ന്യൂകാസിൽ മുതൽ മൗറിയ ഹെഡ്‌സ് വരെയുള്ള ന്യൂ സൗത്ത് വെയിൽസ് തീരത്ത് കനത്ത മഴയും കാറ്റും തുടരുമെന്നാണ് ഓസ്ട്രേലിയൻ കാലാവസ്ഥാ കേന്ദ്രത്തിൻറെ മുന്നറിയിപ്പ്. NSW തീരത്ത് ബുധനാഴ്ച ഉച്ചയോടെ ആരംഭിച്ച മഴ രാത്രിയിലും തുടരുമെന്നും മുന്നറിയിപ്പിൽ പറയുന്നു. പലയിടങ്ങളിലും ജലനിരപ്പുയരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
സിഡ്നി
ചൊവ്വാഴ്ച രാത്രിയാരംഭിച്ച കനത്ത മഴയെ തുടർന്ന് തെക്ക്-പടിഞ്ഞാറൻ സിഡ്നി നിവാസികൾക്ക് വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വെസ്റ്റേൺ സിഡ്നിയുടെ ചില ഭാഗങ്ങളിൽ നിന്ന് ആളുകളോട് ഒഴിഞ്ഞു പോകാനും നിർദ്ദേശിച്ചിട്ടുണ്ട്.
സിഡ്നിയുടെ തെക്ക്-പടിഞ്ഞാറൻ ഭാഗങ്ങൾ, ചിപ്പിംഗ് നോർട്ടൻ, മിൽപെറ, ലിവർപൂൾ പ്രദേശങ്ങൾ ഒറ്റപ്പെടാൻ സാധ്യതയുണ്ടെന്ന് സംസ്ഥാന അടിയന്തര സേവന വിഭാഗം അറിയിച്ചു. ജോർജ്ജസ് നദിയിലുയരുന്ന ജലനിരപ്പ് പ്രദേശത്ത് ഭീഷണി ഉണ്ടാക്കുമെന്നാണ് മുന്നറിയിപ്പ്.
പ്രദേശത്ത് വൈദ്യുതി, വെള്ളം, മറ്റ് അവശ്യ സേവനങ്ങൾ എന്നിവ മുടങ്ങാൻ സാധ്യതയുണ്ടെന്നും, രക്ഷാ പ്രവർത്തനങ്ങൾ ദുഷ്കരമാകുമെന്നും മുന്നറിയിപ്പിൽ പറയുന്നു.
പ്രളയ ഭീഷണി മുൻ നിർത്തി ഒഴിഞ്ഞു പോകാൻ ആവശ്യപ്പെട്ടാൽ ജനങ്ങൾ ദയവായി ഒഴിഞ്ഞു പോകണമെന്ന് NSW ഡെപ്യൂട്ടി പ്രീമിയർ പോൾ ടൂൾ പറഞ്ഞു. പ്രളയ ഭീഷണിയുള്ളിടത്ത് താമസിക്കുന്നതിനെക്കുറിച്ച് ചിന്തിക്കരുതെന്നും, ജീവൻ അപകടത്തിലാക്കരുതെന്നും ഡെപ്യൂട്ടി പ്രീമിയർ കൂട്ടിച്ചേർത്തു.
സിഡ്‌നിയിലെ പ്രധാന ജലസ്രോതസ്സായ വാരഗംബ അണക്കെട്ട് കരകവിഞ്ഞൊഴുകുന്നതിനെ തുടർന്ന് ഹോക്‌സ്‌ബറി, നേപ്പിയൻ നദികൾക്ക് സമീപത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
നോർത്ത് റിച്ച്മണ്ട് പ്രദേശത്ത് രൂക്ഷമായ വെള്ളപ്പൊക്ക സാധ്യതയും, വിൻസർ പ്രദേശത്ത് ചെറിയ തോതിലുളള വെള്ളപ്പൊക്കത്തിനും SES മുന്നറിയിപ്പ് നൽകി.
വടക്കൻ NSW
ലിസ്മോർ ഉൾപ്പെടുന്ന വടക്കൻ പ്രദേശത്ത് മഴക്ക് ശമനമുണ്ടെങ്കിലും വെള്ളപ്പൊക്ക ഭീഷണി തുടരുകയാണ്. മേഖലയിലുണ്ടായ വെള്ളപ്പൊക്കത്തിൽ ഇതുവരെ നാല് മരണങ്ങൾ സ്ഥിരീകരിച്ചു.
ബല്ലിന ഐലൻഡ് നിവാസികളോട് പ്രദേശത്ത് നിന്ന് ഒഴിഞ്ഞു പോകാൻ നിർദ്ദേശിച്ചിട്ടുണ്ട്. പ്രദേശത്ത് ജലനിരപ്പ് ഉയർന്നതിനാൽ ചൊവ്വാഴ്‌ച രാത്രിയോടെ ബല്ലിന ആശുപത്രി ഒഴിപ്പിച്ചു. ലോക്കൽ പോലീസ് കമാൻഡറുടെ നിർദ്ദേശപ്രകാരം മുൻകരുതൽ നടപടിയെന്ന നിലയിലാണ് ആശുപത്രി ഒഴിപ്പിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
വടക്കൻ ന്യൂ സൗത്ത് വെയിൽസിലെ പലയിടത്തും വൈദ്യുതി തടസ്സം തുടരുകയാണ്. വൈദ്യുതി ബന്ധം പുന:സ്ഥാപിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.
തെക്കു കിഴക്കൻ ക്വീൻസ്ലാൻറ്
ഒരാഴ്ചയായി തുടർന്ന കനത്ത മഴക്കും വെള്ളപ്പൊക്കത്തിനും താൽക്കാലിക ശമനമായതോടെ പലയിടങ്ങളിലും ജനങ്ങൾ തിരിച്ചെത്തി തുടങ്ങി. പ്രദേശത്ത് കനത്ത നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ.
അതേസമയം മേഖലയിൽ ഇനിയും കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലവസ്ഥ കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ച വരെ പ്രദേശത്ത് കനത്ത മഴക്കും, ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രത്തിൻറ മുന്നറിയിപ്പിൽ പറയുന്നു.
വെള്ളപ്പൊക്ക ഭീഷണിയെ തുടർന്ന് ബ്രിസ്ബേനിൻറെ തെക്കുള്ള ലോഗൻ പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം തുടരുകയാണ്.