പുതുവത്സര ആഘോഷങ്ങൾക്കൊരുങ്ങി ഓസ്ട്രേലിയ; സിഡ്നിയടക്കമുള്ള നഗരങ്ങളിൽ ‘പൂരവെടിക്കെട്ട്’

കൊവിഡ് നിയന്ത്രണങ്ങൾ പൂർണ്ണമായും അവസാനിച്ചതിന് ശേഷമെത്തുന്ന ആദ്യ ന്യൂ ഇയറാണ് ഇത്തവണത്തേത്. വിവിധ ഓസ്ട്രേലിയൻ നഗരങ്ങളിലെ പുതുവത്സര ആഘോഷങ്ങളെ പറ്റി അറിയാം.

Fireworks

Fireworks Source: Pixabay

കൊവിഡ് നിയന്ത്രണങ്ങൾ പൂർണ്ണമായും അവസാനിച്ചതിന് ശേഷമെത്തുന്ന ആദ്യ ന്യൂ ഇയറാണ് ഇത്തവണത്തേത്. 2020ൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങളും, 2021ൽ ഒമിക്രോൺ വകഭേദവും ന്യൂ ഇയർ ആഘോഷങ്ങളുടെ ഗരിമ കുറച്ചിരുന്നു.

കൊവിഡിന് മുൻപുണ്ടായിരുന്ന അതേ പ്രൗഡിയോടെ തന്നെ പുതുവത്സരത്തെ വരവേൽക്കാനുള്ള ഒരുക്കങ്ങളാണ് രാജ്യത്തെ വിവിധ നഗരങ്ങളിൽ പുരോഗമിക്കുന്നത്.

സിഡ്നിയിലെ വെടിക്കെട്ട്

സിഡ്നി ഹാർബർബ്രിഡ്ജ് കേന്ദ്രീകരിച്ച് നടത്തുന്ന പുതുവത്സര വെടിക്കെട്ടാഘോഷങ്ങൾ 1976ലാണ് ആരംഭിച്ചത്.

ലോക ശ്രദ്ധയാകർഷിക്കുന്ന സിഡ്നി വെടിക്കെട്ട് നേരിട്ട് കാണുന്നതിനായി ഇത്തവണ പത്ത് ലക്ഷം ആളുകളെങ്കിലും ഹാർബർ ബ്രിഡ്ജ് പരിസരത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഫോട്ടി ഫയർവർക്ക്സാണ് സിഡ്നിയിലെ വെടിക്കെട്ടിന് ചുക്കാൻ പിടിക്കുന്നത്.

ഈ വർഷത്തെ കരിമരുന്ന് കലാപ്രകടനത്തിൽ ഒട്ടേറെ പുതിയ കാഴ്ചാനുഭവങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ക്രിയേറ്റീവ് ഡയറക്ടർ ഫോർച്യുനാറ്റോ ഫോട്ടി പറഞ്ഞു.
മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഹാർബർ ബ്രിഡ്ജ് പരിസരത്തെ കൂടുതൽ സ്ഥലങ്ങളിൽ ഇത്തവണ വെടിക്കെട്ട് ഒരുക്കിയിട്ടുണ്ട്. ഓപ്പറ ഹൗസ് കേന്ദ്രീകരിച്ച് ലൈറ്റ് ഷോയും ഒരുക്കിയിട്ടുണ്ട്.

എട്ട് മിനിറ്റ് ദൈർഘ്യമുള്ള കരിമരുന്ന് പ്രകടനത്തിൽ എട്ട് ടണ്ണോളം വെടിമരുന്നുകൾ ഉപയോഗിക്കും.

ഒരു ലക്ഷത്തിലധികം പൈറോടെക്നിക്കുകളാണ് ഇത്തവണത്തെ വെടിക്കെട്ടിനായി ഉപയോഗിക്കുക.

ഹാർബറിന് ചുറ്റുമുള്ള വിവിധയിടങ്ങളിൽ പൊതുജനങ്ങൾക്ക് സൗജന്യമായി ഷോ കാണുവാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ചിലയിടങ്ങളിൽ ടിക്കറ്റ് ഏർപ്പെടുത്തിയാണ് പ്രവേശനം അനുവദിക്കുന്നത്.

മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ ആളുകളെ പ്രതീക്ഷിക്കുന്നതായി സിറ്റി ഓഫ് സിഡ്‌നി ഇവൻറ് പ്രൊഡ്യൂസർ സ്റ്റീഫൻ ഗിൽബി പറഞ്ഞു.

പ്രദേശത്തെ പല റോഡുകളിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതിനാൽ ജനങ്ങൾ മുൻകൂട്ടി തയ്യാറെടുക്കണമെന്നും കൗൺസിൽ നിർദ്ദേശിച്ചുണ്ട്.

ഏകദേശം ആറ് മില്യൺ ഡോളർ ചെലവഴിച്ച് നടത്തുന്ന ആഘോഷ രാവിൽ നിന്ന് ഏകദേശം 133 മില്യൺ ഡോളർ വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മെൽബൺ

കാട്ടുതീ, ലോക്ക്ഡൗൺ, ഒമിക്രോൺ പ്രതിസന്ധികൾ ഒന്നിന് പുറകെ ഒന്നായി ആഘോഷങ്ങളെ ബാധിച്ച വർഷങ്ങളായിരുന്നു മെൽബൺ നിവാസികൾക്കുണ്ടായിരുന്നത്.

പുതുവത്സരത്തെ വരവേൽക്കാൻ ഇത്തവണ വിപുലമായ പരിപാടികളാണ് മെൽബൺ നഗരത്തിൽ ഒരുക്കിയിരിക്കുന്നത്.

ആദ്യ കരിമരുന്ന് പ്രയോഗം ഡിസംബർ 31ന് രാത്രി 9.30 ന് നഗരത്തിൽ നടക്കും.

മെൽബൺ CBDയെ നാലു മേഖലകളാക്കി തിരിച്ച് സംഘടിപ്പിച്ചിരിക്കുന്ന പുതുവത്സര ആഘോഷങ്ങളിൽ ഫുഡ് ട്രക്കുകൾ, ലൈറ്റ് ഇൻസ്റ്റാലേഷനുകൾ, സ്റ്റേജ് ഷോകൾ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.
നഗരത്തിലെ ആഘോഷങ്ങൾക്ക് പുറമെ ഫുട്‌സ്‌ക്രേ പാർക്ക്, ഡാൻഡെനോംഗ് പാർക്ക്, ജീലോംഗ് വാട്ടർഫ്രണ്ട്, പോർട്ട് ലിംഗ്ടൺ എന്നിവയുൾപ്പെടെയുള്ള സ്ഥലങ്ങളിലും പുതുവത്സരത്തെ വരവേൽക്കുന്നതിനായി വെടിക്കെട്ടുകൾ ഉണ്ടാകും.

ഡിസംബർ 31ന് വൈകുന്നേരം 6 മണി മുതൽ ജനുവരി 1ന് രാവിലെ 6 മണി വരെ നഗരത്തിൽ പൊതു ഗതാഗത സംവിധാനങ്ങൾ സൗജന്യമായിരിക്കും.

ബ്രിസ്ബൈൻ

നഗരത്തിലെ സൗത്ത് ബാങ്കിൽ രാത്രി 8.30നും അർദ്ധരാത്രിയിലും പുതുവത്സരത്തെ വരവേൽക്കുന്നതിനായുള്ള കരിമരുന്ന് പ്രകടനങ്ങൾ നടക്കും.

കാൻബറ

രാജ്യ തലസ്ഥാനത്ത് രാത്രി 9 മണിക്കും അർദ്ധരാത്രിയിലും കരിമരുന്ന് പ്രകടനം സംഘടിപ്പിച്ചിട്ടുണ്ട്. റിഗറ്റ പോയിൻറ്, പാട്രിക് വൈറ്റ് ലോൺസ്, റോണ്ട് ടെറസ്, എന്നിവടങ്ങളിൽ നിന്ന് വെടിക്കെട്ട് ആസ്വദിക്കാനാകും.

അഡലൈഡ്

അഡലൈഡിലെ റിമിൽ പാർക്കിലാണ് പുതുവത്സര വെടിക്കെട്ട് നടക്കുക. രാത്രി 9.30നും അർദ്ധരാത്രിയിലും കരിമരുന്ന് പ്രകടനങ്ങൾ നടക്കും. പാർക്കിലേക്കുള്ള പ്രവേശനം സൗജന്യമാണെങ്കിലും ബുക്ക് ചെയ്യുന്നവർക്കാകും പ്രവേശിക്കാൻ സാധിക്കുക.

ഹോബാർട്ട്

ഡെർവെൻറ് നദിക്കും സളിവൻസ് കോവിനും ചുറ്റുമായാണ് നഗരത്തിലെ വെടിക്കെട്ടാഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. രാത്രി 9.30നും അർദ്ധരാത്രിക്കുമാണ് വെടിക്കെട്ട്.

ഡാർവിൻ

കാലാവസ്ഥ മോശമായതിനെ തുടർന്ന് ഡാർവിനിലെ കരിമരുന്ന് പ്രയോഗവും സംഗീതക്കച്ചേരിയും റദ്ദാക്കി.

പെർത്ത്

എലിസബത്ത് ക്വേയ്ക്കും, നോർത്ത്ബ്രിഡ്ജിനും സമീപത്തായി നടത്തുന്ന വെടിക്കെട്ട് പെർത്ത് നഗരത്തെ പ്രകാശപൂരിതമാക്കും. ഡിസംബർ 31 രാത്രി ഒൻപത് മണിക്ക് എലിസബത്ത് ക്വേയിലും അർദ്ധരാത്രി 12 മണിക്ക് നോർത്ത്ബ്രിഡ്ജിലുമാകും കരിമരുന്ന് കലാപ്രകടനം നടക്കുക.

Share

Published

Updated

By SBS Malayalam
Source: SBS

Share this with family and friends


Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service