വിമാന ജീവനക്കാർ ഐസോലേഷനിലായതിനെ തുടർന്ന് മെൽബൺ, സിഡ്നി വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന നിരവധി ആഭ്യന്തര സർവ്വീസുകൾ റദ്ദ് ചെയ്തു. സിഡ്നിയിൽ മാത്രം വിവിധ എയർലൈനുകളിലായി കുറഞ്ഞത് 80 ആഭ്യന്തര വിമാനങ്ങൾ റദ്ദാക്കിയതായി സിഡ്‌നി എയർപോർട്ട് വക്താവ് അറിയിച്ചു.
മുൻനിര ജീവനക്കാരിൽ പലരും ഐസോലേഷനിലാണെന്നും ഇത് ചില വിമാന സർവീസുകളെ തടസ്സപ്പെടുത്തിയിട്ടുണ്ടെന്നും ക്വാണ്ടാസും ജെറ്റ്‌സ്റ്റാറും സ്ഥിരീകരിച്ചു.
ക്രിസ്ത്മസ് തലേന്ന് അപ്രതീക്ഷിതമായുണ്ടായ യാത്രാ പ്രതിസന്ധി നൂറുകണക്കിനാളുകളെ ബാധിച്ചു. പകരം സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്നും യാത്രക്കാരെ മറ്റു വിമാനങ്ങളിൽ ഉൾക്കൊള്ളിക്കാൻ ശ്രമിക്കുകയാണെന്നും വിവിധ എയർലൈനുകൾ അറിയിച്ചു.
തിരക്ക് വർദ്ദിച്ചതിനെ തുടർന്ന് മെൽബൺ വിമാനത്താവളത്തിലെ പണമടച്ചുള്ള അതിവേഗ കോവിഡ് പിസിആർ പരിശോധനാ സൗകര്യം അന്താരാഷ്ട്ര യാത്രക്കാർക്ക് മാത്രമായി പരിമിതപ്പെടുത്തി. പരിശോധനക്കെത്തുന്നവർ വിമാനം പുറപ്പെടുന്നതിന് 4 മണിക്കൂർ മുമ്പെങ്കിലും എത്തിച്ചേരണമെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
കെയർ പ്ലാൻ തയ്യാറാക്കണമെന്ന് ക്വീൻസ്‌ലാൻറ്
കൊവിഡ് അതിജീവനത്തിനായി ജനങ്ങൾ കെയർ പ്ലാൻ തയ്യാറാക്കണമെന്ന് ക്വീൻസ്‌ലാൻറ് ആവശ്യപ്പെട്ടു. കൊവിഡ് അതിജീവനത്തിനായി എങ്ങനെ തയ്യാറെടുക്കണമെന്നത് സംബന്ധിച്ച പുതിയ 'കൊവിഡ് കെയർ പാത്ത്‌വേയും' ക്വീൻസ്‌ലാൻറ് പ്രഖ്യാപിച്ചിട്ടുണ്ട്.
തെർമോമീറ്റർ, വേദനസംഹാരി എന്നിവ അടങ്ങുന്ന "കോവിഡ് റെഡി കിറ്റ്" തയ്യാറാക്കണം. മാതാപിതാക്കൾക്ക് അസുഖം വന്നാൽ കുട്ടികളെ ആരാണ് പരിപാലിക്കേണ്ടത് എന്നതിനെക്കുറിച്ചുള്ള പ്ലാൻ വേണമെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു.
ക്വീൻസ്‌ലാൻറിൽ വെള്ളിയാഴ്ച 589 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഓസ്ട്രേലിയയിലുടനീളം വൈറസ് അതിവേഗം പടരുന്നുവെന്നാണ് കൊവിഡ് കണക്കുകൾ സൂചിപ്പിക്കുന്നത്. ന്യൂ സൗത്ത് വെയിൽസിലെ കൊവിഡ് കേസുകളിൽ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തിയെങ്കിലും പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം അയ്യായിരത്തിന് മുകളിൽ തന്നെ തുടരുകയാണ്.
NSWൽ ഇന്ന് 5,612 പുതിയ കൊവിഡ് കേസുകളും ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്നലെ 5,715 കൊവിഡ് കേസുകളായിരുന്നു രേഖപ്പെടുത്തിയത്.
അതേസമയം കൊവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ എണ്ണം 382 ആയി ഉയർന്നുവെന്ന് NSW ആരോഗ്യ വകുപ്പ് അറിയിച്ചു. വ്യാഴാഴ്‌ച ഇത് 347 ആയിരുന്നു. ആശുപത്രിയിൽ കഴിയുന്നവരിൽ 53 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്.
ന്യൂ സൗത്ത് വെയിൽസിൽ റാപ്പിഡ് ആന്റിജൻ ടെസ്റ്റിംഗ് കിറ്റുകൾ സൗജന്യമായി വിതരണം ചെയ്യുമെന്ന് പ്രീമിയർ ഡൊമിനിക് പെറോറ്റെ പറഞ്ഞു. കുതിച്ചുയരുന്ന കൊവിഡ് കേസുകൾ പരിശോധനാ സംവിധാനങ്ങൾക്കുണ്ടാക്കുന്ന സമ്മർദ്ദം കുറക്കുന്നതിനാണ് സർക്കാർ നടപടി.
സംസ്ഥാത്തെ ആരോഗ്യപ്രവർത്തകരിൽ 1,500ളം പേർ സെൽഫ് ഐസോലേഷനിൽ കഴിയുന്നത് ആരോഗ്യ സംവിധാനത്തെ ബാധിക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
വിക്ടോറിയയിൽ കൊവിഡ് ബാധിച്ച് 8 പേർ മരിച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. വെള്ളിയാഴ്‌ച വിക്ടോറിയയിൽ 2,095 പുതിയ കൊവിഡ് കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വെസ്റ്റേൺ ഓസ്ട്രേലിയയിൽ 5 പുതിയ കൊവിഡ് കേസുകൾ കൂടി രേഖപ്പെടുത്തി.
ടാസ്മേനിയയും, ACTയും ഇതുവരെയുള്ള പ്രതിദിന കൊവിഡ് കേസുകളിൽ റെക്കോർഡ് രേഖപ്പെടുത്തി. ടാസ്മേനിയയിൽ 27ഉം, ACTയിൽ 102 ഉം കേസുകളാണ് വെള്ളിയാഴ്‌ച റിപ്പോർട്ട് ചെയ്തിരിക്കുന്നത്.