മലയാളികൾ അറിഞ്ഞിരിക്കേണ്ട എല്ലാ ഓസ്ട്രേലിയൻ വാർത്തകളും വിശേഷങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ - SBS മലയാളം വെബ്സൈറ്റ് ബുക്ക്മാർക്ക് ചെയ്യുക...
ഓസ്‌ട്രേലിയയിൽ വാക്‌സിനേഷൻ പദ്ധതി പുരോഗമിക്കുകയാണ്. രാജ്യത്തെ ആയിരത്തിലേറെ ജി പി ക്ലിനിക്കുകൾ വഴി മാർച്ച് 22 മുതൽ വാക്‌സിനുകൾ വിതരണം ചെയ്യുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.
ഏറ്റവും അടുത്ത ജി പി ക്ലിനിക്കുകളിൽ വാക്‌സിനേഷനായി ബുക്ക് ചെയ്യാൻ ഒരു വെബ്സൈറ്റും സർക്കാർ തുടങ്ങിയിട്ടുണ്ട്.
മുൻഗണനാ പട്ടികയിലുള്ള 70 വയസ്സിന് മേൽ പ്രായമായവർ, 55 വയസ്സിന് മേൽ പ്രായമുള്ള ആദിമവർഗ-ടോറസ് സ്ട്രൈറ്റ് ഐലന്റുകാർ, ആരോഗ്യ പ്രശ്നനങ്ങളുള്ള മുതിർന്നവർ, അപകട സാധ്യത കൂടുതലുള്ള മേഖലയിൽ ജോലി ചെയ്യുന്നവർ, 1a ഘട്ടത്തിൽ വാക്‌സിനേഷൻ ലഭിക്കാത്ത ആരോഗ്യ പ്രവർത്തകർ എന്നിവർക്കാണ് ഈ ഘട്ടത്തിൽ വാക്‌സിനേഷൻ ലഭിക്കുക.
ഇതിന് പുറമെ 100 കോമൺവെൽത് ക്ലിനിക്കുകൾ വഴിയും വാക്‌സിൻ വിതരണം ചെയ്യുമെന്ന് ആരോഗ്യ മന്ത്രി ഗ്രെഗ് ഹണ്ട് വ്യാഴാഴ്ച അറിയിച്ചു. ജി പി ക്ലിനിക്കുകൾക്കുള്ള സമ്മർദ്ദം കുറയ്ക്കാനാണിത്.
ചെറിയ ക്ലിനിക്കുകൾക്ക് അവരുടെ രോഗികൾക്ക് മുൻഗണന കൊടുത്ത ശേഷമാകും മറ്റുള്ളവരെ പരിഗണിക്കാൻ കഴിയുക. എന്നാൽ കോമൺവെൽത്ത് ക്ലിനിക്കുകളിൽ എല്ലാ രോഗികൾക്കും പരിഗണന നൽകുമെന്ന് ഗ്രെഗ് ഹണ്ട് വ്യക്തമാക്കി.
ആഴ്ചയിൽ ശരാശരി ആയിരം ഡോസുകൾ വിതരണം ചെയ്യാൻ ശേഷിയുള്ള 100 ക്ലിനിക്കുകൾ ആകും ഇതെന്നും ഇതിലൂടെ കൂടുതൽ പേർക്ക് വാക്‌സിൻ നൽകാൻ കഴിയുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
വാക്‌സിനേഷൻ സ്വീകരിക്കാൻ നിങ്ങൾ യോഗ്യരാണോ എന്നത് ഫെഡറൽ ആരോഗ്യ വകുപ്പിന്റെ eligibility tool ലൂടെ അറിയാം.
സർക്കാർ വെബ്സൈറ്റ് പ്രവർത്തിക്കുന്നത് എങ്ങനെ?
ഒന്നാം ഘട്ട (1b) വിഭാഗത്തിൽപ്പെടുന്നവർക്ക് വാക്‌സിൻ വിതരണം ചെയ്യുന്ന നിങ്ങളുടെ അടുത്തുള്ള ജി പി ക്ലിനിക്കുകൾ ഏതെന്ന് കണ്ടെത്താനും വാക്‌സിനേഷനായി ബുക്ക് ചെയ്യാനും സർക്കാരിന്റെ Vaccine Eligibility Checker സഹായിക്കും.
സ്വയം വാക്‌സിനേഷൻ സ്വീകരിക്കുന്നതിനായും മറ്റാർക്കെങ്കിലും വേണ്ടിയും ഇതുവഴി ബുക്ക് ചെയ്യാവുന്നതാണ്.
വരും ദിവസങ്ങളിൽ വാക്‌സിനേഷൻ വിതരണം ചെയ്യുന്ന കൂടുതൽ ക്ലിനിക്കുകളുടെ പട്ടികയും ഇതിൽ ഉൾപ്പെടുന്നുണ്ട്.
എന്തൊക്കെ വിവരങ്ങളാണ് നിങ്ങൾ നൽകേണ്ടത്?
നിങ്ങൾ ഏത് സംസ്ഥാനത്തോ ടെറിട്ടറിയിലോ ആണ് താമസിക്കുന്നത്, നിങ്ങളുടെ പ്രായം, ക്വാറന്റൈൻ കേന്ദ്രങ്ങളിലോ അതിർത്തിയിലോ ആണോ നിങ്ങൾ ജോലി ചെയ്യുന്നത്, നിങ്ങൾ മുൻനിര ആരോഗ്യ പ്രവർത്തകരോ ഡിസബിലിറ്റി കെയറിലോ റെസിഡൻഷ്യൽ ഏജ്ഡ് കെയറിലോ ജോലി ചെയ്യുന്നവരാണോ തുടങ്ങിയ വിവരങ്ങൾ നൽകണം.
കൂടാതെ നിങ്ങൾ ഡിഫൻസ്, പോലീസ്, അഗ്‌നിശമനസേന, എമർജൻസി സേവനം, മാംസ സംസ്കരണ കേന്ദങ്ങൾ, വിദേശത്ത് നിയോഗിച്ചിട്ടുള്ള സർക്കർ ജീവനക്കാർ, വാക്‌സിൻ നിർമാണത്തിലോ വിതരണത്തിലോ ജോലി ചെയ്യുന്നവർ ഉൾപ്പെടെ അപകട സാധ്യത കൂടുതലുള്ള മേഖലകളിലാണോ നിങ്ങൾ ജോലി ചെയ്യുന്നതെന്ന കാര്യങ്ങളും നൽകേണ്ടതുണ്ട്.
മാത്രമല്ല ഈ മേഖലകളിൽ ജോലി ചെയ്യുന്നയാളാണെങ്കിൽ വാക്‌സിനേഷൻ ലഭിക്കും മുൻപ് അതിന്റെ തെളിവ് കാണിക്കുകയും വേണം.
നിങ്ങൾ ഏജ്ഡ് കെയറിലോ ഡിസബിലിറ്റി കെയറിലോ കഴിയുന്നയാളാണോ, അബോർജിനൽ ടോറസ് സ്ട്രൈറ്റ് ഐലന്റർ വിഭാഗത്തിൽപ്പെട്ടയാളാണോ, നിങ്ങൾക്ക് ആരോഗ്യ പ്രശ്നങ്ങൾ എന്തെങ്കിലും ഉണ്ടോ തുടങ്ങിയ കാര്യങ്ങളും വാക്‌സിനേഷനായി ബുക്ക് ചെയ്യുമ്പോൾ നൽകണം.
ഇനി വിവരങ്ങൾ കൊടുത്ത ശേഷം ഒന്നാം ഘട്ടത്തിൽ (1a) യിലോ (1b) യിലോ വാക്‌സിനേഷൻ സ്വീകരിക്കാൻ നിങ്ങൾ യോഗ്യരല്ലെങ്കിൽ നിങ്ങളുടെ അവസരം വരുമ്പോൾ നിങ്ങളെ വിവരം അറിയിക്കാനും നിങ്ങൾക്ക് അഭ്യർത്ഥിക്കാം.
എങ്ങനെ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാം?
മാർച്ച് 22 മുതൽ ജി പി ക്ലിനിക്കുകളിൽ നിന്ന് വാക്‌സിൻ സ്വീകരിക്കാനായി Vaccine Clinic Finder' എന്ന വെബ്സൈറ്റിൽ ബുക്ക് ചെയ്യാം. നിങ്ങളുടെ പോസ്റ്റ് കോഡോ താമസിക്കുന്ന സ്ഥലത്തിന്റെ പേരോ നൽകിയാൽ അടുത്തുള്ള ജി പി ക്ലിനിക്കുകൾ ഏതെന്ന് അറിയാൻ കഴിയും.
ഇതിൽ തന്നെ എവിടെയൊക്കെയാണ് ഒഴിവുകൾ ഉള്ളതെന്നും കാണിക്കും. ഇവിടെ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാം. ഇത് ക്ലിനിക്കുകളുടെ ഫോൺ നമ്പറിലേക്കോ ഓൺലൈൻ ബുക്കിംഗ് സംവിധാനലേത്തിലേക്കോ ആകും ബന്ധിപ്പിച്ചിരിക്കുന്നത്.
നിലവിൽ ആയിരത്തിലേറെ ജി പി ക്ലിനിക്കുകൾ വഴി വാക്‌സിൻ വിതരണം ചെയ്യുന്നുണ്ട്. ഏപ്രിൽ അവസാനത്തോടെ നാലായിരത്തിലേറെ ക്ലിനിക്കുകളിൽ നിന്ന് വാക്‌സിൻ സ്വീകരിക്കാൻ കഴിയുമെന്നാണ് ഫെഡറൽ സർക്കാർ അറിയിച്ചിരിക്കുന്നത്. ഇതിന് പുറമെയാണ് കോമൺവെൽത് ക്ലിനിക്കുകൾ കൂടി തുടങ്ങുന്നത്.