ഏപ്രില്‍ മൂന്നിന് പെര്‍ത്ത് ചില്‍ഡ്രന്‍സ് ആശുപത്രിയുടെ എമര്‍ജന്‍സി വാര്‍ഡില്‍ രണ്ടു മണിക്കൂറോളം ചികിത്സ കിട്ടാതെ കാത്തിരുന്ന ശേഷമാണ് ഐശ്വര്യ അശ്വത് എന്ന ഏഴുവയസുകാരി മരിച്ചത്.
ആശുപത്രിയുടെ ഭാഗത്തു നിന്ന് കടുത്ത വീഴ്ചയാണ് സംഭവിച്ചതെന്ന് ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച റിപ്പോർട്ടും അന്വേഷണം നടത്തിയ പാനൽ പുറത്തുവിട്ടിരുന്നു.
എന്നാൽ ആവശ്യപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടിയിട്ടില്ലെന്നും, ചോദ്യങ്ങള്‍ ഇപ്പോഴും ബാക്കിയാണെന്നുമാണ് ഐശ്വര്യയുടെ അച്ഛന്‍ അശ്വതും അമ്മ പ്രസീതയും പ്രതികരിച്ചത്. മനുഷ്യത്വമില്ലാതെയായിരുന്നു ആശുപത്രിയിലെ ജീവനക്കാര്‍ പ്രതികരിച്ചതെന്നും പ്രസീത നേരത്തെ കുറ്റപ്പെടുത്തിയിരുന്നു.
ഐശ്വര്യയെ ആശുപത്രിയിൽ എത്തിച്ചത് മുതലുള്ള കാര്യങ്ങൾ അടങ്ങിയ സ്വകാര്യ റിപ്പോർട്ടാണ് ഇപ്പോൾ മാതാപിതാക്കൾ പുറത്തുവിട്ടിരിക്കുന്നത്.
ഏഴു വയസുകാരിക്ക് ചികിത്സ നൽകേണ്ട നിരവധി അവസരങ്ങളാണ് നഷ്ടമാക്കിയതെന്ന് ഈ റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.
സംഭവത്തിൽ സ്വന്തന്ത്ര അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ് ഐശ്വര്യയുടെ മാതാപിതാക്കൾ.
അന്വേഷണ റിപ്പോർട്ടിൽ തങ്ങൾ തൃപ്തരല്ലെന്നും, അതിനാൽ സ്വതന്ത്ര അന്വേഷണം മാത്രമാണ് ഇതിനുള്ള പോം വഴിയെന്നും ഐശ്വര്യയുടെ കുടുംബ വക്താവ് സുരേഷ് രാജൻ എസ് ബി എസ് ന്യൂസിനോട് പറഞ്ഞു.
നഷ്‌ടമായ അവസരങ്ങൾ
ഐശ്വര്യയെ ആശുപത്രിയിൽ എത്തിക്കുന്നത് മുതലുള്ള കാര്യങ്ങൾ വെളിപ്പെടുത്തുന്ന റിപ്പോർട്ട് ഇങ്ങനെ:
വൈകിട്ട് 5.32ന് അച്ഛൻ അശ്വത്, എമർജൻസി വിഭാഗത്തിലേക്ക് ഐശ്വര്യയെ എടുത്തുകൊണ്ട് വന്നു. ഒരു മിനിട്ടിനു ശേഷം അമ്മ പ്രസീത, ട്രയാജ് നഴ്സിനോട് സംസാരിക്കുന്നു. കുട്ടിക്ക് വയറിളക്കവും, ഛർദ്ദിയും, തലവേദനയും ഉണ്ടെന്നും, കൈകൾ തണുത്തിരിക്കുന്നുവെന്നും നഴ്സിനോട് പറയുന്നു.
ഈ ഘട്ടത്തിൽ പ്രധാനപ്പെട്ട സൂചനകളൊന്നും നൽകാതെ ട്രയാജ്, സ്കോർ നാല് നൽകി. അതായത് 60 മിനിട്ടുകൾക്ക് ശേഷം ഡോക്ടറെ കാണാവുന്ന വിധത്തിൽ, ഏറ്റവും പ്രാധാന്യം കുറഞ്ഞ രണ്ടാമത്തെ കേസായാണ് ഇത് പരിഗണിച്ചത്. ഇതാണ് ഡോക്ടറെ കാണാന്‍ വൈകുന്നതിലേക്ക് നയിച്ചതെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ചികിത്സയുടെ കാര്യത്തിൽ കൃത്യമായ തീരുമാനം എടുക്കാൻ ആവശ്യമായ വിവരങ്ങൾ നഴ്സ് ശേഖരിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
കുട്ടിയുടെ കൈകൾ തണുത്തിരിക്കുന്നതും, എത്ര തവണ വയറിളക്കവും, ഛർദ്ദിയും ഉണ്ടായി എന്നത് സംബന്ധിച്ച മാതാപിതാക്കളുടെ ആശങ്കകളെക്കുറിച്ച് കൂടുതൽ അന്വേഷിച്ചില്ലെന്നും റിപ്പോർട്ടിൽ
ചൂണ്ടിക്കാട്ടുന്നു.
എമർജൻസി വിഭാഗത്തിൽ എത്തിയ ശേഷം മുതൽ ഐശ്വര്യയെ തിരികെ ജീവത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമം വരെയുള്ള സമയത്തിനിടയ്ക്ക് കുട്ടിയുടെ തല പുറകിലേക്ക് പോകുന്നതും, കൈ ഉയർത്താൻ കഴിയാത്തതും CCTV ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണെന്നും ഇതിൽ പറയുന്നു.
പല തവണ മാതാപിതാക്കൾ ജീവനക്കാരെ സമീപിക്കുകയും, കുട്ടിയുടെ കണ്ണിന്റെ നിറം മാറുന്നതുമെല്ലാം അറിയിക്കുകയും ചെയ്തു. എന്നാൽ കൂടുതൽ പരിശോധനകളൊന്നും നടത്തിയില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
അഞ്ച് തവണയായി മാതാപിതാക്കൾ കുട്ടിയുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ചുള്ള ആശങ്ക ആശുപത്രി ജീവനക്കാരെ അറിയിച്ചുവെങ്കിലും കൃത്യമായ വിലയിരുത്തലുകളൊന്നും നടത്തിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ എല്ലാ മാതാപിതാക്കളും കുട്ടികളുടെ കാര്യത്തിൽ ആശങ്ക ഉയർത്താറുണ്ടെന്നാണ് സംഭവം അന്വേഷിച്ച പാനലിനോട് നഴ്സ് പറഞ്ഞത്.
കുട്ടിയുടെ ചികിത്സക്കായുള്ള നിരവധി അവസരങ്ങൾ നഷ്ടമാക്കിയെന്നും മാതാപിതാക്കളുടെ ആശങ്കകൾക്ക് ആവശ്യമായ പരിഗണന നൽകിയില്ലെന്നും ഇതിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
വൈകിട്ട് 5.45ന് കുട്ടി ശ്വാസമെടുക്കുന്നതിന്റെ വേഗത കൂടിയതും, കുട്ടിയുടെ നെഞ്ചിടിപ്പ് കൂടിയതും പാനൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
5.52ന് കുട്ടിയുടെ താപനില 38.8 ആയി ഉയർന്നു. റെസ്പിറേറ്ററി റേറ്റ് 44 ഉം, ഹാർട്ട് റേറ്റ് 150 ഉം, രക്ത സമ്മർദ്ദം 114 /103 ഉം ആയി.
കുട്ടിയുടെ നില കൂടുതൽ ഗുരുതരമായതോടെ വൈകിട്ട് 7.18ന് റിസസിറ്റേഷൻ ബേയിലേക്ക് കൊണ്ടുപോയി.
ഇവിടെ വച്ച് ഐശ്വര്യയുടെ കൈകളും കാലുകളും മരവിച്ചതായി എമർജൻസി കൺസൽട്ടന്റ് കണ്ടെത്തി. തുടർന്ന് 7.25 ഓടെ ഐശ്വര്യയുടെ താപനില 39.8 ഡിഗ്രി ആയി ഉയരുകയും ഹാർട്ട് റേറ്റ് 145 ആകുകയും ചെയ്തു.
അഞ്ചു മിനിട്ടുകൾക്ക് ശേഷം ഐശ്വര്യയ്ക്ക് സംസാരിക്കാൻ കഴിയുന്നില്ലെന്ന് മനസിലാക്കി.
അന്വേഷണം
ഈ റിപ്പോർട്ട് പുറത്തിവിടാൻ ഐശ്വര്യയുടെ മാതാപിതാക്കൾ തീരുമാനിച്ചതോടെ, ഐശ്വര്യയുടെ ചികിത്സയിൽ ഏർപ്പെട്ട ചില ജീവനക്കാരെ, അവരുടെ ചുമതലകളിൽ നിന്ന് നീക്കിയതായി ചൈൽഡ് ആൻഡ് അഡോളസെന്റ് ഹെൽത്ത് സർവീസ് ചീഫ് എക്സിക്യൂട്ടീവ് അരേഷ് അൻവർ
സ്ഥിരീകരിച്ചു.
എന്നാൽ, ഏത് വിഭാഗത്തിലേക്കാണ് ഈ ജീവനക്കാരെ മാറ്റിയതെന്നോ, എത്ര പേരെ മാറ്റിയെന്നോ ഉള്ളത് സംബന്ധിച്ച് വിവരങ്ങൾ ഇദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
ഏപ്രിൽ മൂന്നിന് ഐശ്വര്യയുടെ ചികിത്സയിൽ നേരിട്ട് ഇടപെട്ട 14 ജീവനക്കാരെയും, മറ്റ് 11 ജീവനക്കാരെയും സംഭവത്തിന്റെ അന്വേഷണ ചുമതലയുള്ള പാനൽ ചോദ്യം ചെയ്തിരുന്നു.
സ്‌ട്രെപ്‌റ്റോക്കോക്കസ് എ ബാക്ടീരിയ ബാധ മൂലമുള്ള ഗുരുതരപ്രശ്‌നങ്ങളെത്തുടര്‍ന്നാണ് ഐശ്വര്യ മരിച്ചത് എന്നാണ് അന്വേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.
ഇക്കാര്യം സമയത്ത് കണ്ടെത്തുന്നതിലും ഡോക്ടര്‍മാരെ അറിയിക്കുന്നതിലുമുണ്ടായ വീഴ്ച മരണകാരണമായിട്ടുണ്ടാകാം എന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.
ആശുപത്രി പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ 11 ശുപാര്‍ശകളാണ് റിപ്പോര്‍ട്ട് നല്‍കിയത്.


