തെളിവുകൾ
പൊലീസിന്റെ രഹസ്യാന്വേഷണത്തിൽ അരുൺ കമലാസനൻ കുറ്റം സമ്മതിക്കുന്ന വീഡിയോ-ഓഡിയോ ദൃശ്യങ്ങളാണ് കേസിലെ ഏറ്റവും പ്രധാന തെളിവായി പ്രോസിക്യൂഷൻ ജൂറിക്കു മുന്നിൽ ഹാജരാക്കിയത്.
കുറ്റം സമ്മതിക്കുന്നതിന്റെ ഓഡിയോ
സാമിനെ കൊലചെയ്തത് താനാണെന്ന് അരുൺ കമലാസനൻ തന്നെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരോട് തുറന്നു പറയുന്നതിന്റെ ഓഡിയോ റെക്കോർഡിങ് ആണ് പ്രധാനപ്പെട്ട തെളിവുകളിൽ ഒന്ന്.
കൊല ചെയ്ത രീതിയെക്കുറിച്ചും അരുൺ ഈ ഓഡിയോ റെക്കോർഡിങ്ങിൽ വെളിപ്പെടുത്തുന്നുണ്ട്. ഓറഞ്ച് ജ്യൂസിൽ സയനൈഡ് ചേർത്ത് സാമിന്റെ വായിലേക്ക് ഒഴിച്ച് കൊടുക്കുകയായിരുന്നുവെന്നും ഓറഞ്ച് ജ്യൂസിൽ സയനൈഡ് നന്നായി കലരുന്നതുകൊണ്ടാണ് ഈ ജ്യൂസ് തന്നെ തെരഞ്ഞെടുത്തതെന്നും അരുൺ പറയുന്നുണ്ട്.
കൂടാതെ, സാം കൊല്ലപ്പെടുന്നതിന് തലേദിവസം രാത്രി 10 മണി മുതൽ വെളുപ്പിനെ 3.30 വരെ സാമിന്റെ വീട്ടിലും പരിസരത്തുമായി ഒളിച്ചുനിന്ന ശേഷം ആരുമറിയാതെ അരുൺ വീടിനുള്ളിൽ പ്രവേശിക്കുകയായിരുന്നുവെന്നും, അതിനു ശേഷം അവോക്കാഡോ ഷെയ്ക്കിൽ മയക്കി കിടത്താനുള്ള മരുന്നിടുകയും, ഓറഞ്ചു ജ്യൂസിൽ സയനൈഡ് കലർത്തി സാമിന്റെ വായിലേക്ക് ഒഴിച്ചു കൊടുക്കുകയുമായിരുന്നു എന്നും അരുൺ ഇതിൽ പറയുന്നുണ്ട്.
ഏറെ നാളത്തെ പദ്ധതിക്ക് ശേഷമാണ് ഈ കോല നടത്തിയതെന്ന് അരുൺ തുറന്നു പറയുന്നതും വിചാരണയിൽ കോടതി പരിശോധിച്ചിരുന്നു.
കൊലപാതകം നടത്തിയ രീതി അരുൺ വരച്ചുകാട്ടി
എങ്ങനെ സാമിന്റെ വീട്ടിൽ കടന്നുവെന്നതിനെ സംബന്ധിച്ച വിവരങ്ങൾ അരുൺ കമലാസനൻ തന്നെ രഹസ്യാന്വേഷണോദ്യാഗസ്ഥർക്ക് വരച്ചു കാട്ടുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് കൊലപാതകവുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാനപ്പെട്ട തെളിവ്.
സാം മരിക്കുന്നതിന്റെ തലേ ദിവസം രാത്രി 10 മണിയോടെ സാമിന്റെ വീടിന്റെ പരിസരത്തു എത്തിയ അരുൺ വീട്ടുമുറ്റത്തെ കുറ്റിച്ചെടികൾക്കിടയിൽ മറഞ്ഞു നിന്നു. കാറിൽ പുറത്തു പോയ സോഫിയ വീട്ടിൽ തിരിച്ചെത്തിയപ്പോൾ, കാറിനു പിന്നാലെ സോഫിയ അറിയാതെ ഗാരേജിൽ പ്രവേശിച്ചു എന്നാണ് ഇതിൽ അരുൺ പറയുന്നത്. പിന്നീട് ആരുമറിയാതെ വീടിനുള്ളിൽ പ്രവേശിച്ചു.
ഇതിന്റെയെല്ലാം സ്കെച്ച് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരോട് അരുൺ വരച്ചുകാട്ടിയതിനു പിന്നാലെയായിരുന്നു രണ്ടു പ്രതികളുടെയും അറസ്റ്റുണ്ടായത്.
സോഫിയക്കെതിരായി സാഹചര്യ തെളിവുകൾ
സോഫിയയെ പോലീസ് ചോദ്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ കോടതി അന്തിമ വിചാരണയിൽ പരിശോധിച്ചു. ഇതിൽ താൻ ആരെയും കൊന്നിട്ടില്ല എന്ന് സോഫിയ പറയുന്നു. സോഫിയക്കെതിരെ സാഹചര്യ തെളിവുകൾ മാത്രമാണ് ഉള്ളതെന്നാണ് പ്രോസിക്യൂഷൻ അറിയിച്ചത്.
സോഫിയ അറിയാതെ കൊലപാതകം നടക്കില്ല എന്നും ഇതിൽ ഗൂഢാലോചന നടന്നിട്ടുണ്ട് എന്നും പ്രോസിക്യഷൻ വ്യക്തമാക്കി.
വീട്ടിൽ അവോക്കാഡോ ഷേക്ക് ഉണ്ടാക്കുമെന്നതും, അന്നേ ദിവസം രാത്രി സോഫിയ പുറത്തുപോകുമെന്നതും അരുണിന് എങ്ങനെ അറിയാമെന്നാണ് പ്രോസിക്യഷൻ കോടതിയിൽ ചോദിച്ചത്. സോഫിയ പറഞ്ഞാൽ മാത്രമേ ഇക്കാര്യങ്ങൾ അരുൺ അറിയുകയുള്ളൂ.
മാത്രമല്ല, ബലപ്രയോഗമൊന്നും കൂടാതെ വീടിനുള്ളിൽ അരുണിന് എങ്ങനെ കയറാൻ കഴിഞ്ഞുവെന്നും സാമിന്റെ വായിലേക്ക് സയനൈഡ് കലർത്തിയ ഓറഞ്ച് ജ്യൂസ് ഒഴിച്ചുകൊടുക്കുമ്പോൾ ഒരേ കട്ടിലിൽ കിടന്ന സോഫിയ എങ്ങനെ അറിയാതിരുന്നു എന്നുമായിരുന്ന പ്രോസിക്യൂഷന്റെ വാദം. അതുകൊണ്ടു തന്നെ സോഫിയക്ക് കൊലപാതകാലത്തിൽ പങ്കുണ്ട്.
പ്രതികളുടെ ബന്ധം തെളിയിക്കാൻ ഡയറിക്കുറിപ്പുകൾ
അരുണിന്റേയും സോഫിയയുടെയും ബന്ധം തെളിക്കുന്ന നിരവധി തെളിവുകളാണ് വിചാരണയിൽ പ്രോസിക്യൂഷൻ ഹാജരാക്കിയത്.
ഇതിൽ ഏറ്റവും പ്രധാനപ്പെട്ട തെളിവുകളിൽ ഒന്നായിരുന്നു പ്രതികളുടെ ഡയറിക്കുറിപ്പുകൾ. 2013 ജനുവരി മുതൽ സോഫിയ ഡയറിക്കുറിപ്പുകൾ എഴുതിയിരുന്നു. ഇംഗ്ലീഷിലും, ഹിന്ദിയിലും മലയാളത്തിലുമുള്ള ഈ ഡയറിക്കുറിപ്പുകളിൽ ഇരുവരും തമ്മിലുള്ള പ്രണയത്തെ സൂചിപ്പിക്കുന്ന നിരവധി വാചകങ്ങളും ഉണ്ടായിരുന്നു.
സമാനമായ വിധത്തിൽ അരുൺ കമലാസനനും എഴുതിയിരുന്ന ഡയറികുറിപ്പുകളും കോടതിയിൽ ഹാജരാക്കിയിരുന്നു.
ഇവർ ഒരുമിച്ച് ജീവിക്കാൻ വേണ്ടിയാണ് സാം എബ്രഹാമിനെ വധിച്ചത് എന്നായിരുന്നു പ്രൊസിക്യൂഷന്റെ കേസ്.
പ്രതികൾക്ക് സംയുകത ബാങ്ക് അക്കൗണ്ട്
സാം മരിക്കുന്നതിന് മുൻപ് സോഫിയയും അരുണും കോമൺവെൽത്ത് ബാങ്കിൽ ജോയിന്റ് അക്കൗണ്ട് തുറന്നിരുന്നു എന്നതാണ് പ്രതികൾക്കെതിരെയുള്ള മറ്റൊരു പ്രധാനപ്പെട്ട തെളിവ്.
അരുണിന്റെ പേരിൽ റജിസ്റ്റർ ചെയ്ത മൊബൈൽ ഫോൺ സോഫിയ ഉപയോഗിച്ചിരുന്നതിന്റെയും ഇതിൽ നിന്നും അരുണിന്റെ ഫോണിലേക്ക് നടത്തിയ കോളുകളുടെ ലിസ്റ്റും തെളിവുകളായി ജൂറിക്ക് മുന്നിൽ പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു.
ഇതിനു പുറമെ മരണമടഞ്ഞതിന് ശേഷം സാമിന്റെ പേരിലുള്ള കാർ അരുണിന്റെ പേരിലേക്ക് മാറ്റിയതിന്റെ തെളിവുകളും കോടതി പരിശോധിച്ചു.
h4 dir="ltr">പ്രതികൾ ഒരുമിച്ചുള്ള ദൃശ്യങ്ങൾ
പ്രതികൾ രണ്ടു പേരും ഒരുമിച്ചു കാറിൽ സഞ്ചരിക്കുന്നതിന്റെ ചിത്രങ്ങളും CCTV ഇമേജുകളും പ്രോസിക്യൂഷൻ ജൂറിക്ക് മുന്നിൽ ഹാജരാക്കിയിരുന്നു.
സാമിന്റെ മരണശേഷം ഇവർ ഒരുമിച്ച് പുറത്തു പോകുന്നതിന്റെയും ഒരേ മേശയിലിരുന്ന് ഉച്ചഭക്ഷണം കഴിക്കുന്നതിന്റെയും ചിത്രങ്ങൾ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ എടുത്തിരുന്നു. ഇത് തെളിവായി കോടതിയിൽ ഹാജരാക്കി. കൂടാതെ, ഇരുവരും ഒരേ കാറിൽ യാത്ര ചെയ്യുന്നതിന്റെയും, ട്രെയിനിൽ കയറാൻ പോകുന്നതിന്റെയും CCTV ഇമേജുകളും കോടതി പരിശോധിച്ചിരുന്നു.
കൂടാതെ അരുണിനൊപ്പം താമസിച്ച മലയാളിയായ അജി പരമേശ്വരന്റെ മൊഴിയും സോഫിയ ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ ഉടമയുടെ മൊഴിയും ജൂറി പരിശോധിച്ചു.
വാദങ്ങൾ
രണ്ടു പ്രതികളും കുറ്റം നിഷേധിച്ചിരുന്നു. പ്രോസിക്യൂഷന്റെ വാദങ്ങളെ പൂർണമായും എതിർക്കുകയാണ് പ്രതികളുടെ അഭിഭാഷകർ ജൂറിക്കു മുന്നിലും ചെയ്തത്.
അരുണിന്റെ തുറന്നുപറച്ചിൽ കളവ്
അരുൺ സൗമ്യനായ ഒരു വ്യക്തിയാണെന്നും, വലിയ കാര്യങ്ങൾ ചെയ്യുന്നു എന്ന് സ്ഥാപിക്കനായി രഹസ്യാന്വേഷണ ഉദ്യോഗസ്ഥരോട് അരുൺ വീരവാദം പറഞ്ഞതാണെന്നുമായിരുന്നു അരുണിന്റെ അഭിഭാഷകന്റെ വാദം. മാത്രമല്ല അരുണിന്റെ ഫോറൻസിക് തെളിവുകളോ വിരലടയാളമോ ഒന്നും തന്നെ സംഭവസ്ഥലത്തു നിന്നും ലഭിച്ചിട്ടില്ല. അതിനാൽ ആ ദിവസം അരുൺ അവിടെ ഉണ്ടായിരുന്നു എന്നതിന് തെളിവുകൾ ഇല്ലായെന്നും അരുണിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.
സോഫിയക്ക് പങ്കില്ല
സാമിന്റെ മരണം കൊലപാതകം തന്നെയാണെന്ന് സോഫിയയുടെ അഭിഭാഷകർ സമ്മതിച്ചെങ്കിലും ഇതിൽ സോഫിയക്ക് പങ്കില്ല എന്നായിരുന്നു വാദം.
സാമിനൊപ്പം കുട്ടിയുമൊത്ത് ഒരേ കട്ടിലിൽ കിടക്കുമ്പോൾ ഭർത്താവിനെ കൊല്ലാൻ സോഫിയ സമ്മതിക്കില്ല എന്നും കുട്ടിയുടെ ഭാവി കണക്കിലെടുത്ത് സോഫിയ അതിന് തയ്യാറാവില്ല എന്നും അഭിഭാഷകൻ കോടതിയിൽ വാദിച്ചു. പ്രതികൾ തമ്മിൽ സൗഹൃദത്തിനപ്പുറം ഒരു ബന്ധമുണ്ട് എന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നും അഭിഭാഷകൻ വാദിച്ചു.
കൂടാതെ വീട്ടിൽ ആരും അതിക്രമിച്ചു കയറിയിട്ടില്ല എന്നതിന് തെളിവില്ലാത്തത് സോഫിയക്കെതിരെയുള്ള തെളിവായി ഉപയോഗിക്കരുതെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു.
എന്നാൽ അരുണിനെതിരെയുള്ള തെളിവുകൾ വളരെ വ്യക്തമാണെന്നും, രഹസ്യാന്വേഷണ ഉദ്യോഗസ്ഥരോട് അരുൺ പറഞ്ഞ കാര്യങ്ങൾ അവിശ്വസിക്കേണ്ടതില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു.
കുട്ടിയെക്കുറിച്ചുള്ള ആശങ്ക സംഭവം നടക്കുമ്പോൾ എന്തുകൊണ്ട് സോഫിയക്ക് ഉണ്ടായില്ല എന്നായിരുന്നു പ്രോസിക്യൂഷന്റെ മറ്റൊരുവാദം.

