ഓസ്‌ട്രേലിയയിൽ തണുപ്പുകാലം തുടങ്ങിയതോടെ ഫ്ലൂ ബാധ കഠിനമാകുന്നതായാണ് റിപ്പോർട്ടുകൾ. രാജ്യത്ത് 44,160 പേർക്കാണ് ഇതുവരെ ഫ്ലൂ ബാധ സ്ഥിരീകരിച്ചത്.
ഇതിൽ 11,053 പേർ സൗത്ത് ഓസ്‌ട്രേലിയയിലും 10,984 ന്യൂ സൗത്ത് വെയിൽസിലുമാണ്. കൂടാതെ ക്വീൻസ്ലാന്റിൽ നിന്നും 9,902ഉം വിക്ടോറിയയിൽ നിന്നും 8,493 കേസുകളുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇതിനു പുറമെ രാജ്യത്ത് 63 പേർ ഇതിനോടകം ഫ്ലൂ ബാധിച്ച് മരണമടഞ്ഞതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതിൽ വിക്ടോറിയയിൽ മാത്രം മൂന്ന് കുട്ടികളുൾപ്പെടെ 26 പേരും സൗത്ത് ഓസ്‌ട്രേലിയയിൽ 27 പേരുമാണ് മരണമടഞ്ഞത്.
കുട്ടികൾക്ക് പുറമെ ഏജ്ഡ് കെയറിൽ കഴിയുന്നവരെയാണ് ഇത് കൂടുതലായും ബാധിച്ചിരിക്കുന്നത്.
ഇത് കുട്ടികളെയും സാരമായി ബാധിക്കുന്നതിനാൽ ആറ് മാസത്തിന് മേൽ പ്രായമായവർ എത്രയും വേഗം പ്രതിരോധ കുത്തിവയ്പ്പുകൾ എടുക്കേണ്ടതാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പല സംസ്ഥാന സർക്കാരുകളും സൗജന്യ കുത്തിവയ്‌പ്പുകൾ ലഭ്യമാക്കിയിട്ടുണ്ട്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഫ്ലൂ ബാധിച്ചവരുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
നാഷണൽ നോട്ടിഫയബിൾ ദിസീസസ് സർവീലൻസ് സ്കീം പ്രകാരം 48,000 പേർക്കാണ് കഴിഞ്ഞ വർഷം രാജ്യത്ത് ഫ്ലൂ ബാധിച്ചത്.