ജപ്പാൻ തീരത്ത് പിടിച്ചിട്ടിരിക്കുന്ന ക്രൂസ് കപ്പലായ ഡയമണ്ട് പ്രിൻസസ്സിലെ യാത്രക്കാരിൽ ഒരാളാണ് മരിച്ചത്. മരിച്ചയാളുടെ പേരോ മറ്റു വിശദാംശങ്ങളോ പുറത്തുവിട്ടിട്ടില്ല.
കപ്പലിൽ നിന്ന് ഓസ്ട്രേലിയൻ സർക്കാർ ഡാർവിനിലേക്ക് കൊണ്ടുവന്ന സംഘത്തിലുള്ളതായിരുന്നു ഈ 78കാരൻ. ഡാർവിന് സമീപത്തെ ഹോവാർഡ് സ്പ്രിംഗ്സിൽ നിരീക്ഷണത്തിൽ കഴിയുമ്പോൾ ഇയാൾക്ക് കൊവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു.
തുടർന്ന് പെർത്തിലെ ചാൾസ് ഗാർഡിനർ ആശുപത്രിയിലേക്ക് കൊണ്ടുപോയ ഇയാളെ ഐസൊലേഷനിലാണ് ചികിത്സിച്ചിരുന്നത്.
ഇദ്ദേഹത്തിന്റെ ഭാര്യക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരും പെർത്ത് ആശുപത്രീയിൽ ചികിത്സയിലാണ്.
വെസ്റ്റേൺ ഓസ്ട്രേലിയ ചീഫ് ഹെൽത്ത് ഓഫീസർ ആൻഡ്ര്യൂ റോബർട്സണാണ് മരണവിവരം വാർത്താ സമ്മേളനത്തിൽ അറിയിച്ചത്. എന്നാൽ ഓസ്ട്രേലിയയിൽ വച്ച് ഇപ്പോഴും ആർക്കും രോഗം പിടിപെട്ടിട്ടില്ലെന്നും അതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം അറിയിച്ചു.
3711 യാത്രക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. ഇതിൽ 600 പേർക്ക് കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
കപ്പലിലുണ്ടായിരുന്ന ഒമ്പത് ഓസ്ട്രേലിയക്കാർക്കാണ് രോഗം സ്ഥിരീകരിച്ചത്.