ജനുവരി 25 ന് ഓസ്ട്രേലിയയിൽ പടർന്നു തുടങ്ങിയ കൊറോണവൈറസ്, രണ്ടര മാസം കടന്ന് ഏപ്രിൽ എട്ടായപ്പോഴാണ് ആറായിരത്തിലേക്ക് എത്തിയത്.
വൈറസ് ബാധിതരുടെ എണ്ണത്തിൽ ലോകത്തിൽ 22 ാംസ്ഥാനത്താണ് ഓസ്ട്രേലിയ ഇപ്പോഴുള്ളത്.
This was last updated on April 9, 2020
എണ്ണം ആറായിരത്തിലെത്തിയെങ്കിലും, അതിലേക്ക് എത്താൻ വേണ്ടി വന്ന ദിവസങ്ങളാണ് ഓസ്ട്രേലിയയ്ക്ക് ആശ്വാസം പകരുന്നത്.
ഓസ്ട്രേലിയയിൽ കൊവിഡ്-19 ബാധിതരുടെ എണ്ണം മാർച്ച് 21ന് 1,000 തികച്ചിരുന്നു. അവിടെ നിന്ന് പതിനെട്ടാം ദിവസമാണ് ഇത് ആറായിരത്തിലേക്ക് എത്തിയത്.
മാർച്ച് 21 മുതൽ ഓരോ മൂന്നു ദിവസം കൂടുമ്പോഴും പുതുതായി ആയിരം പേർക്കു കൂടി രോഗം സ്ഥിരീകരിക്കുന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്.
എന്നാൽ, രോഗബാധിതരുടെ എണ്ണം അയ്യായിരത്തിൽ നിന്ന് ആറായിരത്തിലേക്കെത്താൻ അതിന്റെ ഇരട്ടി ദിവസങ്ങളാണ് എടുത്തത്. ഏപ്രിൽ രണ്ടിന് അയ്യായിരം കേസുകൾ സ്ഥീരീകരിച്ചിരുന്നു. ആറു ദിവസം കഴിഞ്ഞ് ഏപ്രിൽ എട്ട് ആയപ്പോൾ മാത്രമാണ് ആയിരം കേസുകൾ കൂടി വർദ്ധിച്ച് ആറായിരത്തിലേക്ക് എത്തിയത്.
വിദേശത്തു നിന്നുള്ള യാത്രക്കാരുടെ വരവ് കുറഞ്ഞതും, കർശനമായ ലോക്ക്ഡൗൺ നടപടികളുമാണ് ഇതിന് സഹായിച്ചത്.
ഈസ്റ്റർ വാരാന്ത്യത്തിലും ഇതേ രീതിയിൽ സാമൂഹികമായ അകലം പാലിക്കൽ തുടരണം എന്നാണ് സർക്കാർ ജനങ്ങളോട് ആവർത്തിച്ച് ആവശ്യപ്പെടുന്നത്. ഇപ്പോൾ ജനങ്ങൾ വീട്ടിൽ നിന്ന് പുറത്തിറങ്ങി തുടങ്ങിയാൽ തൽക്കാലം നിയന്ത്രണവിധേയമായിരിക്കുന്ന സാഹചര്യം കൈവിട്ടുപോകും എന്നും സർക്കാർ മുന്നറിയിപ്പ് നൽകി.
രോഗബാധ എങ്ങനെ?
രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച കൊവിഡ്-19 ബാധകളിൽ ഭൂരിഭാഗവും വിദേശത്തുവച്ച് രോഗം ബാധിച്ചവരാണ്.
എല്ലാ സംസ്ഥാനങ്ങളിലും ഇതു തന്നെയാണ് അവസ്ഥ.
വിദേശത്തു നിന്ന് രോഗം ബാധിച്ചവരുടെ എണ്ണം നോക്കുമ്പോൾ, യൂറോപ്യൻ രാജ്യങ്ങളും ക്രൂസ് കപ്പലുകളുമാണ് ഏറ്റവും മുന്നിൽ നിൽക്കുന്നത്. വിവാദമായ റൂബി പ്രിൻസസ് കപ്പലിലെ യാത്രക്കാർ ഉൾപ്പെടെയാണ് ഇത്.
ചൈനയിൽ നിന്നാണ് ആദ്യം രോഗബാധ ഓസ്ട്രേലിയയിലേക്ക് എത്തിയതെങ്കിലും, ആകെ രോഗബാധിതരുടെ എണ്ണത്തിൽ ചൈനയിൽ നിന്നുള്ളവർ വളരെ കുറവാണ്.
ആകെ രോഗബാധിതരിൽ ചൈന, ജപ്പാൻ, ദക്ഷിണകൊറിയ എന്നിവിടങ്ങളിൽ നിന്നുള്ളവരുടെ എണ്ണം 0.95 ശതമാനം മാത്രമാണ്.
ലോകത്തിന്റെ ഓരോ ഭാഗങ്ങളിൽ നിന്നുമുള്ള രോഗബാധ ഇങ്ങനെയാണ്.

Source: Health.gov.au