ഓസ്ട്രേലിയയിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി കത്തിപ്പടരുന്ന കാട്ടുതീയുടെ വാർത്തകളും ചിത്രങ്ങളും ലോകത്തെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
അഗ്നിക്കിരയായ ജീവജാലങ്ങളുടെയും കത്തിക്കരിഞ്ഞ വൃക്ഷങ്ങളുടെയും മറ്റും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്നുണ്ട്.
കാട്ടുതീ ബാധിച്ചവർക്ക് സഹായം എത്തിക്കാൻ നിരവധി വ്യക്തികളും സംഘടനകളും ധനസമാഹരണം നടത്തുമ്പോൾ ആളുകളെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയെടുക്കാൻ തട്ടിപ്പുകാരും രംഗത്തുണ്ട്. ഇതിനെതിരെ കരുതലുകൾ എടുക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.
ഇതിനിടെയാണ് ഭീതി പടർത്തുന്ന നിരവധി വ്യാജ വാർത്തകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.
രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും അഗ്നിക്കിരയാവുന്നു എന്ന് പ്രചരിപ്പിച്ചുകൊണ്ട് ഓസ്‌ട്രേലിയൻ ഭൂപടത്തിൽ തന്നെ പലവിധത്തിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ടാണ് വ്യാജ ചിത്രങ്ങൾ പ്രചരിക്കുന്നത്.
കാട്ടുതീയിൽ എരിയുന്ന ഓസ്ട്രേലിയയുടെ നാസ പുറത്തുവിട്ട 3D ചിത്രമെന്ന തലക്കെട്ടോടെ പ്രചരിക്കുന്ന ഓസ്ട്രേലിയൻ ഭൂപടമാണ് ഇതിൽ ഒന്ന്. ചിത്രം വ്യാജമാണെന്ന് മനസ്സിലാക്കാതെ സെലിബ്രിറ്റികളടക്കം നിരവധി പേര് ഈ ചിത്രം ഫേസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും ഷെയർ ചെയ്തു.
വെസ്റ്റേൺ ഓസ്‌ട്രേലിയയുടെ ഭൂരിഭാഗം പ്രദേശത്തും കാട്ടുതീ പടരുന്നു എന്ന് സന്ദേശം നൽകുന്ന വ്യാജ ചിത്രമാണ് മറ്റൊന്ന്.
കൂടാതെ, രണ്ട് ചിത്രങ്ങൾ സംയോജിപ്പിച്ച് ഫോട്ടോഷോപ്പ് ചെയ്ത ചിത്രങ്ങളും സമൂഹമാധ്യമത്തിൽ വൈറലാവുകയാണ്.
എരിയുന്ന തീയുടെ മുന്നിൽ ജീവനുള്ള ഒരു കൊവാലയെ കയ്യിൽ പിടിച്ച് നിൽക്കുന്ന പെൺകുട്ടിയുടെ ചിത്രമാണ് ഇത്തരത്തിൽ പ്രചരിക്കുന്ന ഒരു ചിത്രം.
നിലവിലെ കാട്ടുതീയുടേതല്ലാത്ത ചിത്രങ്ങളും പ്രചാരത്തിലുണ്ട്. ഇതിൽ ഒന്നാണ് 2013 ജനുവരിയിൽ ടാസ്മേനിയയിലെ ഒരു പട്ടണത്തിലുണ്ടായ കാട്ടുതീയിൽ വീടുനഷ്ടമായ കുടുംബത്തിന്റെ ചിത്രം.
ഇത്തരത്തിൽ നിരവധി വ്യാജ ചിത്രങ്ങളാണ് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ സമൂഹമാധ്യമത്തിലൂടെ പ്രചരിക്കുന്നത്.
വ്യാജ ചിത്രങ്ങൾക്ക് പുറമെ വൈറൽ ആകുന്ന വ്യാജ വാർത്തകളും നിരവധിയാണ്. ഓസ്ട്രേലിയയിലെ കാട്ടുതീ മനുഷ്യനിർമ്മിതമാണെന്നും കാലാവസ്‌ഥാ വ്യതിയാനമല്ലെന്നുമുള്ള വിധത്തിലുള്ള പോസ്റ്റുകളും സമൂഹമാധ്യമങ്ങളിൽ സജ്ജീവമാണ്.
ഇത്തരം ചിത്രങ്ങളും വാർത്തകളും പ്രചരിച്ചതോടെ ഇവ വ്യാജമാണെന്ന് പറഞ്ഞുകൊണ്ട് രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ നിരവധി പേർ സമൂഹമാധ്യമത്തിലൂടെ പ്രതികരിക്കുകയും ചെയ്തു.

Source: Twitter