ക്വീന്‍സ്ലാന്റിലെ വിവാദമായ അദാനി കല്‍ക്കരി ഖനി പദ്ധതിക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെയാണ് പ്രകൃതിവിഭവങ്ങള്‍ക്കും വടക്കന്‍ ഓസ്‌ട്രേലിയയ്ക്കുമായുള്ള ഫെഡറല്‍ മന്ത്രി മാറ്റ് കാനവന്‍ കൂടുതല്‍ ഖനന കമ്പനികളെ ആകര്‍ഷിക്കുമെന്ന് വ്യക്തമാക്കിയത്.
ഇന്ത്യന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി ഡെയ്‌ലി ടെലിഗ്രാഫ് പത്രത്തിലെഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഓസ്‌ട്രേലിയയുടെ ദേശീയ ഗവേഷണ കേന്ദ്രമായ CSIROയെ കുറ്റപ്പെടുത്തിക്കൊണ്ടാണ് ലേഖനം തുടങ്ങുന്നത്. 1960കളില്‍ ജപ്പാനിലേക്ക് കല്‍ക്കരി കയറ്റുമതി ചെയ്യാന്‍ ഒരുങ്ങിയപ്പോള്‍ CSIRO എതിര്‍ത്തെന്നും, ആ എതിര്‍പ്പ് മറികടന്ന് കയറ്റുമതി ചെയ്തതുകൊണ്ടാണ് ഓസ്‌ട്രേലിയന്‍ സാമ്പത്തിക രംഗം ഇത്രയും വികസിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
50 വര്‍ഷം മുമ്പ് CSIRO യുടെ എതിര്‍പ്പ് തള്ളിക്കളഞ്ഞതുപോലെ, അദാനി കമ്പനിക്കെതിരെ ദോഷൈകദൃക്കുകള്‍ ഉയര്‍ത്തുന്ന എതിര്‍പ്പും അവഗണിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

Minister for Resources Matt Canavan during Questime Time at Parliament House in Canberra, April 2019 Source: AAP
ഭാവി ഇന്ത്യയില്‍
ഓസ്‌ട്രേലിയന്‍ കല്‍ക്കരി ഖനികളുടെ ഭാവി അവസരം ഇന്ത്യയിലാണെന്ന് മാറ്റ് കാനവന്‍ ചൂണ്ടിക്കാട്ടുന്നു.
വൈദ്യുതി ഉത്പാദനത്തിനാവശ്യമായ കല്‍ക്കരിയുടെ ആവശ്യം ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരികയാണെന്നും, ഈ അവസരം ഓസ്‌ട്രേലിയ മുതലെടുക്കണമെന്നുമാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.
നിലവില്‍ ഇന്ത്യയിലെ താപവൈദ്യുത നിലയങ്ങള്‍ക്ക് ആവശ്യമുള്ള കല്‍ക്കരിയുടെ അഞ്ചു ശതമാനത്തില്‍ താഴെ മാത്രമാണ് ഓസ്‌ട്രേലിയയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത്. ഇത് 25 ശതമാനമാക്കി ഉയര്‍ത്തുകയാണെങ്കില്‍ ഓസ്‌ട്രേലിയയുടെ കയറ്റുമതി വരുമാനത്തില്‍ 3.4 ബില്യണ്‍ ഡോളറിന്റെ വര്‍ദ്ധനവുണ്ടാകുമെന്നും ഫെഡറല്‍ മന്ത്രി ചൂണ്ടിക്കാട്ടി.
കുറഞ്ഞത് 4,000 തൊഴിലവസരങ്ങളെങ്കിലും ഇതിലൂടെ സൃഷ്ടിക്കാനാകും.
16 കോടിയിലേറെ ഇന്ത്യാക്കാര്‍ ഇപ്പോഴും വൈദ്യുതി ഇല്ലാതെ കഴിയുകയാണെന്നും, ഇത് മികച്ച അവസരമാണ് ഒരുക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യയില്‍ വലിയ തോതില്‍ കല്‍ക്കരി ഖനനം നടക്കുന്നുണ്ടെങ്കിലും ഓസ്‌ട്രേലിയന്‍ കല്‍ക്കരിയുമായി താരതമ്യം ചെയ്യുമ്പോള്‍ അത് നിലവാരം കുറഞ്ഞതാണ്. ഇതും ഇന്ത്യയിലേക്കുള്ള കയറ്റുമതി കൂട്ടാന്‍ സഹായിക്കും എന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.
അദാനി തുടക്കം മാത്രം
ക്വീന്‍സ്ലാന്റില്‍ അദാനി കമ്പനിയുടെ ഖനന പദ്ധതി തുടങ്ങാന്‍ കഴിയുന്നത് ഇതില്‍ നിര്‍ണ്ണായകമാണെന്നും ഫെഡറല്‍ മന്ത്രി ചൂണ്ടിക്കാട്ടി.
ഓസ്‌ട്രേലിയയില്‍ ഇതുവരെയുള്ള ഏറ്റവും വലിയ ഇന്ത്യന്‍ നിക്ഷേപമാണ് അദാനിയുടേത്. എന്നാല്‍ ഇത് ഒരു തുടക്കം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.
ഓസ്‌ട്രേലിയയിലെ കല്‍ക്കരി ഖനികളില്‍ നിക്ഷേപം നടത്താന്‍ നിരവധി ഇന്ത്യന്‍ ഖനന കമ്പനികള്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും, വിമര്‍ശകരുടെ എതിര്‍പ്പ് വകവയ്ക്കാതെ ഈ അവസരം മുതലെടുക്കണമെന്നും മാറ്റ് കാനവന്‍ അഭിപ്രായപ്പെട്ടു.