തമിഴ് കുടുംബത്തിന്റെ നാടുകടത്തല്‍: ഫെഡറൽ സർക്കാരിന്റെ അപ്പീൽ കോടതി തള്ളി

നാടുകടത്തല്‍ നടപടി നേരിടുന്ന ശ്രീലങ്കന്‍ തമിഴ് കുടുംബത്തിന്റെ കേസിൽ ഓസ്‌ട്രേലിയൻ സർക്കാർ നൽകിയ അപ്പീൽ ഫെഡറൽ കോടതി തള്ളി. ഇവരുടെ ഇളയ മകൾ തരുണിക്കയുടെ വിസയുടെ കാര്യത്തിൽ സർക്കാർ ശരിയായ നടപടിയല്ല സ്വീകരിച്ചതെന്ന കോടതി ഉത്തരവിനെതിരെ ഫെഡറൽ സർക്കാർ നൽകിയ അപ്പീലാണ് കോടതി തള്ളിയത്.

From left: Nades Murugappan, Kopika, Priya,and Tharnicaa.

From left: Nades Murugappan, Kopika, Priya,and Tharnicaa. Source: Supplied

ഓസ്‌ട്രേലിയയിൽ നിന്ന് ശ്രീലങ്കയിലേക്ക് നാടുകടത്തൽ ഭീഷണി നേരിടുന്ന പ്രിയ, നടേശലിംഗം, മക്കളായ കോപിക (4), തരുണിക്ക (2) എന്നിവരുടെ കേസിലാണ് ഫെഡറൽ കോടതി ചൊവ്വാഴ്ച വിധി പ്രസ്താവിച്ചത്. 

തരുണിക്കയുടെ പ്രൊട്ടക്ഷൻ വിസയുടെ കാര്യത്തിൽ സർക്കാർ ശരിയായ നടപടിയല്ല കൈക്കൊണ്ടതെന്നും അതിനാൽ 206,934.33 ഡോളർ സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും നേരത്തെ കോടതി ഉത്തരവിട്ടിരുന്നു.

ഇതിനെതിരെയാണ് ഫെഡറൽ സർക്കാർ അപ്പീൽ സമർപ്പിച്ചിരുന്നത്.

കുടുംബത്തിലെ ഇളയ മകൾ തരുണിക്കയുടെ വിസയുടെ കാര്യത്തിൽ സർക്കാർ ശരിയായ നടപടിയല്ല സ്വീകരിച്ചതെന്ന ജസ്റ്റിസ് മാർക്ക് മോഷിൻസ്കയുടെ ഉത്തരവ് ശരി വച്ച കോടതി, സർക്കാർ നൽകിയ അപ്പീൽ തള്ളി.

ഇവരെ നാടുകടത്തണമോ എന്ന കാര്യത്തിൽ സർക്കാരാണ് തീരുമാനം എടുക്കുന്നത്.

കൂടാതെ ഓസ്‌ട്രേലിയയിൽ ജനിച്ച തരുണിക്കയെ അനധികൃത കുടിയേറ്റക്കാരിയായി പരിഗണിച്ച ഉത്തരവിനെതിരെ കുടുംബം നൽകിയ ക്രോസ്സ് അപ്പീലും കോടതി ചൊവ്വാഴ്ച തള്ളി.
Federal Court dismisses an appeal by the Federal government to keep a Tamil family in Australia
Federal Court dismisses an appeal by the Federal government to keep a Tamil family in Australia. Source: SBS News
ഫെഡറൽ കോടതിയുടെ ഉത്തരവിനെതിരെ നേരിട്ട് ഹൈക്കോടതിയിൽ അപ്പീൽ പോകാൻ ഇരു പാർട്ടികൾക്കും അനുവാദമില്ല. മറിച്ച് പ്രത്യേക അപ്പീൽ അപേക്ഷ സമർപ്പിച്ച് കോടതിയിൽ നിന്ന് മുൻ‌കൂർ അനുമതി തേടണം.

മൂന്ന് വർഷമായി ക്രിസ്മസ് ഐലന്റിൽ കഴിയുന്ന ഇവരെ ഇവിടെ നിന്ന് മോചിപ്പിക്കണമെന്ന് ഇവരുടെ അഭിഭാഷക കരീന ഫോർഡ് ആവശ്യപ്പെട്ടു.

മാത്രമല്ല ഇവരെ നാടുകടത്തുന്ന കാര്യത്തിൽ സർക്കാർ അനുകൂലമായ തീരുമാനം കൈക്കൊള്ളാത്ത പക്ഷം നിയമ നടപടികളുമായി മുൻപോട്ടു പോകുമെന്നും ഫോർഡ് പറഞ്ഞു.

2019 ഓഗസ്റ്റിൽ നാടുകടത്തലിന് സ്റ്റേ ലഭിച്ചത് മുതൽ ഇവർ ക്രിസ്മസ് ഐലന്റിലെ അഭയാർത്ഥി കേന്ദ്രത്തിൽ കഴിയുകയാണ്. 

ഇവരെ നാടുകടത്തുന്ന നടപടി അവസാന നിമിഷം കോടതി സ്റ്റേ ചെയ്യുകയും കുടുംബത്തെ ഡാർവിനിലേക്കും പിന്നീട് ക്രിസ്ത്മസ് ഐലന്റിലേക്ക് മാറ്റുകയും ചെയ്തിരുന്നു. 

2012 - 2013 കാലയളവിൽ അഭയാർഥികളായി ശ്രീലങ്കയിൽ നിന്ന് ബോട്ടിൽ ഓസ്‌ട്രേലിയയിൽ എത്തിയതാണ് നടേശലിംഗവും പ്രിയയും. താത്കാലിക ബ്രിഡ്ജിങ് വിസയിൽ രാജ്യത്ത് തങ്ങിയ ഇവരുടെ വിസ കാലാവധി 2018 മാർച്ചിൽ അവസാനിച്ചിരുന്നു. തുടർന്നാണ്  ബ്രിസ്‌ബൈനിലെ ബിലോയിലയിലുള്ള വീട്ടിൽ നിന്ന് പൊലീസ് ഇവരെ മെൽബണിലെ അഭയാർത്ഥി കേന്ദ്രത്തിൽ എത്തിച്ചത്. 

അനധികൃതമായി കടൽമാർഗം രാജ്യത്തേക്കെത്തുന്ന അഭയാർത്ഥികൾക്ക് വിസ നല്കാൻ ഓസ്‌ട്രേലിയയിലെ കുടിയേറ്റ നിയമം അനുവദിക്കുന്നില്ല. എന്നാൽ തരുണിക്കയെ പോലെയുള്ള കുട്ടികളുടെ കാര്യത്തിൽ കുടിയേറ്റ കാര്യവകുപ്പിന് തീരുമാനം കൈക്കൊള്ളാനുള്ള അധികാരമുണ്ട്.

ഇവരെ അഭയാർത്ഥി കേന്ദ്രത്തിൽ നിന്ന് മോചിപ്പിക്കണമെന്നും പൊതുസമൂഹത്തില്‍ ജീവിക്കാന്‍ അനുവദിക്കുകയോ, അല്ലെങ്കില്‍ മറ്റെന്തെങ്കിലും സാഹചര്യം ഒരുക്കുകയോ വേണമെന്നും ഐക്യരാഷ്ട സഭ ഫെഡറല്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

തമിഴ്‍ കുടുംബത്തെ അനുകൂലിക്കുന്നവർ ഇവരെ ഓസ്‌ട്രേലിയയിൽ തങ്ങാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് 2,50,000 പേർ ഒപ്പിട്ട നിവേദനവുമായി പ്രധാനമന്ത്രിയെ സമീപിച്ചിരുന്നു.

എന്നാൽ തമിഴ്‍ കുടുംബത്തെ രാജ്യത്ത് തങ്ങാൻ അനുവദിക്കുന്നത് മറ്റുള്ള അഭയാർത്ഥികൾക്ക് നൽകുന്ന തെറ്റായ സന്ദേശമാണെന്നാണ് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയത്.

 

 


Share

Published

Updated

By SBS Malayalam
Source: SBS

Share this with family and friends


Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service