കൊറോണവൈറസ് ബാധ മൂലം പ്രതിസന്ധിയിലേക്ക് നീങ്ങുന്ന കെട്ടിട നിർമ്മാണമേഖലയെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി ഹോം ബിൽഡർ പദ്ധതി പ്രഖ്യാപിച്ചത്.
വീടു നവീകരിക്കുന്നവർക്കും, പുത്തൻ വീടു വാങ്ങാനോ വയ്ക്കാനോ ശ്രമിക്കുന്നവർക്കും 25,000 ഡോളർ ഗ്രാന്റ് നൽകുന്നതാണ് പദ്ധതി.
വീടു വാങ്ങാനുള്ള സ്വപ്നം കൊറോണവൈറസ് ബാധ മൂലം തകർന്നടിഞ്ഞു എന്ന് കരുതിയവരെ ഈ പദ്ധതി സഹായിക്കും എന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
എന്നാൽ പ്രതീക്ഷിച്ച പോലെ പദ്ധതി പ്രയോജനപ്രദമാകില്ല എന്ന വിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്.
കർശന വ്യവസ്ഥകൾ
ഹോം ബിൽഡർ പദ്ധതിക്ക് അർഹരാകാൻ നാലു പ്രധാന വ്യവസ്ഥകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
- 18 വയസിനു മേൽ പ്രായമുള്ള ഓസ്ട്രേലിയൻ പൗരൻ. കമ്പനിയോട ട്രസ്റ്റോ ആകാൻ പാടില്ല അപേക്ഷിക്കുന്നത്
- വാർഷിക വരുമാന പരിധി – ദമ്പതികൾക്ക് രണ്ടു ലക്ഷം ഡോളർ, ഒറ്റയ്ക്ക് ജീവിക്കുന്ന വ്യക്തിയാണെങ്കില് 1,25,000 ഡോളർ
- നവീകരണത്തിനായി ചെലവഴിക്കേണ്ടത് 1,50,000 ഡോളറിനും 7,50,000 ഡോളറിനും ഇടയിലുള്ള തുകയാണ്. നവീകരണത്തിന് മുമ്പ് വീടിന്റെ മൂല്യം ഒന്നര മില്യണിൽ താഴെയായിരിക്കണം.
- വീടുവയ്ക്കുകയോ പുത്തൻ വീടു വാങ്ങുകയോ ചെയ്യുകയാണെങ്കിൽ 7,50,000 ഡോളർ വരെയുള്ള വീടുകൾക്ക് ഗ്രാന്റ് ലഭിക്കും (സ്ഥലവില ഉൾപ്പെടെ)
സ്വന്തമായി ജീവിക്കാനുള്ള വീടിനു മാത്രമേ ഇത് ലഭിക്കുള്ളൂ എന്നും, ഇൻവെസ്റ്റ്മെന്റ് പ്രോപ്പർട്ടിക്ക് ലഭിക്കില്ല എന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല, നീന്തൽക്കുളമോ ടെന്നീസ് കോർട്ടോ പോലെ വീടിനോട് ചേർന്നു നടത്തുന്ന നിർമ്മാണങ്ങൾക്ക് നവീകരണ ഗ്രാന്റ് ലഭിക്കില്ല.
PRകാർക്ക് നിരാശ
പദ്ധതി പൗരൻമാർക്ക് മാത്രമായി നിജപ്പെടുത്തിയിരിക്കുന്നതാണ് പെർമനന്റ് റെസിഡന്റ്സി വിസയിലുള്ളവരെ നിരാശപ്പെടുത്തിയിരിക്കുന്നത്.
പൊതുവിൽ ഓസ്ട്രേലിയയിൽ വീടു നിർമ്മാണവുമായോ വീടു വാങ്ങുന്നതുമായോ ബന്ധപ്പെട്ടുള്ള ആനുകൂല്യങ്ങളെല്ലാം പൗരൻമാർക്കും പെർമനന്റ് റെസിഡന്റ്സിനും ഒരുപോലെ ബാധകമാണ്. ഫസ്റ്റ് ഹോം ബയർ ഗ്രാന്റും, സ്റ്റാമ്പ് ഡ്യൂട്ടി ഇളവും പോലുള്ള ആനുകൂല്യങ്ങൾ PRലുള്ളവർക്കും ലഭിക്കും.

Prime Minister Scott Morrison announces the new HomeBuilder stimulus package in the NSW town of Googong. Source: AAP
എന്നാൽ പൗരൻമാർക്ക് മാത്രമേ ഹോം ബിൽഡർ ആനുകൂല്യം ലഭിക്കൂ എന്നത്, പുതിയ വീടു വാങ്ങാൻ ശ്രമിക്കുന്ന ഒട്ടേറെ കുടിയേറ്റക്കാർക്ക് തിരിച്ചടിയാകുമെന്ന് മെൽബണിൽ റിയൽ എസ്റ്റേറ്റ് ഏജന്റായ സിമ്രാൻ ഖത്ര പറഞ്ഞു.
പദ്ധതിയെക്കുറിച്ച് കേട്ടപ്പോൾ ഏറെ പ്രതീക്ഷയോടെയാണ് PR വിസയിലുള്ള പലരും കാത്തിരുന്നതെന്നും, എന്നാൽ ഈ വ്യവസ്ഥകൾ അവരെ നിരാശപ്പെടുത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നവീകരണ ഗ്രാന്റ് ആർക്ക്?
ഒന്നര ലക്ഷം ഡോളറെങ്കിലും നവീകരണത്തിന് ചെലവഴിച്ചാൽ മാത്രമേ ഗ്രാന്റ് ലഭിക്കുള്ളൂ എന്ന വ്യവസ്ഥ സാധാരണക്കാർക്ക് ഗുണകരമല്ലെന്ന് പ്രതിപക്ഷം ആരോപിച്ചു.
ഇത്രയും തുക മുടക്കി അടുക്കളയോ ബാത്ത്റൂമോ നവീകരിക്കാൻ എത്ര പേർക്ക് കഴിയും എന്നാണ് പ്രതിപക്ഷ നേതാവ് ആന്റണി അൽബനീസി കുറ്റപ്പെടുത്തിയത്.
ട്രേഡീ രംഗത്തുള്ള ചെറുകിടക്കാരെ സഹായിക്കാനാണെങ്കിൽ കുറഞ്ഞ തുകയുടെ നവീകരണത്തിനും സഹായം നൽകണമെന്നും, ഒന്നര ലക്ഷം ഡോളറിനു മുകളിലുള്ള നവീകരണ കരാറുകൾ വൻകിട കോൺട്രാക്ടർമാർക്കാകും ലഭിക്കുകയെന്നും പ്രതിപക്ഷ പാർട്ടികൾ കുറ്റപ്പെടുത്തി.