ബുധനാഴ്ച രാത്രി ചേർന്ന ദേശീയ ക്യാബിനറ്റ് യോഗത്തിലാണ് ഓസ്ട്രേലിയയിലെ പരിശോധനാ മാനദണ്ഡങ്ങൾ മാറ്റാൻ തീരുമാനിച്ചത്.
പുതിയതായി രണ്ടു വിഭാഗങ്ങളെക്കൂടിയാണ് ഇതിൽ പ്രധാനമായും ഉൾക്കൊള്ളിച്ചിട്ടുള്ളത്.
ഇതുവരെയുള്ള മാനദണ്ഡങ്ങൾ പ്രകാരം, സമീപകാലത്ത് വിദേശയാത്ര നടത്തുകയോ, രോഗബാധ സ്ഥിരീകരിച്ചവരുമായി നേരിൽ സമ്പർക്കം പുലർത്തുകയോ ചെയ്തവർക്ക് രോഗലക്ഷണങ്ങളുണ്ടെങ്കിൽ മാത്രമായിരുന്നു കൊവിഡ്-19 പരിശോധന.
എന്നാൽ ഇനിമുതൽ പനിയും ശ്വാസകോശ പ്രശ്നങ്ങളും തുടങ്ങുന്ന താഴെ പറയുന്ന വിഭാഗങ്ങളിലുള്ളവരെയും കൊറോണ പരിശോധനയ്ക്ക് വിധേയരാക്കും:
- ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർ
- ഏജ്ഡ് കെയറിൽ പ്രവർത്തിക്കുന്നവർ
- നിർദ്ദിഷ്ട ഹോട്ട്സ്പോട്ടുകളിലുള്ളവർ
- രണ്ടു പേർക്കെങ്കിലും രോഗം കണ്ടെത്തിയ ഹൈ-റിസ്ക് മേഖലകളിൽ പ്രവർത്തിക്കുന്നവർ
ഹൈ റിസ്ക് എന്ന ഗണത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത് ഡിറ്റൻഷൻ കേന്ദ്രങ്ങൾ, ഉൾനാടൻ ആദിമവർഗ്ഗ സമൂഹങ്ങൾ, ജയിലുകൾ, ബോർഡിംഗ് സ്കൂളുകൾ, താമസസൗകര്യമുള്ള സൈനിക ആസ്ഥാനങ്ങൾ തുടങ്ങിയവയാണ്.
ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുന്ന രോഗികൾക്ക് വ്യക്തമായ കാരണമില്ലാത്ത പനിയും ശ്വാസകോശ പ്രശ്നങ്ങളുമുണ്ടാവുകയാണെങ്കിൽ, അവരെയും കൊറോണവൈറസ് പരിശോധന നടത്താൻ ഡോക്ടർക്ക് വിവേചനാധികാരമുണ്ടായിരിക്കുമെന്ന് പ്രധാനമന്ത്രി പ്രസ്താവനയിൽ അറിയിച്ചു.
ഈ പട്ടിക വിപുലപ്പെടുത്താൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരമുണ്ടാകും.
If you believe you may have contracted the virus, call your doctor, don’t visit, or contact the national Coronavirus Health Information Hotline on 1800 020 080.
If you are struggling to breathe or experiencing a medical emergency, call 000.