഴിഞ്ഞെന്നു വരില്ല. വിക്ടോറിയൻ പ്രീമിയർ ഡാനിയേൽ ആൻഡ്രൂസ്
കാട്ടുതീ രൂക്ഷമാകുന്നതോടെ കൂട്ടത്തോടെയുള്ള ഒഴിപ്പിക്കലാണ് ന്യൂ സൗത്ത് വെയിൽസും വിക്ടോറിയയും സാക്ഷ്യം വഹിക്കുന്നത്. രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഒഴിപ്പിക്കലാണ് നടക്കുന്നത്.
പടിഞ്ഞാറൻ വിക്ടോറിയയിലെ ബേസിബെൽ, കിഴക്കൻ ജിപ്സലാന്റിലെ ബോഗി ക്രീക്ക്, ബുള്ളുംവോൾ, വടക്ക് കിഴക്കൻ പ്രദേശമായ തലാംഗട്ട, ട്ടോവോങ് എന്നിവിടങ്ങളിലും കൂട്ടത്തോടെ ജനങ്ങളെ ഒഴിപ്പിച്ചു വരുന്നു.
ന്യൂ സൗത്ത് വെയിൽസിലെ സൗത്ത് കോസ്റ്റിലും, ഷോൾഹാവൻ, വടക്കൻ നൗറ, കോസ്സിസ്കോ (Kosciuszko) നാഷണൽ പാർക്ക്, ബാറ്റ് ലോ, റിവറീന എന്നിവിടങ്ങളിലും ഒഴിപ്പിക്കൽ നടക്കുകയാണ്.
ചൂട് വീണ്ടും കഠിനമാകുന്ന ഈ വാരാന്ത്യത്തോടെ സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാകാനാണ് സാധ്യതയെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.
ഇതേതുടർന്ന് വ്യാഴാഴ്ച വൈകിട്ടോടെ ഇരു സംസ്ഥാനങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ന്യൂ സൗത്ത് വെയിൽസിൽ അടിയന്തരാവസ്ഥ അഥവാ സ്റ്റേറ്റ് ഓഫ് എമർജൻസിയും വിക്ടോറിയയിൽ ഇതിന് സമാനമായ സ്റ്റേറ്റ് ഓഫ് ഡിസാസ്റ്ററുമാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.
ന്യൂ സൗത്ത് വെയിൽസിൽ ഈ വര്ഷം കാട്ടുതീ തുടങ്ങിയതിന് ശേഷം ഇത് മൂന്നാം തവണയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതെങ്കിൽ പത്ത് വർഷത്തിന് ശേഷം ആദ്യമായാണ് വിക്ടോറിയയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്.
കുറഞ്ഞത് 50 കാട്ടുതീയാണ് വിക്ടോറിയയിൽ കത്തിപ്പടരുന്നത്. ഈസ്റ്റ് ഗിപിസ്‌ലാൻഡ് പ്രദേശത്തും ആൽപൈൻ മേഖലയിലുമാണ് തീ രൂക്ഷമായിട്ടുള്ളത്.
കാട്ടുതീ നാശം വിതയ്ക്കാൻ സാധ്യതയുള്ള മേഖലകളിൽ നിന്നും ജനങ്ങൾ ഒഴിഞ്ഞുപോകണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
പൊലീസും മറ്റ് അധികൃതരും പ്രദേശത്തെ വീടുകൾ സമീപിച്ചു ആളുകളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
നിർബന്ധിതമായി ആളുകൾ ഒഴിഞ്ഞു പോകണമെങ്കിലും നിർദ്ദേശം അനുസരിക്കാത്ത പക്ഷം ഇവരെ അറസ്റ്റ് ചെയ്തു നീക്കം ചെയ്യില്ലെന്ന് എമർജൻസി മാനേജ്‌മെന്റ് കമ്മീഷണർ ആൻഡ്രൂ ക്രിസ്പ് വ്യക്തമാക്കി.
സ്റ്റേറ്റ് ഓഫ് ഡിസാസ്റ്റർ:
വ്യാഴാഴ്ച രാത്രി മാധ്യമങ്ങൾക്ക് മുന്നിലാണ് വിക്ടോറിയൻ പ്രീമിയർ ഡാനിയേൽ ആൻഡ്രൂസ് സ്റ്റേറ്റ് ഓഫ് ഡിസാസ്റ്റർ പ്രഖ്യാപിച്ചത്.
ന്യൂ സൗത്ത് വെയിൽസിൽ പ്രഖ്യാപിച്ച സ്റ്റേറ്റ് ഓഫ് എമർജൻസിക്ക് സമാനമായ റേട്ടിംഗാണ് വിക്ടോറിയയിലെ സ്റ്റേറ്റ് ഓഫ് ഡിസാസ്റ്റർ. 2009ലെ ദുരന്ത ദിവസമായ കറുത്ത ശനിയാഴ്ച (Black Saturday) നടപ്പിലാക്കിയ അടിയന്തരാവസ്ഥ ഇതാദ്യമായാണ് വിക്ടോറിയയിൽ പ്രഖ്യാപിക്കുന്നത്.
കാട്ടുതീ രൂക്ഷമാകുന്ന ഇടങ്ങളിൽ നിന്ന് ജനങ്ങളെ നിർബന്ധിതമായി ഒഴിപ്പിക്കാൻ സർക്കാരിന് അധികാരം നൽകുന്നതാണ് സ്റ്റേറ്റ് ഓഫ് ഡിസാസ്റ്റർ.
തീ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സ്വകാര്യ വീടുകളും സ്ഥലങ്ങളും കൈവശപ്പെടുത്താനും അടിയന്തര സാഹചര്യങ്ങളിൽ ഏതൊരു സർക്കാർ ഏജൻസിയോടും വേണ്ട നടപടികൾ കൈക്കൊള്ളാൻ നിർദ്ദേശം നൽകാനും സർക്കാരിന് ഇത് അധികാരം നൽകുന്നുണ്ട്.
ന്യൂ സൗത്ത് വെയിൽസിൽ ഫയർ സർവീസ് കമ്മീഷണർക്ക് അധികാരങ്ങൾ നല്കുന്നതാണ് സ്റ്റേറ്റ് ഓഫ് എമർജൻസി അഥവാ അടിയന്തരാവസ്ഥ.
അടിയന്തരാവസ്ഥ ബാധിക്കുന്നത് എവിടെ ?
സംസ്ഥാനത്തിന്റെ കിഴക്കൻ പ്രദേശങ്ങളിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളത്. കിഴക്കൻ ഗിപ്സലാന്റ് ഷയർ, മാൻസ്ഫീൽഡ് ഷയർ, വെല്ലിംഗ്ടൺ ഷയർ, വംഗാരട്ട റൂറൽ ഷയർ, ടുവോംഗ് ഷയർ, ആൽപൈൻ ഷയർ, മൗണ്ട് ബുള്ളർ, മൗണ്ട് ഹോത്തം, മൗണ്ട് സ്റ്റിർലിംഗ് ആൽപൈൻ റിസോർട്ടുകൾ എന്നിവിടങ്ങളിലാണ് അടിയന്തരാവസ്ഥ നിലനിൽക്കുന്നത്.
വരും ദിവസങ്ങളിൽ കാട്ടുതീ രൂക്ഷമാകാൻ സാധ്യതയുള്ളതായി കാലാവസ്ഥ കേന്ദ്രത്തിന്റെയും ഫയർ ഏജൻസികളുടെയും മുന്നറിയിപ്പിനെത്തുടർന്നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് ഡാനിയേൽ ആൻഡ്രൂസ് പറഞ്ഞു.
ഭീതിജനകമായ അന്തരീക്ഷമാണ് നിലനിൽക്കുന്നതെതെന്ന ശക്തമായ സന്ദേശവും ഇതിലൂടെ ജനങ്ങൾക്ക് നൽകുകയാണെന്നും പ്രദേശത്തു നിന്നും ഒഴിഞ്ഞു പോകാൻ മടിക്കുന്നവർ ഒറ്റപ്പെട്ടുപോകുമെന്നും ആഡ്രൂസ് മുന്നറിയിപ്പ് നൽകി.
ഓസ്‌ട്രേലിയുടെ വിവിധ സംസ്ഥാനങ്ങളിൽ വൻ നാശം വിതച്ചുകൊണ്ടാണ് മാസങ്ങളായി കത്തുന്ന കാട്ടുതീ തുടരുന്നത്. ന്യൂ സൗത്ത് വെയിൽസിലും വിക്ടോറിയയിലുമാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്ഥിതിഗതികൾ മോശമായത്.
വിക്ടോറിയയിലെ മാലകൂട്ട പ്രദേശത്ത് അവധി ആഘോഷിക്കാൻ എത്തിയ നാലായിരത്തോളം പേരെയാണ് ഇവിടെ നിന്നും ഒഴിപ്പിച്ചത്. നിരവധി വീടുകളും കെട്ടിടങ്ങളും അഗ്നിക്കിരയാക്കിക്കൊണ്ട് തീ അടുത്തെത്തിയതോടെ നിരവധി പേരാണ് കടൽത്തീരങ്ങളിലും, തടാകത്തിലും മറ്റും അഭയം തേടിയത്.
ഇരു സംസ്ഥാനങ്ങളിലും ഇതിനോടകം നിരവധി മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. വിക്ടോറിയയിൽ രണ്ട്പേര് മരിക്കുകയും 28 പേരെ കാണാതാവുകയും ചെയ്തതായി സർക്കാർ സ്ഥിരീകരിച്ചു.
ന്യൂ സൗത്ത് വെയിൽസിൽ മരിച്ചവരുടെ എണ്ണം എട്ട് ആയി. സംസ്ഥാനത്തെ സൗത്ത് കോസ്റ്റിൽ പടരുന്ന കാട്ടുതീ മൂലം കാൻബെറയിലും പുക നിറഞ്ഞ അന്തരീക്ഷമാണ് കാണപ്പെടുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വായു മലിനീകരം രൂക്ഷമായ സ്ഥലമായി മാറി തലസ്ഥാനഗരി.
ശ്വാസകോശസംബന്ധമായ അസുഖത്തെത്തുടർന്ന് വ്യാഴാഴ്ച കാൻബറ വിമാനത്താവളത്തിൽ വച്ച് ഒരു സ്ത്രീ മരണ മടഞ്ഞതായി റിപ്പോട്ടുകളുണ്ട്. ബ്രിസ്‌ബൈനിൽ നിന്നും ക്വന്റസ് വിമാനത്തിൽ വന്നിറങ്ങിയ ശേഷം പുറത്തേക്ക് ഇറങ്ങിയ സ്ത്രീയാണ് മരിച്ചത്.