ഓസ്ട്രേലിയയിൽ ഈ വർഷം നികുതി റിട്ടേൺ സമർപ്പിക്കുമ്പോൾ ഇടത്തരം വരുമാനമുള്ളവർക്ക് 1080 ഡോളർ വരെ സർക്കാരിൽ നിന്ന് തിരികെ ലഭിക്കും. ഫെഡറൽ സർക്കാരിന്റെ 158 ബില്യന്റെ നികുതി പാക്കേജ് പാർലമെന്റിൽ പാസായി.
സ്കോട്ട് മോറിസൻ സർക്കാർ കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച നികുതി ഇളവ് പദ്ധതികളാണ് പാർലമെന്റിന്റെ ഇരുസഭകളിലും പാസാക്കിയിരിക്കുന്നത്.
ലേബർ പാർട്ടിയുടെയും ടാസ്മേനിയൻ സ്വതന്ത്ര സെനറ്റർ ജാക്കി ലാംബിയുടെയും പിന്തുണയോടെയാണ് ബിൽ സെനറ്റിൽ പാസായത്. 56 സെനറ്റർമാർ ബില്ലിനെ അനുകൂലിച്ച് വോട്ടു ചെയ്തപ്പോൾ ഒമ്പതു പേർ എതിർത്തു.
ഈ വർഷം നികുതി റിട്ടേൺ സമർപ്പിക്കുമ്പോൾ ഇളവ് ലഭിക്കും
ബില്ലിൽ ചില ഭേദഗതികൾ വേണമെന്ന് ലേബർ ആവശ്യപ്പെട്ടെങ്കിലും സഭയിൽ ഈ ആവശ്യം വിജയിച്ചില്ല. തുടർന്ന് ലേബർ സർക്കാർ ബില്ലിനെ പൂർണമായും പിന്തുണയ്ക്കുകയായിരുന്നു. സാധാരണക്കാർക്ക് നികുതി ഇളവ് കിട്ടുന്നതിനെ തടയില്ല എന്നു പ്രഖ്യാപിച്ചുകൊണ്ടാണ് ലേബർ ബില്ലിനെ പിന്തുണച്ചത്.
2018-19 സാമ്പത്തിക വർഷത്തേക്കുള്ള മുൻകൂർ പ്രാബല്യത്തോടെയാണ് ഈ നികുതി ഇളവ് നിലവിൽ വരുന്നത്.

The Morrison government notched up its first major win as its tax cuts package cleared parliament. (AAP) Source: AAP
നിങ്ങൾക്ക് എന്തു ഗുണം ലഭിക്കും?
മൂന്നു ഘട്ടങ്ങളിലായാണ് ഈ ആദായ നികുതി ഇളവ് നടപ്പാക്കുന്നത്. മുൻകാല പ്രാബല്യത്തോടെ വരുന്ന ആദ്യഘട്ടം കുറഞ്ഞ വരുമാനം മുതൽ ഇടത്തരം വരുമാനം വരെ നേടുന്നവരെ സഹായിക്കുന്നതാണ്. 2022-23 മുതലുള്ള രണ്ടാം ഘട്ടത്തിൽ മികച്ച വരുമാനം നേടുന്നവർക്ക് നികുതി കുറയും.
2024-25ലാണ് മൂന്നാം ഘട്ടം. ഏറ്റവുമധികം വരുമാനം നേടുന്ന ഓസ്ട്രേലിയക്കാർക്കാണ് ഇത് സഹായകരമാകുക. ഈ വകുപ്പ് ഒഴിവാക്കണമെന്നായിരുന്നു ലേബറിന്റെ ഒരു ആവശ്യം.
ഒന്നാം ഘട്ടം
1,26,000 ഡോളർ വരെ വാർഷിക വരുമാനം നേടുന്നവർക്ക് വർഷം 1080 ഡോളർ വരെ ആദായനികുതിയിൽ ഇളവ് നൽകുന്നതാണ് ഈ ഘട്ടം. കഴിഞ്ഞ സാമ്പത്തിക വർഷം മുതൽ ഇത് പ്രാബല്യത്തിൽ വരും. അതായത്, ഇപ്പോൾ നികുതി റിട്ടേൺ സമർപ്പിക്കുമ്പോൾ ഈ ഇളവ് ലഭിക്കും.
ടാക്സ് ഓഫ്സെറ്റ് എന്നാണ് ഈ ഇളവിനെ വിളിക്കുന്നത്.
48,000 ഡോളറിനും 90,000 ഡോളറിനും ഇടയിൽ വരുമാനമുള്ളവർക്കാണ് 1080 ഡോളർ പൂർണമായും ലഭിക്കുക. അതിൽ കുറവും കൂടുതലും വരുമാനമുള്ളവർക്ക് തിരിച്ചുകിട്ടുന്ന തുകയിൽ ആനുപാതികമായ കുറവുണ്ടാകും.
21,000 മുതൽ 37,000 വരെ ഡോളർ വാർഷിക വരുമാനം നേടുന്ന എല്ലാവർക്കും 255 ഡോളറായിരിക്കും ലഭിക്കുക.
അടുത്ത നാലു വർഷത്തേക്കായിരിക്കും ഇത് പ്രാബല്യത്തിലുണ്ടാവുക.
രണ്ടാം ഘട്ടം
നാലു വർഷം കഴിയുമ്പോൾ, 2022-23 മുതൽ നിലവിൽ വരുന്ന രണ്ടാം ഘട്ടത്തിൽ 19 ശതമാനം നികുതി ഈടാക്കുന്നതിനുള്ള വരുമാന പരിധിയിൽ മാറ്റം വരും. നിലവിൽ 41,000 ഡോളർ വരെയുള്ള വരുമാനത്തിനാണ് 19 ശതമാനം നികുതി. ഇത് 45,000 ഡോളർ വരെയാക്കി ഉയർത്തും.
32.5 ശതമാനം നികുതി നിരക്കിനുള്ള പരമാവധി വരുമാനം നിലവിലെ 90,000 ഡോളറിൽ നിന്ന് 1,20,000 ഡോളറാക്കിയും ഉയർത്തും.
1,20,000 ഡോളറിൽ കൂടുതൽ വരുമാനമുള്ളവർക്കാണ് ഇത് പ്രയോജനപ്രദമാകുക. ഇത്തരം വരുമാനക്കാർക്ക് 2023 മുതൽ വർഷം 2565 ഡോളർ വീതം നികുതി കുറയും.
മൂന്നാം ഘട്ടം
ഏറ്റവും ഉയർന്ന വരുമാനക്കാർക്ക് പ്രയോജനപ്രദമാകുന്ന ഈ ഘട്ടമാണ് ടാക്സ് പാക്കേജിൽ ഏറ്റവും വിവാദമായതും.
37ശതമാനം എന്ന നികുതി നിരക്ക് ഇല്ലാതാക്കും. 45,000 മുതൽ രണ്ടു ലക്ഷം ഡോളർ വരെ വാർഷിക വരുമാനമുള്ളവരുടെ നികുതി നിരക്ക് 30 ശതമാനമാക്കി നിജപ്പെടുത്തും.
ഫലത്തിൽ ഉയർന്ന വരുമാനം നേടുന്നവർക്ക് വലിയ രീതിയിലുള്ള ഇളവാണ് ഇതുവഴി ലഭിക്കുന്നത്.

Source: AAP
രണ്ടു ലക്ഷം ഡോളർ വരുമാനമുള്ളവർക്ക് 11,640 ഡോളറായിരിക്കും ഇപ്പോഴത്തേതിനെ അപേക്ഷിച്ച് 2025 മുതൽ ആദായനികുതിയിൽ കുറവ് വരിക.
60,000 ഡോളർ വാർഷിക വരുമാനമുള്ളവർക്ക് അടുത്ത പത്തു വർഷം കൊണ്ട് 15,000 ഡോളറിന്റെ ലാഭമുണ്ടാകുമെന്നും സർക്കാർ സൂചിപ്പിക്കുന്നു.
ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമാണെങ്കിൽ മറ്റുള്ളവർക്കായും ഷെയർ ചെയ്യുക. ഇത്തരത്തിലുള്ള കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കും SBS മലയാളം ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക)