അക്കൗണ്ടിംഗ് സ്ഥാപനമായ ഏണസ്റ്റ് ആൻറ് യങ്ങിൻറ സിഡ്നി ഓഫീസ് പരിസരത്താണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതി ജോലി ചെയ്തിരുന്ന കെട്ടിടത്തിൻറെ താഴെയാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച അർദ്ധരാത്രിയായിരുന്നു സംഭവം.
പാലക്കാട് സ്വദേശിയായ യുവതിയാണ് മരിച്ചതെന്ന് എസ്ബിഎസ് മലയാളം സ്ഥിരീകരിച്ചു. യുവതിയുടെ പേര് വിവരങ്ങൾ സ്ഥിരീകരിക്കുന്നതിനായി ന്യൂ സൗത്ത് വെയിൽസ് പോലീസിനെ എസ്ബിഎസ് മലയാളം ബന്ധപ്പെട്ടെങ്കിലും കൂടുതൽ വിവരങ്ങൾ ഈ ഘട്ടത്തിൽ വെളിപ്പെടുത്താനാകില്ലെന്ന് പോലീസ് അറിയിച്ചു.
സംഭവത്തിന് മണിക്കൂറുകൾക്ക് മുൻപ് യുവതി സഹപ്രവർത്തകർക്കൊപ്പം പാർട്ടിയിൽ പങ്കെടുത്തിരുന്നു. പിന്നീട് യുവതി തിരികെ ഓഫീസിലെത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. രാത്രി 12.20ഓടെ (27 ഓഗസ്റ്റ്) സ്ഥലത്തെത്തിയ അത്യാഹിത സേവന വിഭാഗവും, പോലീസുമാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവസമയത്ത് യുവതിയുടെ ഭർത്താവ് സ്ഥലത്തില്ലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ജോലി സമ്മർദ്ദം മൂലമുള്ള പ്രശ്നങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്ന റിപ്പോർട്ടുകളെ കുറിച്ച് അറിയുന്നതിനായി എസ്ബിഎസ് മലയാളം ഏണസ്റ്റ് ആൻറ് യങ്ങിനെ കമ്പനിയെ ബന്ധപ്പെട്ടിരുന്നു. എന്നാൽ സ്വകാര്യതയും, പോലീസ് അന്വേഷണവും കണക്കിലെടുത്ത് വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്ന് കമ്പനി അറിയിച്ചു.
സംഭവത്തിൽ സംശയാസ്പദമായി ഒന്നുമില്ലെന്നാണ് പോലിസ് അറിയിച്ചിരിക്കുന്നതെന്ന് ഏണസ്റ്റ് ആൻറ് യങ്ങ് ഓഷ്യിയാനിയ സിഇഒ ഡേവിഡ് ലറോക എസ്ബിഎസ് മലയാളത്തോട് പറഞ്ഞു.
വെള്ളിയാഴ്ച രാത്രി 7.30ടെ പുറത്ത് പോയ യുവതി അർദ്ധരാത്രിയാണ് കമ്പനിയിൽ തിരിച്ചെത്തിയതെന്നും കമ്പനി അറിയിച്ചു. പോലീസ് അന്വേഷണത്തോട് EY സഹകരിക്കുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി.
അതേസമയം, യുവതിയുടെ മരണത്തെ പറ്റിയുള്ള അന്വേഷണം പുരോഗമിക്കുന്നതേയുള്ളു എന്നാണ് NSW പോലീസ് എസ്ബിഎസ് മലയാളത്തെ അറിയിച്ചത്. അന്വേഷണ റിപ്പോർട്ട് കൊറോണർക്ക് സമർപ്പിക്കുമെന്നും പോലീസ് വ്യക്തമാക്കി.