വര്‍ണം വരച്ച് ദോഹ
ദോഹ നഗരത്തിന്റെ മുക്കിലും മൂലയിലും ലോകകപ്പ് ആവേശമാണ്.
കിരീടത്തിന്റെ കൂറ്റന്‍ മാതൃകകളൊരുക്കിയും, പങ്കെടുക്കുന്ന രാജ്യങ്ങളുടെ ദേശീയ പതാകകള്‍ കൊണ്ട് തോരണം കെട്ടിയും ഖത്തര്‍ ലോകത്തെ ദോഹയിലേക്ക് ക്ഷണിക്കുന്നു.

ലുസൈല്‍ നഗരത്തിലാണ് ഏറെ ആവേശം കണ്ടത്. ഖത്തറിലെ അറബികളും ലോകകപ്പ് കാണാനെത്തിയ സന്ദര്‍ശകരും, ഇന്ത്യക്കാരും – പ്രത്യേകിച്ച് മലയാളികൾ - ലുസൈല്‍ നഗരത്തിനെ ആവേശക്കടലാക്കുകയാണ്.
മലയാളികളായ ബ്രസീല്‍, അര്‍ജന്റീന പോര്‍ച്ചുഗല്‍ ആരാധകര്‍ നഗരത്തില്‍ നടത്തിയ റാലികള്‍ ഏറ്റവുമധികം അത്ഭുതപ്പെടുത്തിയത് ഈ നാട്ടുകാരെ തന്നെയായിരുന്നു.
ആരാധകക്കളം കോര്‍ണിഷ്
ആഘോഷങ്ങളൊരുക്കി കാത്തിരിക്കുകയാണ് ദോഹയിലെ കോര്‍ണിഷ്. അറബിക്കടലിനോടു ചേര്‍ന്ന് ആവേശങ്ങള്‍ക്കായി ഒരു അരങ്ങ്.
ഇസ്ലാമിക് ആര്‍ട്ട് മ്യൂസിയം മുതല്‍ ഷെറാട്ടണ്‍ ഹോട്ടല്‍ വരെ ആറുകിലോമീറ്ററിലേറെ ദൂരത്തിലാണ് ദൃശ്യചാരുതയോടെ വര്‍ണവിസ്മയം ഒരുക്കിയിട്ടുള്ളത്. കടലില്‍ മൂന്ന് ക്രൂസ് കപ്പലുകള്‍ നങ്കൂരമിട്ടിട്ടുണ്ട്.

ഈന്തപ്പനയോലയുടെ ആകൃതിയില്‍ പ്രഭ പരത്തി കമനീയമായ തെരുവുവിളക്കുകള്‍.
കളിയിലേക്കുള്ള സമയദൂരം അടയാളപ്പെടുത്തുന്ന കൗണ്ട്ഡൗണ്‍ ക്ലോക്കിനരികെ അര്‍ധരാത്രിയിലും ചിത്രം പകര്‍ത്താന്‍ വിവിധ രാജ്യക്കാരായ ആരാധകരുടെ തിരക്ക്.
'ഫിഫ വേള്‍ഡ്കപ്പ് ഖത്തര്‍ 2022' എന്ന് ഇംഗ്ലീഷില്‍ തീര്‍ത്ത കൂറ്റന്‍ ഇരുമ്പ് കട്ടൗട്ടിനുമുന്നിലും ആളുകളേറെ. അതേമാതൃകയില്‍, വഴിയരികിലെ പുല്‍ത്തകിടിയില്‍ 32 ടീമുകളുടെയും പേരുകളെഴുതിയ കട്ടൗട്ടുകള്‍. കാഴ്ചകളുടെ വൈവിധ്യമൊരുക്കി കോര്‍ണിഷ് ലോകത്തെ ക്ഷണിച്ചുകഴിഞ്ഞു.
നവംബര്‍ 21ന് പുലർച്ചെ സിഡ്നി/മെൽബൺ സമയം മൂന്നു മണിക്ക് ആതിഥേയരായ ഖത്തറും ഇക്വഡോറും ഏറ്റുമുട്ടുന്നതോടെ ഫുട്ബോളിന്റെ വിശ്വമാമാങ്കത്തിന് തുടക്കമാകും. പിന്നെയുള്ള 29 ദിവസങ്ങള്‍ ലോകം മുഴുവന്‍ ഖത്തറിലേക്ക് ചുരുങ്ങും.
സ്‌റ്റേഡിയങ്ങളിലേക്ക്
ഖത്തറിലെത്തിയ ശേഷം സ്‌റ്റേഡിയങ്ങളിലേക്ക് നടത്തിയ യാത്രയാണ് ഏറ്റവും മനോഹരമായത്. ലുസൈലും അല്‍ ബെയ്ത്തും ഖലീഫയും 974ഉം ഒക്കെ ഖത്തറികളുടെ അഭിമാനത്തിനു മകുടം ചാര്‍ത്തി നില്‍ക്കുകയാണ്.
കടലിലേക്കിറങ്ങി നില്‍ക്കുന്ന സ്റ്റേഡിയമാണ് ലുസൈല്‍. ഒരു നഗരം തന്നെ അവര്‍ ഉണ്ടാക്കിയിരിക്കുകയാണ്. ഇവിടെ ഓരോ ദിവസവും നൂറുകണക്കിന് ആരാധകരാണ് എത്തുന്നത്.
കേട്ടറിഞ്ഞതും വായിച്ചറിഞ്ഞതുമായ അനുഭൂതിയല്ല സ്റ്റേഡിയം നേരില്‍ കാണുമ്പോള്‍ അനുഭവപ്പെട്ടത്. ഈ ലോകകപ്പിനായി ഖത്തര്‍ ഒരുക്കിയ ഏറ്റവും വലിയ സ്റ്റേഡിയമാണിത്. 80,000 പേർക്കിരിക്കാം.
രൂപ ഭംഗിയിലും നിര്‍മാണ സാങ്കേതികത്വത്തിലും എഞ്ചിനീയറിങ് വൈദഗ്ധ്യത്തിലും അത്ഭുതമാണ് ദോഹയില്‍ നിന്നും 15 കിലോമീറ്റര്‍ അകലെയുള്ള ഈ കളിമുറ്റം.

അറബ് പൈതൃകവും പാരമ്പര്യവും പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് സ്റ്റേഡിയത്തിന്റെ നിര്‍മാണം.
ചരിത്രപാരമ്പര്യത്തിന്റെ പ്രതിഫലനമായ ഫാനര്‍ റാന്തല്‍ വിളക്കും മധുരസ്മരണകളുയര്‍ത്തുന്ന അതിന്റെ നേര്‍ത്ത നിഴലും വെളിച്ചവും സമന്വയിപ്പിച്ച്, ഒരു പുരാതന യാനപാത്രത്തിന്റെ ആകൃതിയാണ് സ്റ്റേഡിയത്തിന്.
ലോകകപ്പിനു ശേഷം, 20,000സീറ്റുകളിലേക്ക് കപ്പാസിറ്റി കുറയ്ക്കും. രൂപഭംഗി നിലനിര്‍ത്തി കമ്യൂണിറ്റി ഹബും ഹെല്‍ത്ത് ക്ലിനിക്കും മറ്റുമായി മാറും.
വായിച്ചറിഞ്ഞ കൗതുകങ്ങളാണ് 974 സ്റ്റേഡിയത്തിലെത്തിച്ചത്. കേള്‍ക്കുമ്പോള്‍ തന്നെ അറിയാം ഇത് നമ്പറുകളുടെ ഒരു കളിയാണെന്ന്.
റീസൈക്കിള്‍ ചെയ്ത 974 ഷിപ്പിങ് കണ്ടെയ്നറുകള്‍ കൊണ്ട് ഒരു സ്റ്റേഡിയം നിര്‍മിച്ചിരിക്കുന്നു. ഖത്തറിന്റെ അന്താരാഷ്ട്ര കോളിങ് കോഡ് കൂടിയാണ് 974.

ഇരട്ടപ്രത്യേകതകള്‍ മാലചാര്‍ത്തിയ ഈ സ്റ്റേഡിയം ആരാധകരുടെ പ്രിയപ്പെട്ട ഇടമാകുമെന്നതില്‍ തര്‍ക്കമില്ല. സ്റ്റേഡിയത്തിനു മുന്നില്‍ ലോകകപ്പിന്റെ വലിയ മാതൃക സ്ഥാപിച്ചിരിക്കുന്നു.
ഖത്തറിന്റെ കളിവഴി
2010-ലാണ് ഖത്തറിന് ലോകകപ്പ് വേദി അനുവദിച്ചത്. അന്ന് മുതല്‍ ഖത്തര്‍ ഈ സ്വപ്നം അത്ഭുതമാക്കിമാറ്റി ലോകത്തെ കാണിച്ചുകൊടുക്കാനുള്ള ഓട്ടപ്പാച്ചിലിലായിരുന്നു.
അതിന്റെ ശുഭകരമായ പര്യവസാനത്തിനുള്ള അവസാനവട്ട ഒരുക്കത്തിലാണ് രാജ്യം മുഴുവന്‍.
ഏറെ വിവാദങ്ങളും വെല്ലുവിളികളും അതിജീവിച്ചാണ് ഖത്തര്‍ എന്ന കൊച്ചു അറേബ്യന്‍ രാജ്യം ലോകകപ്പ് ഫുട്‌ബോളിനായി സര്‍വസജ്ജമായിട്ടുള്ളത്.

കോഴ വിവാദം ഉള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ക്കാണ് ലോകകപ്പ് വിസ്മയമാക്കി മാറ്റി ഖത്തര്‍ മറുപടി നല്‍കുന്നത്.
ഖത്തര്‍ രാജാവ് ഷെയ്ഖ് തമിം ബില്‍ ഹമദ് അല്‍ താനി നേരിട്ട് നേതൃത്വം വഹിച്ചാണ് രാജ്യത്തെ ഈ വിശ്വമാമാങ്കത്തിനായി തയ്യാറാക്കിയത്.
അദ്ദേഹത്തിന്റെ കീഴില്‍ മന്ത്രിമാര്‍ 24 മണിക്കൂറും ഖത്തര്‍ ഫു്ട്ബോള്‍ അസോസിയേഷനും ഈ മഹാമേളക്കായി തയ്യാറെടുത്തു. ലോകത്തിലെ അതിപ്രഗ്ത്ഭരായ എഞ്ചിനീയര്‍മാര്‍ മുതല്‍ സാങ്കേതിക വിദഗ്ധരെ വരെ ഇതിനായി അവര്‍ രാജ്യത്തേക്ക് കൊണ്ടുവന്നു.
നീണ്ട പത്ത് വര്‍ഷത്തെ കഠിനാദ്ധ്വാനത്തിന്റെയും അര്‍പ്പണബോധത്തിന്റെയും ഒടുവിലാണ് ഖത്തര്‍ ലോകകപ്പിനായി ഒരുങ്ങിയിരിക്കുന്നത്.
ഖത്തറിന് ലോകകപ്പ് അനുവദിച്ചതിനെതിരെ ഉയര്‍ന്ന വിവാദങ്ങള്‍ക്കുള്ള മറുപടികൂടിയാണ് മഹാമേള നടത്തിപ്പിലൂടെ നല്‍കുന്നത്. ഫിഫ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ക്ക് എണ്ണപ്പണത്തിന്റെ അഹങ്കാരത്തില്‍ കൈക്കൂലികൊടുത്താണ് ലോകകപ്പ് തങ്ങളുടെ മണ്ണിലേക്ക് ഖത്തര്‍ എത്തിച്ചതെന്നായിരുന്നു പ്രധാന ആരോപണം.
എന്നാല്‍ പത്ത് വര്‍ഷം മുന്‍പുള്ള ഖത്തറല്ല ഇന്നത്തേതെന്ന് ഇവിടെ ജോലിക്കായി എത്തിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരും മറ്റ് വിദേശരാജ്യങ്ങളില്‍ നിന്നെത്തിയവരും തുറന്നു സമ്മതിക്കുന്നുണ്.
200 ബില്യൺ ഡോളറിലേറെയാണ് ലോകകപ്പിന്റെ തയ്യാറെടുപ്പുകൾക്കായി ഖത്തർ ചെലവഴിച്ചത്. പുതിയ സ്റ്റേഡിയ നിര്‍മ്മാണം, നവീകരണം, റോഡ് വികസനം, കെട്ടിടങ്ങളും മറ്റ് അത്യാധുനിക സൗകര്യങ്ങള്‍ ഒരുക്കല്‍, മുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുവരെയാണ് ഇത്രയും തുക ചെലവഴിച്ചത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പേ തന്നെ, 2006ല്‍ ഏഷ്യന്‍ ഗെയിംസും 2019-ല്‍ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പും നടത്തി ലോകത്തെ ഞെട്ടിച്ചവരാണ് ഖത്തര്‍ എന്ന കൊച്ചു രാജ്യം.
അതിനപ്പുറം ലോകകപ്പ് ഫുട്ബോളും ഈ കുഞ്ഞുനാട്ടിൽ ഭദ്രമാണ് എന്നു തെളിയിക്കാനാണ് അടുത്ത ഒരു മാസത്തിൽ ഖത്തറികളുടെ ശ്രമം.
(മെട്രോ വാർത്ത പത്രത്തിന്റെ സ്പോർട്സ് എഡിറ്റററാണ് ലേഖകൻ.)


