“അച്ഛനില്ലാതെ, ഒറ്റയ്ക്ക് ജീവിച്ച അമ്മയ്ക്കൊപ്പം, ഒരു ഹൗസിംഗ് കമ്മീഷൻ വസതിയിൽ വളർന്നുവന്ന ബാലൻ.”
വിജയപ്രഖ്യാപന വേദിയിൽ ആന്തണി അൽബനീസി ആവർത്തിച്ചത് മുമ്പ് പല തവണ പല വേദികളിലും പറഞ്ഞ ഈ വാക്കുകളായിരുന്നു.
ആ ബാലൻ ഇന്ന് ഓസ്ട്രേലിയയുടെ പ്രധാനമന്ത്രിയായി ഇവിടെ നിൽക്കുന്നു.
വീടില്ലാത്തവരുടെയും, ഒറ്റയ്ക്ക് മക്കളെ വളർത്തേണ്ടി വരുന്ന അമ്മമാരുടെയുമെല്ലാം വിഷമം മനസിലാക്കാൻ തനിക്ക് മറ്റെങ്ങും പോകേണ്ടതില്ല എന്ന സന്ദേശമായിരുന്നു പ്രചാരണ വേദിയിൽ അൽബനീസി നൽകിയിരുന്നത്. ആ തിരിച്ചറിവുകളോട് നീതി പുലർത്തുന്ന സർക്കാരാകും തന്റേത് എന്ന പ്രഖ്യാപനമാണ് വിജയമുറപ്പിച്ച ശേഷം അദ്ദേഹം നടത്തിയത്.
ഓസ്ട്രേലിയക്കാർ വോട്ട് ചെയ്തത് ഒരു മാറ്റത്തിനു വേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു.
ഓസ്ട്രേലിയൻ ജനതയെ വിഘടിക്കാനല്ല, ഒരുമിപ്പിക്കാനാണ് തന്റെ സർക്കാർ ശ്രമിക്കുക.
ജനങ്ങൾക്കു വേണ്ടിയാകണം രാജ്യത്തിന്റെ സാമ്പത്തിക രംഗം നിലകൊള്ളേണ്ടതെന്നും, മറിച്ചല്ല വേണ്ടതെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
കാലാവസ്ഥാ യുദ്ധം അവസാനിപ്പിക്കാൻ ഒരുമിച്ച് നിൽക്കാമെന്നും, രാജ്യത്തിന് ഐക്യവും പ്രതീക്ഷയും നൽകാമെന്നും അൽബനീസി ആഹ്വാനം ചെയ്തു.
തിങ്കളാഴ്ച രാവിലെ മുതൽ തന്നെ തന്റെ സർക്കാർ പ്രവർത്തനം തുടങ്ങും എന്നാണ് അദ്ദേഹം നിയുക്ത പ്രധാനമന്ത്രിയായുള്ള ആദ്യപ്രസംഗത്തിൽ ഓസ്ട്രേലിയൻ ജനതയെ അറിയിച്ചത്.
അൽബനീസിയുടെ കഥ
അച്ഛനെ കാണാത്ത ബാല്യമായിരുന്നു ആന്തണി അൽബനീസിയുടേത്.
സിഡ്നിയിലെ കാംബർഡൗണിൽ ഒരു സർക്കാർ ഹൗസിംഗ് കമ്മീഷൻ വസതിയിലായിരുന്നു കുട്ടിക്കാലം.
സംരക്ഷണത്തിന് അമ്മ മരിയൻ മാത്രം. താൻ ജനിക്കും മുമ്പേ ഒരു കാറപകടത്തിൽ അച്ഛൻ മരിച്ചുപോയി എന്നായിരുന്നു അമ്മ ആന്തണിയോട് പറഞ്ഞിരുന്നത്.
ആന്തണിയുടെ പതിനഞ്ചാം വയസിലാണ് അച്ഛനെക്കുറിച്ചുള്ള യഥാർത്ഥ വിവരം അമ്മ വെളിപ്പെടുത്തുന്നത്.
ഇംഗ്ലണ്ടിലേക്കുള്ള കപ്പൽയാത്രക്കിടയിൽ മരിയൻ പരിചയപ്പെട്ട കാർലോ അൽബനീസി എന്ന ഇറ്റാലിയൻ കപ്പൽജീവനക്കാരനായിരുന്നു ആന്തണിയുടെ അച്ഛൻ.
ഹ്രസ്വമായ ബന്ധത്തിനു ശേഷം കാർലോയും മരിയനും രണ്ടു വഴിക്കുപോയി. കത്തോലിക്കാ സഭാംഗമായിരുന്ന മരിയൻ, കുടുംബത്തിന്റെ അഭിമാനം സംരക്ഷിക്കാനായാണ് ഭർത്താവ് മരിച്ചുപോയി എന്ന് എല്ലാവരോടും പറഞ്ഞത്.
അമ്മയുടെ മരണത്തിനും ഏഴു വർഷം കഴിഞ്ഞ്, 2009ൽ മാത്രമാണ് ആന്തണി അൽബനീസി ആദ്യമായി അച്ഛനെ നേരിൽ കാണുന്നത്. ഇറ്റലിയിലെത്തിയായിരുന്നു ആ കൂടിക്കാഴ്ച.

Anthony Albanese with his father Carlo in Italy. Source: Anthony Albanese
അന്ന് 46 വയസായിരുന്നു ആന്തണി അൽബനീസിക്ക്.
രാഷ്ട്രീയജീവിതം
സിഡ്നി യൂണിവേഴ്സിറ്റിയിൽ എക്കണോമിക്സ് പഠനത്തിനിടെയാണ് ആന്തണി അൽബനീസി ലേബർ പാർട്ടിയിലെത്തുന്നത്.
1996ൽ സിഡ്നിയിലെ ഗ്രേയ്ൻഡ്ലർ സീറ്റിൽ നിന്ന് ആദ്യമായി പാർലമെന്റിലെത്തിയ അൽബനീസി, അന്നു മുതലിങ്ങോട്ട് എല്ലാ തെരഞ്ഞെടുപ്പിലും അതേ സീറ്റിൽ നിന്ന് വിജയിച്ചു.
2007ൽ കെവിൻ റഡ് സർക്കാരിലാണ് ആദ്യമായി മന്ത്രിയായത്. ഉൾനാടൻ വികസനവും, പ്രാദേശിക ഭരണവുമായിരുന്നു ചുമതലകൾ.
2013ൽ ഉപപ്രധാനമന്ത്രിയായി. കെവിൻ റഡ് അവധിയെടുത്തപ്പോൾ പ്രധാനമന്ത്രിയുടെ ചുമതല വഹിച്ചിരുന്ന അൽബനീസിക്ക്, ആ പദവിയും പൂർണമായും അപരിചിതമല്ല.
2019ലെ തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം ബിൽ ഷോർട്ടൻ ലേബർ നേതൃസ്ഥാനം ഒഴിഞ്ഞപ്പോഴാണ് അൽബനീസി പാർട്ടി നേതൃത്വത്തിലേക്ക് എത്തുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്വന്തം നയപരിപാടികൾ പോലും ഓർത്തിരിക്കാത്തതിന്റെയും, രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് അറിയാത്തതിന്റെയുമെല്ലാം പേരിൽ നിരവധി വിമർശനങ്ങൾ കേട്ടെങ്കിലും, അതിനെയെല്ലാം ശക്തമായി നേരിട്ടാണ് അൽബനീസി അന്തിമ വിജയം നേടിയത്.
രണ്ടാം ലോകമഹായുദ്ധകാലത്തിനു ശേഷം ലേബർ പാർട്ടിയെ അധികാരത്തിലേക്ക് കൊണ്ടുവരുന്ന നാലാമത്തെ നേതാവ് എന്ന നേട്ടമാണ് ഇതോടെ ആന്തണി അൽബനീസി സ്വന്തമാക്കിയിരിക്കുന്നതും.