രാജ്യത്ത് കൊറോണവൈറസ് ബാധിക്കുന്നവരുടെ എണ്ണം വൻ തോതിൽ വർധിച്ചു വരുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങുകയാണ് സംസ്ഥാന സർക്കാരുകൾ.
ഓസ്‌ട്രേലിയയുടെ എല്ലാ സംസ്ഥാനങ്ങളിലും രോഗ ബാധിതരുടെ എണ്ണം ഓരോ ദിവസവും വർധിച്ചുവരികയാണ്.
ന്യൂസ് സൗത്ത് വെയിൽസിൽ രോഗം ബാധിച്ചവരുടെ എണ്ണം ഇപ്പോൾ 500 കവിഞ്ഞു. സിഡ്‌നിയിൽ ബോണ്ടായി ബീച്ചിൽ കഴിഞ്ഞ ദിവസം നിയമം ലംഘിച്ച് നൂറുകണക്കിന് ജനങ്ങൾ എത്തിയിരുന്നു. ഇവിടെ എത്തിയ നിരവധി ബാക്ക്പാക്കേഴ്സിനുൾപ്പെടെ 97 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
രോഗം പടരാതിരിക്കാൻ തുറസ്സായ സ്ഥലങ്ങളിൽ 500 പേരിലധികം ഒത്തുകൂടരുതെന്ന സർക്കാർ നിയമം ലംഘിച്ചത് നിരുത്തവാദിത്തപരമായ നടപടിയായിരുന്നുവെന്ന് NSW പോലീസ് കുറ്റപ്പെടുത്തി.
നിയമം ലംഘിച്ചതോടെ കിഴക്കൻ സിഡ്‌നിയിലെ ബീച്ചുകൾ അടച്ചിട്ടു. ബോണ്ടായി, ബ്രോന്റെ, തമാര എന്നീ ബീച്ചുകളാണ് അടച്ചിട്ടത്. ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഇവ തുറന്നു പ്രവർത്തിക്കില്ലെന്ന് സർക്കാർ അറിയിച്ചു.
രോഗം ബാധിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്
ന്യൂ സൗത്ത് വെയിസിൽ:
ന്യൂ സൗത്ത് വെയിൽസിൽ ഒരു ചൈൽഡ് കെയർ ജീവനക്കാരിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. Smeaton Grange Young Academics ചൈൽഡ് കെയർ സെന്ററിലുള്ള ജീവനക്കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. മാർച്ച് രണ്ട് മുതൽ 16 വരെ ഇവിടെ എത്തിയ കുട്ടികളും ജീവനക്കാരും സെൽഫ്-ഐസൊലേറ്റ് ചെയ്യണമെന്ന് അറിയിച്ചിട്ടുണ്ട്. മാർച്ച് 30 വരെ ഈ ചൈൽഡ് കെയർ സെന്റർ അടച്ചിടാനാണ് തീരുമാനം.
ന്യൂ സൗത്ത് വെയിൽസിൽ രോഗം ബാധിച്ചവരുടെ എണ്ണം 533 ആയി. NSW തീരത്തടുപ്പിച്ച റൂബി പ്രിൻസസ് എന്ന കപ്പലിലെ 18 യാത്രക്കാർക്ക് ഇപ്പോൾ രോഗം സ്ഥിരീകരിച്ചതായി NSW ആരോഗ്യ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച വരെ നാല് പേർക്ക് മാത്രമായിരുന്നു രോഗം ബാധിച്ചിരുന്നത്.
വിക്ടോറിയ:
വിക്ടോറിയയിലും രോഗം ബാധിക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. ശനിയാഴ്ച ഒരു ദിവസം കൊണ്ട് 67 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച് രാത്രി മാത്രം രോഗം ബാധിവരുടെ എണ്ണം 51 ആയിരുന്നു.
42 പുരുഷന്മാർക്കും 25 സ്ത്രീകൾക്കും ആണ് പുതുതായി രോഗം ബാധിച്ചത്. ടീനേജുകാർ മുതൽ 80 വയസ്സുവരെ പ്രായമായവരാണിതിൽ ഉൾപ്പെടുന്നത്.
ഇതോടെ സംസ്ഥാനത്ത് ആകെ 296 പേർക്ക് ഇപ്പോൾ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Source: AAP
ക്വീൻസ്ലാൻറ് :
ഇവിടെയും സമാനമായ സ്ഥിഗതികളാണ് നിലവിലുള്ളത്. 38 പേർക്കാണ് സംസ്ഥാനത്ത് രോഗം പുതുതായി സ്ഥിരീകരിച്ചിരിക്കുന്നത്.
ക്വീൻസ്ലാന്റിൽ കൊറോണവൈറസ് ബാധിച്ചവരുടെ എണ്ണം 259 ആയി. ഇതേതുടർന്ന് പ്രതിരോധ കുത്തിവയ്പ്പിന്റെ വികസനം അതിവേഗത്തിലാക്കാനായി സംസ്ഥാന സർക്കാർ 17 മില്യൺ ഡോളർ പ്രഖ്യാപിച്ചു.
സൗത്ത് ഓസ്ട്രേലിയ:
സൗത്ത് ഓസ്‌ട്രേലിയയിൽ രോഗം അതിവേഗത്തിൽ പടരുന്ന സാഹചര്യത്തിൽ അതിർത്തി അടയ്ക്കാൻ തീരുമാനിച്ചിരിക്കുകയാണ് സംസ്ഥാന സർക്കാർ.
67 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
ചൊവ്വാഴ്ച വൈകിട്ട് നാലു മണി മുതൽ അതിർത്തികൾ അടച്ചിടുമെന്ന പ്രീമിയർ സ്റ്റീവൻ മാർഷലാണ് ഇത് പ്രഖ്യാപിച്ചു.
ടാസ്മേനിയയ്ക്കും നോർത്തേൺ ടെറിട്ടറിക്കും പിന്നാലെയാണ് സൗത്ത് ഓസ്‌ട്രേലിയയും അതിർത്തി അടയ്ക്കാൻ തീരുമാനിച്ചത്.
വെസ്റ്റേൺ ഓസ്ട്രേലിയ :
വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ 30 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ 120 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
ഇതിൽ 15 പേർ വിദേശത്തുനിന്നും എത്തിയവരോ വിദേശത്തുനിന്നും എത്തിയവരുമായി സമ്പർക്കം പുലർത്തിയവരോ ആണെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.
ACT :
ഓസ്‌ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറിയിലും രോഗ ബാധിതരുടെ എണ്ണം കഴിഞ്ഞ 24 മണിക്കൂർ കൊണ്ട് ഇരട്ടിയിലധികമായി. ഒമ്പത് പേർക്ക് മാത്രമായിരുന്നു ടെറിട്ടറിയിൽ രോഗമുണ്ടായിരുന്നത്.
ഇത് 19 പേർക്കായി ഉയർന്നു.
21 വയസ്സിനും 67 വയസ്സിനും ഇടയിൽ പ്രായമായ ഏഴ് പുരുഷന്മാർക്കും മൂന്ന് സ്ത്രീകൾക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
ഇതിൽ രണ്ട് പേർ കാൻബറ ആശുപത്രിയിൽ ചികിത്സയിലാണ്. ബാക്കിയുള്ളവർ വീടുകളിൽ സെൽഫ് ഐസൊലേഷനിലാണ്.
ടാസ്മേനിയ:
ടാസ്മേനിയയിൽ ശനിയാഴ്ച അഞ്ച് പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇപ്പോൾ ആകെ 16 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്.
നോർത്തേൺ ടെറിട്ടറി:
രണ്ട് പേർക്ക് മാത്രമായിരുന്നു നോർത്തേൺ ടെറിട്ടറിയിൽ രോഗം സ്ഥിരീകരിച്ചിരുന്നത്. എന്നാൽ മൂന്ന് പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചതോടെ ഇവിടെ രോഗ ബാധിതരുടെ എണ്ണം അഞ്ചായി.
900 ലധികം ഫോൺ കോളുകളാണ് ഹോട്ട് ലൈൻ നമ്പറിലേക്ക് വരുന്നതെന്നാണ് റിപ്പോർട്ടുകൾ.