ഓസ്‌ട്രേലിയയിൽ കൊവിഡ് വാക്‌സിൻ വിതരണം ആരംഭിച്ചെങ്കിലും രാജ്യാന്തര യാത്രകൾ എന്ന് സാധ്യമാകുമെന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. ഇതേക്കുറിച്ച് ഫെഡറൽ സർക്കാരും ആരോഗ്യ വിദഗ്ധരും പറയുന്നത് എന്താണെന്ന് അറിയാം.
ഏത് സാഹചര്യത്തിലാകും ഓസ്ട്രേലിയ രാജ്യാന്തര അതിർത്തി തുറക്കുന്നത്?
ഓസ്ട്രേലിയ രാജ്യാന്തര അതിർത്തി തുറക്കുന്നത് ഈ വര്ഷം ജൂൺ 17 വരെ ഫെഡറൽ സർക്കാർ നീട്ടി. അതായത് വിദേശത്തേക്ക് യാത്ര ചെയ്യുന്നതിനും വിദേശത്തു നിന്ന് ഓസ്‌ട്രേലിയയിലേക്ക് എത്തുന്നതിനും ഇപ്പൊൾ അനുവാദമില്ല.
രാജ്യത്ത് വാക്‌സിനേഷൻ നൽകി തുടങ്ങിയെങ്കിലും പൊതുസമൂഹത്തിന്റെ ആരോഗ്യ സംരക്ഷണത്തിൽ വാക്‌സിനേഷൻ പൂർണ പരിഹാരമായി സർക്കാർ കണക്കാക്കുന്നില്ല. മറിച്ച് ഒരു മറ്റൊരു പ്രതിരോധ നടപടിയായി മാത്രമേ കണക്കാക്കുന്നുള്ളുവെന്നാണ് ആരോഗ്യ വകുപ്പ് അറിയിച്ചിരിക്കുന്നത്.
രാജ്യാന്തര അതിർത്തി തുറക്കുന്നതിന് മുൻപ് നിരവധി കാര്യങ്ങൾ കണക്കിലെടുക്കേണ്ടതുണ്ടെന്ന് യൂണിവേഴ്സിറ്റി ഓഫ് സിഡ്‌നിയിലെ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ക്ലിനിക്കൽ പകർച്ചവ്യാധിവിദഗ്ധയായ ഡോ. ഫിയോണ സ്റ്റനാവെ പറഞ്ഞു.
മറ്റ് രാജ്യങ്ങളിൽ ഇപ്പോഴും കൊവിഡ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ഓസ്‌ട്രേലിയയിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തേണ്ടത് ആവശ്യമാണെന്നും ഡോ. ഫിയോണ ചൂണ്ടിക്കാട്ടി.
വാക്‌സിനേഷൻ നല്കാൻ തുടങ്ങിയെങ്കിലും വൈറസ് പടരുന്നത് തടയാൻ ഇവ എത്രത്തോളം സഹായിക്കുമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല എന്നതും കണക്കാക്കേണ്ടതുണ്ടെന്ന് ഡോ. ഫിയോണ സൂചിപ്പിച്ചു.
രാജ്യാന്തര യാത്രകൾ എന്ന് സാധ്യമായേക്കും?
മറ്റ് വിദേശ രാജ്യങ്ങളിൽ ഇപ്പോഴും കൊവിഡ് പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ 2022 ആദ്യ പാദത്തിന് മുൻപായി യാത്രകൾ സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് ട്രാവൽ റിസ്ക് മാനേജ്‌മെന്റ് ഇൻഷുറർ ആയ വേൾഡ് ട്രാവൽ പ്രൊട്ടക്ഷന്റെ ചീഫ് എക്സിക്യൂട്ടീവ് അഡ്രിയാൻ ലീച് പറഞ്ഞു.
മറ്റ് പല വിദേശ രാജ്യങ്ങൾക്ക് മുൻപ് തന്നെ ഓസ്ട്രേലിയ ചില രാജ്യങ്ങളുമായി അതിർത്തി തുറന്നേക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ഇതിൽ രോഗബാധ ഏറ്റവും കുറവുള്ള തായ്‌വാൻ പോലുള്ള രാജ്യങ്ങളുമായാകും അതിർത്തി ആദ്യം തുറക്കുന്നതെന്നും ഡോ. സ്റ്റാനവെ ചൂണ്ടിക്കാട്ടി.
എന്താണ് വാക്‌സിൻ പാസ്പോർട്ട് ?
വിദേശയാത്ര ചെയ്യുന്നവർക്ക് സുരക്ഷിതമായി യാത്ര ചെയ്യാൻ പല വിമാനകമ്പനികളും "no jab, no fly" നയം നടപ്പിലാക്കാൻ പദ്ധതിയിടുന്നുണ്ട്. അതായത് രാജ്യാന്തര യാത്രകൾ ചെയ്യാനായി വിമാനത്തിൽ കയറാൻ വാക്‌സിൻ നിർബന്ധമാക്കിയേക്കും.
ഈ സാഹചര്യത്തിലാണ് വാക്‌സിൻ പാസ്പോർട്ട് ആവശ്യമായി വരുന്നത്.
യാത്രക്കാർ കൊവിഡ് വാക്‌സിൻ പരിശോധന നടത്തിയിട്ടുണ്ടോ എന്നതിന്റെയും വാക്‌സിൻ സ്വീകരിച്ചിട്ടുണ്ടോ എന്നതിന്റെയും തെളിവായി ഇത് കാണിക്കാം. ഡിജിറ്റൽ ആയോ മാനുവൽ ആയോ ആയിരിക്കും ഈ പാസ്പോർട്ട്.
നിങ്ങൾക്ക് വാക്‌സിനേഷൻ ലഭിച്ചു എന്ന് ഒരു ഡോക്ടർ ഉറപ്പ് നൽകുന്ന രേഖയടങ്ങുന്ന മഞ്ഞ നിറത്തിലുള്ള വാക്‌സിനേഷൻ പാസ്പോർട്ട് ആകാം ഇത്.
ഇനി ഡിജിറ്റൽ ആണെങ്കിൽ വാക്‌സിൻ എടുത്തു എന്ന് നിങ്ങളുടെ ഫോണിൽ തന്നെ അറിയാം.
എന്നാൽ ഓസ്‌ട്രേലിയയിൽ എങ്ങനെയാണ് ഒരു വാക്‌സിനേഷൻ പാസ്പോർട്ട് എന്നത് സംബന്ധിച്ച് ഇപ്പോഴും ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ആരോഗ്യ വകുപ്പ് വക്താവ് അറിയിച്ചു.
വിവിധ തരത്തിലുള്ള പാസ്പോർട്ടുകൾ പുറത്തിറക്കാനുള്ള പദ്ധതിയുണ്ട്. യാത്രക്കാരുടെ പരിശോധനാ വിവരങ്ങളും വാക്‌സിനേഷൻ സ്റ്റാറ്റസും ഉൾപ്പെടുത്തിയിട്ടുള്ള ഡിജിറ്റൽ ഹെൽത്ത് പാസ്പോർട്ടാണ് ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസ്സോസിയേഷൻ (IATA) പുറത്തിറക്കാൻ പദ്ധതിയിടുന്നത്.
വാക്‌സിനേഷന്റെ വിവരങ്ങൾ ഉൾപ്പെടുത്തുന്ന ആപ്പാണ് എയർ ന്യൂസീലാന്റ് പരീക്ഷിക്കാൻ ഒരുങ്ങുന്നത്.
ഓസ്‌ട്രേലിയയിൽ നിന്ന് യാത്രചെയ്യാൻ വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് തുടങ്ങാമോ?
ഓസ്‌ട്രേലിയയിലുള്ള എല്ലാവരും വാക്‌സിനേഷൻ എടുത്തു കഴിഞ്ഞാൽ സാധാരണ രാജ്യാന്തര വിമാന സർവീസുകൾ പുനരാരംഭിക്കുമെന്നാണ് ക്വാണ്ടാസ് അറിയിച്ചിരിക്കുന്നത്.
എന്നാൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊവിഡ് പ്രതിസന്ധി നിലനിൽക്കുന്നതിനാൽ ഉടൻ ടിക്കറ്റ് ബുക്ക് ചെയ്യാതിരിക്കുന്നതാണ് നല്ലതെന്ന് വിദഗ്ധർ ന്നാണ് വിദഗ്ധർ നൽകുന്ന നിർദ്ദേശം.