ഓസ്‌ട്രേലിയൻ ഭവനകളിൽ കൂടിവരുന്ന ഗാർഹിക പീഡനങ്ങൾ ഇല്ലാതാക്കാൻ എല്ലാ ഓസ്‌ട്രേലിയക്കാർക്കും സ്ത്രീകളോടുള്ള മനോഭാവത്തിൽ മാറ്റങ്ങൾ കൊണ്ടുവരേണ്ടത് ആവശ്യമാണെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ പറഞ്ഞു.
ഇതുവഴി ഗാർഹിക പീഡനങ്ങൾ ചെറുക്കാൻ കഴിയുന്ന നിരവധി പരിപാടികൾ ആവിഷ്ക്കരിക്കാനാണ് സർക്കാർ പദ്ധതി. ഇതിനായി 328 മില്യൺ ഡോളർ മാറ്റിവയ്ക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
ഇതിൽ 68 മില്യൺ ഡോളർ ഗാർഹിക പീഡനങ്ങൾ തടയാനുള്ള തന്ത്രങ്ങൾക്കായും 82 മില്യൺ ഡോളർ ഫ്രന്റ്ലൈൻ സേവനകൾക്കായും 78 മില്യൺ ഡോളർ ഗാർഹിക പീഡനം മൂലം ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് സുരക്ഷിതമായ താമസസൗകര്യം ഒരുക്കുന്നതിനുമായി ചിലവിടും.
മാത്രമല്ല, ഡോളർ ദേശീയ തലത്തിൽ ടെലിഫോൺ കൗൺസിലിങ് സേവനത്തിനായി 62 മില്യൺ ഡോളറും, 35 മില്യൺ ആദിമവർഗ്ഗക്കാർക്കും ടോറസ് ദ്വീപിലുള്ളവർക്കുമായും ചിലവിടും. കൂടാതെ ശാരീരിക വൈകല്യമുള്ളവരുടെ ഇടയിലുണ്ടാകുന്ന ഗാർഹിക പീഡനങ്ങൾ ചെറുക്കാനും ഫണ്ട് ചിലവഴിക്കും.
ഗാർഹിക പീഡനം പൂർണമായും ഇല്ലാതാക്കുക എന്നതാണ് ഇതിലൂടെ സർക്കാരിന്റെ ലക്‌ഷ്യം. എന്നാൽ ഇത് എന്ന് സാധ്യമാകുമെന്നതിൽ വ്യക്തതയൊന്നുമില്ലെന്ന് സ്കോട്ട് മോറിസൺ പറഞ്ഞു.
കൂടാതെ, ലൈംഗികാതിക്രമങ്ങളെക്കുറിച്ച് ജനങ്ങളെ അവബോധരാക്കാനും ഈ തന്ത്രങ്ങൾ സഹായിക്കുമെന്ന് മന്ത്രി കെല്ലി ഒഡോയർ പറഞ്ഞു. ഇതിനായി ആരോഗ്യപരമായ ലൈംഗിക ബന്ധങ്ങളെക്കുറിച്ചും പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക സമ്പർക്കങ്ങളെക്കുറിച്ചും
യുവജനങ്ങളെ ബോധവൽക്കരിക്കാൻ കഴിയുന്ന വിധത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
ഓസ്‌ട്രേലിയയിൽ ആറിൽ ഒന്ന് സ്ത്രീകൾ പതിനഞ്ച് വയസ് മുതൽ ശാരീരികമായും ലൈംഗികമായും പീഡനങ്ങൾ നേരിടുന്നുണ്ടെന്ന് മന്ത്രി ഓഡോയർ വ്യക്തമാക്കി.
സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള പീഡനങ്ങൾ ഈ സർക്കാർ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
ഗാര്‍ഹിക പീഡനക്കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവര്‍ക്ക് ഇനി മുതല്‍ ഓസ്‌ട്രേലിയയിലേക്ക് വരാന്‍ വിസ അനുവദിക്കില്ലെന്ന് ഫെഡറല്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഗാർഹിക പീഡനം തടയാൻ സർക്കാർ പുതിയ ഫണ്ട് പ്രഖ്യാപിച്ചത്.
ഇതിനിടെ, വരുന്ന തെരഞ്ഞെടുപ്പിൽ അധികാരത്തിൽ വന്നാൽ ഗാർഹിക പീഡനം നേരിടുന്നവർക്ക് സംരക്ഷണം നൽകാൻ 20,000 ഫണ്ടിംഗ് പാക്കേജുകൾ അനുവദിക്കുമെന്ന് ലേബർ പാർട്ടിയും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.