ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ ആദ്യമത്സരം നടക്കുന്ന സിഡ്‌നി ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് പ്രളയത്തില്‍ നിന്നുള്ള കേരളത്തിന്റെ പുനര്‍നിര്‍മ്മാണ സന്ദേശം എത്തുന്നത്.
സ്റ്റേഡിയത്തിനകത്തും പുറത്തും പ്രളയത്തെക്കുറിച്ച് ജനങ്ങളെ അറിയിക്കാനും ധനസമാഹരണ പരിപാടിക്ക് പ്രചാരണം നല്‍കാനും സിഡ്‌നി മലയാളി അസോസിയേഷന് ക്രിക്കറ്റ് ഓസ്‌ട്രേലിയ അനുമതി നല്‍കിയിട്ടുണ്ട്.
ഒന്നാം ഏകദിനത്തിന്റെ അഞ്ഞൂറോളം ടിക്കറ്റുകളാണ് സിഡ്‌നി മലയാളി അസോസിയേഷനിലൂടെ ക്രിക്കറ്റ് ഓസ്‌ട്രേലിയ വിറ്റത്. ഈ ടിക്കറ്റെടുത്തവര്‍ക്കെല്ലാം ഒരുമിച്ചിരുന്ന കളി കാണാനായി ഗ്യാലറിയിലെ രണ്ട് മേഖലകളും ക്രിക്കറ്റ് ഓസ്‌ട്രേലിയ നീക്കിവച്ചിട്ടുണ്ട്.
ചെണ്ടമേളവും നൃത്തച്ചുവടുകളും ഉള്‍പ്പെടെ വിവിധ പരിപാടികളുമായി ഗ്യാലറിയിലെത്താനാണ് മലയാളികള്‍ തയ്യാറെടുക്കുന്നത്.
ഇതാദ്യമായാണ് ഒരു ധനസമാഹരണ പരിപാടിയുടെ പ്രചാരണത്തിനു വേണ്ടി ഇത്രയും ടിക്കറ്റുകള്‍ ഒരുമിച്ച് കൊടുക്കുകയും, ഗ്യാലറിയില്‍ പ്രത്യേക മേഖല നീക്കിവയ്ക്കുകയും ചെയ്യുന്നതെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചു.
കേരളത്തിലെ പ്രളയത്തിന്റെ അവസ്ഥ മനസിലായതുകൊണ്ടാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍ ലൂയിസ് ജെഫ്‌സ് എസ് ബി എസ് മലയാളത്തോട് പറഞ്ഞു.
മക്ഗ്രാ ഫൗണ്ടേഷന്‍ പോലുള്ള ചാരിറ്റി പങ്കാളികളുണ്ടെങ്കിലും, കുടിയേറ്റ വിഭാഗങ്ങള്‍ക്കും മറ്റു കമ്മ്യൂണിറ്റി സംഘടനകള്‍ക്കും ഇത്തരം പങ്കാളിത്തം നല്‍കുന്ന പതിവില്ല.
എല്ലാവരെയും ഉള്‍ക്കൊള്ളിക്കുന്നതാണ് കായികരംഗമെന്നും, ആ സന്ദേശം നല്‍കുന്നതിനു വേണ്ടിയാണ് സിഡ്‌നി മലയാളി അസോസിയേഷന് ഈ അവസരം നല്‍കുന്നതെന്നും ലൂയിസ് ജെഫ്‌സ് പറഞ്ഞു.
ധനസമാഹരണം ലക്ഷ്യമിട്ട് ഏപ്രിലില്‍ നടക്കുന്ന റൈസ് ആന്റ് റീസ്‌റ്റോര്‍ എന്ന കാര്‍ണിവലിന്റെ പ്രചാരണം നടത്തുന്നതിനായിരിക്കും സിഡ്‌നി മലയാളി അസോസിയേഷന് ഈ വേദി ഉപയോഗിക്കുക.