എല്ലാ ദിവസവുമുള്ള പത്രസമ്മേളനം ഞായറാഴ്ച അവസാനിക്കുമെന്ന് പ്രീമിയർ ഗ്ലാഡിസ് ബെറജക്ലിയൻ പറഞ്ഞു.
പത്രസമ്മേളനത്തിന് പകരം തിങ്കളാഴ്ച രാവിലെ 11 മണിക്ക് ന്യൂ സൗത്ത് വെയിൽസ് ആരോഗ്യ വകുപ്പ് പ്രതിദിന വിവരങ്ങൾ അടങ്ങിയ അപ്ഡേറ്റ് ഓൺലൈൻ വീഡിയോയിലൂടെ നൽകുമെന്ന് പ്രീമിയർ വ്യക്തമാക്കി.
സമൂഹത്തിന് പ്രസക്തമായ മറ്റ് വിവരങ്ങൾ നൽകുന്നതിനായി ഓരോ സാഹചര്യമനുസരിച്ച് മാത്രം പ്രീമിയർ അല്ലെങ്കിൽ ആരോഗ്യ മന്ത്രി വിവരങ്ങൾ നൽകുമെന്നും പ്രീമിയർ ബെറജക്ലിയൻ പറഞ്ഞു.
ദിവസേനയുള്ള വാർത്താസമ്മേളനം ഒഴിവാക്കുന്നത് പൊതുജനങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമമല്ലെന്ന് പ്രീമിയർ ഇന്നത്തെ (വെള്ളിയാഴ്ച) പത്രസമ്മേളനത്തിൽ മാധ്യമപ്രവർത്തകർക്ക് മറുപടി നൽകി.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ന്യൂ സൗത്ത് വെയിൽസ് സുതാര്യമായ വിവരങ്ങൾ നൽകുന്നതിൽ മുന്നിലാണെന്നും പ്രീമിയർ കൂട്ടിച്ചേർത്തു.
NSWൽ 1,542 പുതിയ പ്രാദേശിക കൊവിഡ് കേസുകളും ഒൻപത് മരണങ്ങളുമാണ് സ്ഥിരീകരിച്ചത്.
പുതുതായി റിപ്പോർട്ട് ചെയ്തിരിക്കുന്ന മരണങ്ങളിൽ 30 നു മേൽ പ്രായമുള്ള ഒരാൾ ഉൾപ്പെടുന്നു. 40 വയസിനും 50 വയസിനും മേൽ പ്രായമുള്ള രണ്ട് സ്ത്രീകളും മരിച്ചവരിൽ ഉൾപ്പെടുന്നു. മരിച്ച മറ്റുള്ളവർ 60 വയസിനും 80 വയസിനും മേൽ പ്രായമുള്ളവരാണ്.
ഇപ്പോൾ കാണുന്ന പ്രതിദിന രോഗബാധാ നിരക്ക് ഈ ആഴ്ച ആദ്യം പുറത്തിറക്കിയ മോഡലിംഗിന് അനുസൃതമാണെന്ന് പ്രീമിയർ ചൂണ്ടിക്കാട്ടി.
ഈ മോഡലിംഗ് പ്രകാരം അടുത്തയാഴ്ച ഏറ്റവും അധികം കേസുകൾ റിപ്പോർട്ട് ചെയ്യുമെന്നാണ് കണക്കുകൂട്ടലെന്നും പ്രീമിയർ ആവർത്തിച്ച് വ്യക്തമാക്കി.
സംസ്ഥാനത്തെ വാക്‌സിൻ സ്വീകരിക്കാൻ അർഹതയുള്ള ജനസംഖ്യയുടെ 70 ശതമാനം പേർ വാക്‌സിൻ സ്വീകരിച്ചു കഴിയുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങളിൽ ഇളവ് നടപ്പിലാക്കുമെന്ന് പ്രീമിയർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ മാർഗരേഖ ന്യൂ സൗത്ത് വെയിൽസ് സർക്കാർ ഇന്നലെയാണ് (വ്യാഴാഴ്ച) പുറത്തുവിട്ടത്.
രണ്ട് ഡോസ് വാക്‌സിനും സ്വീകരിക്കുന്നവർക്കായിരിക്കും ഇളവുകൾ ബാധകം.
NSWൽ പ്രായപൂർത്തിയായവരിൽ 76.4 ശതമാനം പേർക്കും ഒരു ഡോസ് വാക്സിൻ ലഭിച്ചു കഴിഞ്ഞതായും 43.6 ശതമാനം പേർക്ക് രണ്ട് ഡോസ് വാക്സിനേഷൻ നൽകി കഴിഞ്ഞതായും പ്രീമിയർ വ്യക്തമാക്കി.
വിക്ടോറിയ
വിക്ടോറിയയിൽ 334 പ്രാദേശിക കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. പുതുതായി ഒരു കൊവിഡ് മരണവും രേഖപ്പെടുത്തി.
നിലവിലെ കൊവിഡ് വ്യാപനത്തിൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്ന ഏറ്റവും ഉയർന്ന പ്രതിദിന രോഗബാധാ നിരക്കാണിത്.
വിക്ടോറിയയുടെ ഭൂരിഭാഗം ഉൾനാടൻ മേഖലയിലും ഇളവുകൾ നടപ്പിലാക്കിയിട്ടുണ്ട്.
പുതിയ കൊവിഡ് കേസുകളിൽ 149 എണ്ണം നിലവിലുള്ള കേസുകളുമായി ബന്ധമുള്ളതായി അധികൃതർ സ്ഥിരീകരിച്ചു. 185 രോഗബാധയുടെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ പറഞ്ഞു.