സൗത്ത് പോർട്ടിലെ ഓസ്ട്രേലിയ ഫെയർ ഷോപ്പിംഗ് സെന്ററിലുള്ള ഒരു സലൂണിലെ ബ്യൂട്ടീഷ്യനാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.
അടുത്തിടെ ഇറാനിൽ നിന്ന് തിരിച്ചെത്തിയതാണ് ഈ 63കാരി. ചൈനീസ് ബന്ധമില്ലാതെ ഓസ്ട്രേലിയയിൽ കണ്ടെത്തുന്ന ആദ്യ കൊറോണ വൈറസ് ബാധയുമാണ് ഇത്.
ഇവരെ ഗോൾഡ് കോസ്റ്റ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ഐസൊലേഷനിൽ നിരീക്ഷിക്കുകയാണ്.
തിങ്കളാഴ്ച ഓസ്ട്രേലിയയിൽ തിരിച്ചെത്തിയ ഇവർ വ്യാഴാഴ്ച വരെ സലൂണിൽ ജോലി ചെയ്തിരുന്നു. യാത്ര ചെയ്യുമ്പോഴും തിരിച്ചെത്തിയ ശേഷവും ഇവർക്ക് രോഗലക്ഷണങ്ങളൊന്നുമില്ലായിരുന്നു.
വ്യാഴാഴ്ച രോഗലക്ഷണങ്ങൾ കണ്ടപ്പോഴാണ് ഇവർ അവധിയെടുത്തത്. വെള്ളിയാഴ്ച വൈകിട്ടോടെ ഇത് കൊറോണ വൈറസാണെന്ന് സ്ഥിരീകരിച്ചു.
സലൂണിലെത്തിയ 40ഓളം പേർക്ക് ഇവർ ഫേഷ്യൽ ചെയ്തിരുന്നതായി സംസ്ഥാന ചീഫ് ഹെൽത്ത് ഓഫീസർ ജീനറ്റ് യംഗ് പറഞ്ഞു.
എന്നാൽ 15 മിനിട്ടിൽ താഴെ മാത്രമാണ് ഓരോരുത്തർക്കും ഫേഷ്യൽ ചെയ്തിട്ടുള്ളതെന്നും, അതിനാൽ രോഗം പടരാനുള്ള സാധ്യത കുറവാണെന്നും ഡോ. യംഗ് അറിയിച്ചു.
എങ്കിലും ഇവരെ കണ്ടെത്താനുള്ള ശ്രമം ആരോഗ്യവകുപ്പ് അധികൃതർ തുടങ്ങിയിട്ടുണ്ട്. കണ്ടെത്തുന്നവരുടെ പരിശോധന നടത്തുമെന്നും അധികൃതർ അറിയിച്ചു.
പനിയുടെ ലക്ഷണങ്ങൾ തുടങ്ങിയപ്പോൾ തന്നെ ഇവർ സലൂൺ മാനേജരെ അറിയിക്കുകയും, യൂണിവേഴ്സ്സിറ്റി ഹോസ്പിറ്റലിൽ എത്തി പരിശോധന നടത്തുകയും ചെയ്തു.
ഇതോടെ ഓസ്ട്രേലിയിയൽ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 26 ആയി. ഗുരുതരമായ രീതിയിൽ കൊറോണ പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത മുൻകൂട്ടി കണ്ട് സർക്കാർ അടിയന്തര മുൻകരുതൽ നടപടികൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇറാനിൽ ഇതുവരെ 388 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ലോകാരോഗ്യസംഘടനയും കൊറോണ ജാഗ്രതാ നിർദ്ദേശം ഏറ്റവും കൂടിയ തലത്തിലേക്ക് ഉയർത്തിയിട്ടുണ്ട്.