പെർത്തിലെ ആരാൺമോർ കോളേജിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ സാന്യ സിംഗാലിനെയാണ് സ്കൂളിന്റെ ചട്ടം ലംഘിച്ച് മൂക്കുത്തിയണിഞ്ഞതിന് കഴിഞ്ഞ മാസം സ്കൂളിൽ നിന്ന് പുറത്താക്കിയത്.
ഹിന്ദു സംസ്കാരത്തിന്റെ ഭാഗമായാണ് മൂക്ക് കുത്തിയതെന്നും 12 മാസത്തിന് ശേഷം മാത്രമേ മൂക്കുത്തി ഊരാൻ അനുവാദമുള്ളൂ എന്നും പരാമർശിച്ചുകൊണ്ട് സാന്യയുടെ അമ്മ അധ്യാപികയ്ക്ക് കത്ത് നൽകിയിരുന്നു.
എന്നാൽ ശരീര ഭാഗങ്ങൾ തുളയ്ക്കാൻ കോളേജിലെ നിയമം അനുവദിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ മൂക്കുത്തി എടുത്തു മാറ്റിയ ശേഷം മാത്രം ക്ലാസ്സിൽ കയറിയാൽ മതിയെന്നായിരുന്നു അധ്യാപികയുടെ നിർദ്ദേശം.
സാന്യയുടെ രക്ഷിതാക്കൾ സ്കൂളുമായി നിരവധി തവണ നടത്തിയ ചർച്ചയ്ക്കൊടുവിൽ മൂക്കുത്തിയണിഞ് സ്കൂളിലെത്താൻ സ്കൂൾ സമ്മതം നൽകിയതായി സാന്യയുടെ അമ്മ കല്യാണി അറിയിച്ചു.
ഇതേതുടർന്ന് പുറത്താക്കപ്പെട്ട് ആറാഴ്ചക്ക് ശേഷം തിങ്കളാഴ്ച സാന്യ സ്കൂളിൽ തിരിച്ചെത്തി. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ സാന്യക്ക് പാഠപുസ്തകങ്ങൾ ഒന്നും കൈവശം ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ഈ സമയത്ത് വളരെയധികം സമ്മർദ്ദം നേരിട്ടുവെന്ന് കല്യാണി പറഞ്ഞു.
എന്നാൽ ക്ലാസുകൾ നഷ്ടമായത് പരിഹരിക്കുന്നതിനായി പ്രത്യേക സൗകര്യം ഒരുക്കാമെന്ന് സ്കൂൾ സമ്മതിച്ചതായി ഇവർ പറഞ്ഞു.
ഈ വിഷമഘട്ടത്തിൽ പിന്തുണച്ച എല്ലാവർക്കും ഇവർ നന്ദി അറിയിച്ചു. ഏതു രാജ്യത്ത് ജീവിച്ചാലും ഇന്ത്യൻ സംസ്കാരം മുറുകെപിടിക്കണമെന്ന് ഇവർ ഇന്ത്യൻ സമൂഹത്തിനോട് പങ്കുവയ്ക്കുകയും ചെയ്തു.
അതേസമയം, സാന്യ തിരിച്ചെത്തിയെന്ന കാര്യം സ്കൂൾ സ്ഥിരീകരിച്ചുവെങ്കിലും ഇതേക്കുറിച്ച് ഒന്നും പ്രതികരിക്കാൻ പ്രിൻസിപ്പാൾ ഡെക്ലാൻ തയ്യാറായില്ല എന്നാണ് റിപ്പോർട്ടുകൾ.
മൂക്കുത്തിയണിഞ്ഞതിന് സ്കൂളിൽ നിന്നും സാന്യയെ പുറത്താക്കിയതിൽ പ്രതിഷേധിച്ച് ഹിന്ദു കൗൺസിൽ ഓസ്‌ട്രേലിയ രംഗത്തെത്തിയിരുന്നു. സ്കൂളിൽ മൂക്കുത്തി അണിയുന്നത് ഓസ്‌ട്രേലിയയിലെ കത്തോലിക്കാ സ്കൂളുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഹിന്ദു സംഘടന രംഗത്തെത്തിയത്.