ഓസ്‌ട്രേലിയൻ പെർമനന്റ് റെസിഡൻസിക്ക് അപേക്ഷിക്കുന്നവർക്ക് ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം തെളിയിക്കാനുള്ള പരീക്ഷകൾ ഒഴിവാക്കാനായി അനുവദിക്കുന്ന (English language test waiver) നിലവിലുണ്ടായിരുന്ന സാധ്യത ഇതോടെ ഇല്ലാതായിരിക്കുകയാണ്.
186 TRT വിസയിലായിരുന്നു മുൻ വിദ്യാഭ്യാസ യോഗ്യതകൾ കണക്കിലെടുത്ത് ഇംഗ്ളീഷ് ഭാഷാ പരീക്ഷ ഒഴിവാക്കാൻ കഴിയുമായിരുന്നത്.
സബ്ക്ലാസ്സ് 186 വിസയിൽ രണ്ട് സ്ട്രീമുകളാണ് ഉള്ളത്. ഒന്ന് ടെംപററി റെസിഡൻസ് ട്രാന്സിഷൻ സ്ട്രീം (TRT) മറ്റൊന്ന് ഡയറക്റ്റ് എൻട്രി (DE) സ്ട്രീം. TRT സ്ട്രീമിലൂടെ പെര്മനെന്റ് റെസിഡൻസിക്ക് അപേക്ഷിക്കണമെങ്കിൽ സബ്ക്ലാസ്സ് 457 വിസയിലുള്ളവർക്കും, 482 വിസയിലുള്ളവർക്കും കഴിയും.
സെക്കന്ററിയിലോ ഹയർ എഡ്യൂക്കേഷൻ രംഗത്തോ അഞ്ചുവർഷത്തെ ഫുൾ ടൈം പഠനം പൂർണമായും ഇംഗ്ളീഷ് ഭാഷയിൽ സ്വീകരിച്ചവർക്ക് ആണ് ഇതിനുള്ള സാധ്യത ഉണ്ടായിരുന്നത്.
സബ്ക്ലാസ്സ് 186 ടെംപററി റെസിഡൻസി ട്രാന്സിഷൻ (TRT) സ്ട്രീം വിസയിൽ അപേക്ഷകൾ സമർപ്പിക്കുമ്പോൾ ഇനി ഇംഗ്ളീഷ് ഭാഷാ പരീക്ഷ മാത്രമായിരിക്കും ഭാഷാ പരിജ്ഞാനം തെളിയിക്കാനുള്ള മാർഗമെന്ന് മെൽബണിൽ ഓസ്റ്റ് മൈഗ്രേഷൻ ആൻറ് സെറ്റിൽമെൻറ് സർവീസസിലെ എഡ്വേർഡ് ഫ്രാൻസിസ് പറഞ്ഞു.
2019 നവംബർ 16 മുതലാണ് ഈ നിയമമാറ്റം നിലവിൽ വന്നത്.
പെർമനന്റ് റെസിഡന്സിക്ക് അപേക്ഷിക്കുമ്പോൾ ഇംഗ്ളീഷ്ഭാഷാ പരീക്ഷകളിൽ 'കോംപീറ്റന്റ് ഇംഗ്ളീഷിന്' തുല്യമായ സ്കോർ അപേക്ഷകർക്ക് ആവശ്യമായി വരും എന്നദ്ദേഹം പറഞ്ഞു.
മാറ്റങ്ങൾ ആരെ ബാധിക്കാം
പഴയ 457 വിസയിലുള്ളവർക്കും 186 TRT സ്ട്രീമിലൂടെ പെർമനന്റ് റെസിഡൻസിക്ക് അപേക്ഷിക്കുമ്പോൾ ഇംഗ്ളീഷ് ഭാഷാ പരിജ്ഞാനം തെളിയിക്കാൻ പരീക്ഷ ഒഴിവാക്കാൻ കഴിയുകയില്ല.
482 വിസയിലുള്ളവർക്കും പെർമനന്റ് റെസിഡൻസിക്കായി അപേക്ഷിക്കുമ്പോൾ പുതിയ നിയമം ബാധകമാകും.
അതായത് 186 TRT സ്ട്രീമിലൂടെ ഇംഗ്ളീഷ് ഭാഷാ പരിജ്ഞാനം തെളിയിക്കാനുള്ള പരീക്ഷ ഒഴിവാക്കാനുള്ള സാധ്യത പൂർണമായും ഇല്ലാതായിരിക്കുകയാണ്.
അതേസമയം അമേരിക്ക, കാനഡ, ന്യൂസീലാൻറ്, അയർലൻഡ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള പാസ്പോർട്ട് ഉള്ളവർക്ക് ഇംഗ്ളീഷ് ഭാഷാ പരിജ്ഞാനം തെളിയിക്കാനുള്ള പരീക്ഷയുടെ ആവശ്യമില്ല.