കാൻബറയിലെ പാർലമെന്റ് മന്ദിരത്തിനു ചുറ്റും കഴിഞ്ഞ കുറച്ചുനാളുകളായി തേനീച്ചകൾ കൂട്ടത്തോടെ ചത്തുവീഴുകയാണ്. ഇവിടെ സ്ഥാപിച്ചിട്ടുള്ള തേനീച്ചക്കൂടുകളിലെ ഈച്ചകളാണ് ചത്തുവീഴുന്നത്.
ചെടികളിലെയും പൂക്കളിലെയും കീടനാശിനിയാകം ഇതിന് കാരണം എന്നായിരുന്നു ആദ്യ വിലയിരുത്തൽ.
എന്നാൽ മറ്റൊരു വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പാർലമെന്റിലെ തേനീച്ച സൂക്ഷിപ്പുകാരൻ കോർമാക് ഫാരൽ.
മദ്യപിച്ച് ലക്കുകെട്ടാണത്രേ തേനീച്ചകൾ ഭരണസിരാകേന്ദ്രത്തിനു ചുറ്റും വീഴുന്നത്.
ജനപ്രതിനിധികളുടെ പോക്കിൽ നിരാശ പൂണ്ട് എവിടെയോ പോയി മദ്യപിച്ചെത്തിയതാണ് ഈ തേനീച്ചകൾ എന്നു കരുതേണ്ട. പൂക്കളിലെ പൂന്തേൻ തന്നെയാണ് വില്ലൻ.
അന്തരീക്ഷത്തിലെ ചൂട് കൂടുന്നതോടെ ചില തരം പൂക്കളിലെ പൂന്തേന് ഫെർമെന്റേഷൻ സംഭവിക്കുന്നു. അതായത്, പഴച്ചാറ് ഫെർമെന്റേഷനിനലൂടെ മദ്യമായി മാറുന്നതുപോലെ, പൂക്കളുടെ തേനിലും ആൾക്കഹോൾ അംശം ഉണ്ടാകുന്നു.
ഇത്തരം പൂന്തേൻ കഴിച്ച് കൂട്ടിലേക്കെത്തുന്ന ഈച്ചകളെ, കൂട്ടിലെ കാവൽ ഈച്ചകൾ അങ്ങോട്ട് അടുപ്പിക്കില്ല. ശേഖരിച്ചു വച്ചിരിക്കുന്ന തേനിലും ഇവർ ലഹരി കലർത്തും എന്ന ആശങ്കയിലാണ് ഇത്.
സാധാരണഗതിയിൽ മദ്യലഹരിയിൽ ചിറകുറയ്ക്കാതെ ഇവ പറന്നു നടക്കുകയാണ് പതിവ്. പക്ഷേ, തേൻ കുടിക്കുന്നത് കൂടിപ്പോകുന്നതോടെയാണ് ചില ഈച്ചകൾ ചത്തു വീഴുന്നത്.
2017ലാണ് പാർലമെന്റിന് സമീപത്ത് മൂന്നു തേനീച്ചക്കൂടുകൾ സ്ഥാപിക്കുന്നത്. തേനീച്ചകളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്.