Highlights
- ഓസ്‌ട്രേലിയയുടെ പല ഭാഗങ്ങളിലും താപനില ഉയരും
- ഉഷ്ണകാറ്റ് അനുഭവപ്പെടും
- ഹീറ്റ് സ്ട്രോക്ക്, ഹീറ്റ് സ്ട്രെസ് പോലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് അധികൃതരുടെ മുന്നറിയിപ്പ്
ഓസ്‌ട്രേലിയ ഡിസംബർ ഒന്നിനാണ് ഔദ്യോഗികമായി വേനൽക്കാലത്തിലേക്ക് കടക്കുന്നത്.
എന്നാൽ നവംബറിൽ തന്നെ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ റെക്കോർഡ് ചൂട് അനുഭവപ്പെടുമെന്ന കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കഠിനമായ ഉഷ്ണകാറ്റ് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾക്ക് ആരോഗ്യം ശ്രദ്ധിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
വരും ദിവസങ്ങളിൽ പലയിടങ്ങളിലും താപനില 48 ഡിഗ്രിക്ക് മേൽ ഉയരുമെന്നും രാജ്യത്ത് ഇതുവരെ കാണാത്ത ചൂടാകും ഈ മാസം ഉണ്ടാകുന്നതെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
സൗത്ത് ഓസ്‌ട്രേലിയയിലും പടിഞ്ഞാറൻ വിക്ടോറിയയിലും ബുധനാഴ്ച 30 ഡിഗ്രി ചൂടിലേക്ക് എത്തും.
വ്യാഴാഴ്ചയോടെ ചൂട് വീണ്ടും വർധിക്കുകയും വെള്ളിയാഴ്‌ച 40 ഡിഗ്രിയിലേക്ക് എത്താനുമാണ് സാധ്യത.
അഡ്‌ലൈഡിൽ വാരാന്ത്യത്തിൽ താപനില തുടർച്ചയായി 40 ഡിഗ്രിയിലേക്ക് ഉയരുമെന്നാണ് പ്രവചനം.
മാത്രമല്ല സൗത്ത് ഓസ്‌ട്രേലിയയുടെ കിഴക്കൻ പ്രദേശങ്ങളിൽ 46 മുതൽ 47 വരെ ചൂട് അനുഭവപ്പെടുമെന്നും കാലാവസ്ഥാകേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്.
സൗത്ത് ഓസ്‌ട്രേലിയയിലെ Oodnadatta, റോക്സ്ബി ഡൗൺസ്, ടാർകൂള എന്നീ പ്രദേശങ്ങളിലും ക്വീൻസ്ലാന്റിലെ ബേഡ്‌സ്‌വില്ലിലും കഠിന ചൂട് അനുഭവപ്പെടും. ടാർകൂളയിൽ ശനിയാഴ്ച താപനില 48.7 ഡിഗ്രി വരെ ഉയരും.
സിഡ്‌നിയിലും വാരാന്ത്യത്തിൽ 40 ഡിഗ്രി ചൂട് അനുഭവപ്പെടും.
ചെറിയതോതിലുള്ള കടൽക്കാറ്റ് മെൽബണിലെ സ്ഥിതിയിൽ കുറച്ച് മാറ്റം
വരുത്തും. ഇവിടെ ചൂട് കുറഞ്ഞുവരാനുള്ള സാധ്യതയാണ് അധികൃതർ വിലയിരുത്തുന്നത്.
തിങ്കളാഴ്ചയോടെ ഇവിടങ്ങളിൽ ചൂടിന് അല്പം ആശ്വാസം ലഭിക്കുമെങ്കിലും, വടക്കൻ ന്യൂ സൗത്ത് വെയിൽസിലേക്കും തെക്ക് കിഴക്കൻ ക്വീൻസ്‌ലാന്റിലേക്കും ഉഷ്ണക്കാറ്റ് വീശാനാണ് സാധ്യത.