ന്യൂ സൗത്ത് വെയിൽസിലെ കാട്ടുതീയിൽ ഏറ്റവുമധികം കത്തിനശിച്ച കൊബാർഗോ പട്ടണത്തിലാണ് പ്രധാനമന്ത്രി സ്കോട്ട് മോറിസന് ജനരോഷം നേരിടേണ്ടി വന്നത്.
സംസ്ഥാനത്തിന്റെ തെക്കുകിഴക്കൻ തീരത്താണ് കൊബാർഗോ പട്ടണം. കാട്ടുതീയിൽ ഈ പ്രദേശത്ത് രണ്ടു പേർ മരിച്ചിരുന്നു.
ഒരു അച്ഛനും മകനുമാണ് വീട് രക്ഷിക്കാനുള്ള ശ്രമത്തിനിടെ തിങ്കളാഴ്ച മരിച്ചത്.
കാട്ടുതീ ബാധിച്ച പ്രദേശങ്ങളിൽ വ്യാഴാഴ്ചയാണ് പ്രധാനമന്ത്രി സന്ദർശനം നടത്തിയത്. പ്രദേശത്തെ കുറച്ചുപേർക്കൊപ്പം പ്രധാനമന്ത്രി ഫോട്ടോയെടുക്കുകയും ചെയ്തു.
അതിനു പിന്നാലെ, കാട്ടുതീ സാഹചര്യത്തോട് പ്രധാനമന്ത്രി സ്വീകരിക്കുന്ന സമീപനത്തെ ചോദ്യം ചെയ്ത് പലരും രംഗത്തെത്തുകയായിരുന്നു.
മുഖത്തു നോക്കി അസഭ്യം പറഞ്ഞുകൊണ്ടാണ് പലരും പ്രധാനമന്ത്രിയെ എതിരേറ്റത്.

ഒരാൾ പ്രധാനമന്ത്രിയുടെ അടുത്തെത്തി അദ്ദേഹത്തെ വിഡ്ഢിയെന്ന് വിളിച്ചപ്പോൾ, ഈ പ്രദേശത്ത് നിന്ന് ഒരു വോട്ടുപോലും ലിബറൽ പാർട്ടിക്ക് കിട്ടില്ല എന്നാണ് മറ്റൊരാൾ പറഞ്ഞത്.
കുട്ടികൾ ഉൾപ്പെടെയുള്ളവർ പ്രധാനമന്ത്രിക്ക് നേരേ കൂവി വിളിക്കുകയായിരുന്നു.
പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ കിരിബിലി ഹൗസിലേക്ക് തിരിച്ചുപോകാൻ പറഞ്ഞുകൊണ്ടാണ് പലരും ആക്രോശിച്ചത്.

തുടർന്ന് പ്രധാനമന്ത്രിയുടെ കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥർ അദ്ദേഹത്തെ കാറിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും, പ്രദേശത്തു നിന്ന് പോകുകയും ചെയ്തു.
നേരത്തേ, ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിനൊപ്പം കിരിബിലി ഹൗസിൽ നിന്ന് ഫോട്ടോയെടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത സ്കോട്ട് മോറിസന് എതിരെ വിമർശനം ഉയർന്നിരുന്നു. സിഡ്നി ടെസ്റ്റിന് മുന്നോടിയായാണ് ഓസ്ട്രേലിയയുടെയും ന്യൂസിലന്റിന്റെയും ടീമുകൾക്കൊപ്പം അദ്ദേഹം ഫോട്ടോയെടുത്തത്.

രൂക്ഷമായ കാട്ടുതീയുടെ പശ്ചാത്തലത്തിലാണ് ഈ ടെസ്റ്റ് നടക്കുന്നത് എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം ചിത്രം പോസ്റ്റ് ചെയ്തതും. എല്ലാ വർഷവും പ്രധാനമന്ത്രിമാർ ആതിഥ്യം വഹിക്കുന്ന ഒരു ചടങ്ങാണ് ഇത്.
എന്നാൽ കാട്ടുതീ പടരുമ്പോൾ സ്വീകരിക്കുന്ന നിലപാടുകളുടെ പേരിൽ സ്കോട്ട് മോറിസൻ കടുത്ത വിമർശനം നേരിടുന്നുണ്ട്.
രാജ്യം കത്തിയെരിയുമ്പോൾ കുടുംബവുമൊത്ത് വിദേശത്ത് അവധിയാഘോഷിക്കാൻ പോയത് കടുത്ത വിമർശനം വിളിച്ചുവരുത്തിയിരുന്നു. അഗ്നിശമന വിഭാഗങ്ങൾക്ക് കൂടുതൽ സഹായം നൽകില്ല എന്ന് അദ്ദേഹം ആദ്യം പ്രഖ്യാപിച്ചതും കടുത്ത എതിർപ്പിന് ഇടയാക്കി.
റോഡിലുറങ്ങി ആയിരങ്ങൾ
അതിനിടെ, കാട്ടുതീ മൂലം വീടുകളിൽ നിന്ന് ഒഴിപ്പിച്ച ആയിരക്കണക്കിന് പേർ ഇന്നലെ രാത്രി ഉറങ്ങിയത് ദേശീയ ഹൈവേയിലാണ്.
തെക്കൻ ന്യൂ സൗത്ത് വെയിൽസിലെ നൗറയ്ക്ക് സമീപത്തുള്ള ഉല്ലാഡുല്ല, യൂറോബോഡല്ല തുടങ്ങിയ പ്രദേശങ്ങളിലുള്ളവർക്കായിരുന്നു ഈ അനുഭവം.
കാട്ടുതീ പടരുന്നതിനാൽ ഇവിടെയുള്ളവരോട് ഒഴിഞ്ഞുപോകാൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ പ്രിൻസസ് ഹൈവേ അടച്ചതിനാൽ കിലോമീറ്ററുകൾ നീളുന്ന ഗതാഗതക്കുരുക്കാണ് ഉണ്ടായത്.
കാറുകൾ അനക്കാൻ പോലും കഴിയാതെ പത്തു മണിക്കൂറോളം കാത്തിരുന്നവരും കൂട്ടത്തിലുണ്ട്.
തുടർന്ന് പലരും റോഡരികിൽ തന്നെ ക്യാംപിംഗ് ബെഡുകൾ വിരിച്ച് ഉറങ്ങി. കുട്ടികളെ വരെ റോഡരികിൽ കിടത്തിയാണ് പല കുടുംബങ്ങളും ഉറക്കിയത്.

