ഓസ്ട്രേലിയ കുടിയേറ്റക്കാർക്ക് പൗരത്വം അനുവദിച്ചു തുടങ്ങിയത് 1949 മുതലാണ്. ഇതിനോടകം 50 ലക്ഷത്തിലേറെ പേർ ഓസ്ട്രേലിയൻ പൗരത്വം സ്വീകരിച്ചിട്ടുണ്ടെന്നാണ് ഓസ്‌ട്രേലിയൻ ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ.
കുടിയേറ്റക്കാർക്ക് പൗരത്വം അനുവദിച്ചു തുടങ്ങിയ ആദ്യ വർഷം തന്നെ 35 രാജ്യങ്ങളിൽ നിന്നായി 2,493 പേർക്കാണ് പൗരത്വം ലഭിച്ചത്. പിന്നീട് ഓരോ വർഷവും ഓസ്‌ട്രേലിയൻ പൗരന്മാരാകുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത് .
2018-2019ൽ മാത്രം 127,674 പേർക്ക് പൗരത്വം ലഭിച്ചു. കുറഞ്ഞത് 200 രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഈ കാലയളവിൽ ഓസ്‌ട്രേലിയൻ പൗരന്മാരായത്. ഇതിൽ 28,470 പേർ ഇന്ത്യക്കാരാണ്.
അതായത്, ഓസ്‌ട്രേലിയൻ പൗരന്മാരായവരുടെ പട്ടികയിൽ ഏറ്റവും മുൻപിൽ നിൽക്കുന്നത് ഇന്ത്യക്കാരാണ്.
2013-14 മുതൽ 150,000 ഇന്ത്യക്കാർ പൗരത്വം സ്വീകരിച്ചതായാണ് കണക്കുകൾ.

Number of people who acquired Australian citizenship via conferral, by top 10 nationalities (1 July 2018 to 30 June 2019) Source: Supplied
2019 ജനുവരി 26ന് മാത്രം 2,600 ഇന്ത്യക്കാർ ഓസ്‌ട്രേലിയൻ പൗരന്മാരായതായി കുടിയേറ്റ കാര്യ മന്ത്രി ഡേവിഡ് കോൾമാൻ പറയുന്നു.
ഓസ്‌ട്രേലിയൻ പൗരത്വമെടുക്കാൻ ചില നടപടിക്രമങ്ങളും പാലിക്കേണ്ടതുണ്ട്. ഇവയെന്തൊക്കെയെന്ന് നോക്കാം.
പെർമനന്റ് റെസിഡൻസി വേണം:
പെർമനന്റ് റെസിഡൻസി വിസയിൽ ഓസ്‌ട്രേലിയയിൽ തങ്ങുന്നവർക്ക് മാത്രമേ പൗരത്വത്തിനു അപേക്ഷിക്കാൻ യോഗ്യതയുള്ളു. മാത്രമല്ല, രാജ്യത്ത് കുറഞ്ഞത് നാല് വർഷമെങ്കിലും താമസിക്കുകയും അതിൽ ഒരു വര്ഷം പെർമനന്റ് റസിഡന്റ് വിസയിൽ രാജ്യത്ത് ആയിരിക്കുകയും വേണം.
പൗരത്വം ലഭിക്കാൻ എത്രനാൾ കാത്തിരിക്കണം ?
ഓസ്‌ട്രേലിയൻ പൗരത്വത്തിനായുള്ള അപേക്ഷകൾ പരിഗണിച്ച് തീർപ്പാക്കുന്നതിനുള്ള ശരാശരി സമയം 21 മാസം വരെ ആണെന്നാണ് ആഭ്യന്തര വകുപ്പ് പറയുന്നത്.
പൗരത്വത്തിനായുള്ള അപേക്ഷകൾ ഓൺലൈൻ ആയി സമർപ്പിക്കാനാണ് ആഭ്യന്തര മന്ത്രാലയം പ്രോത്സാഹിപ്പിക്കുന്നത് . അപേക്ഷകൾ പരിഗണിക്കുന്നതിലുള്ള കാലതാമസം ഒഴിവാക്കാനാണിത്.

പൗരത്വ പരീക്ഷ :
അപേക്ഷ പരിഗണിച്ചു കഴിഞ്ഞാൽ ഓസ്‌ട്രേലിയയെക്കുറിച്ചും ഇവിടുത്തെ രീതികളെക്കുറിച്ചും അവബോധം വളർത്തുന്ന ഒരു പരീക്ഷ കൂടി വിജയിക്കേണ്ടത് അനിവാര്യമാണ്.
‘Australian Citizenship – Our Common Bond’ എന്ന പേരിൽ ഓൺലൈനിൽ ലഭ്യമായിട്ടുള്ള ഒരു ബുക്‌ലെറ്റിനെ ആസ്പദമാക്കി 20 ചോദ്യങ്ങൾ ഉൾപ്പെടുത്തിയ മൾട്ടിപ്പിൾ ചോയ്‌സ് പരീക്ഷയാണിത്.
ഓസ്‌ട്രേലിയയെക്കുറിച്ചും ഇവിടുത്തെ ജനാധിപത്യ സംവിധാനത്തെക്കുറിച്ചും ജനങ്ങളുടെ അവകാശത്തെക്കുറിച്ചുമെല്ലാം പ്രതിപാദിക്കുന്ന ബുക്‌ലെറ്റാണ് ഇത്.
പരീക്ഷ ജയിക്കാൻ 75 ശതമാനം മാർക്ക് ആവശ്യമാണ്. 18 വയസ്സിൽ താഴെയുള്ളവരും 60 വയസ്സിന് മുകളിൽ പ്രായമുള്ളവരും പൗരത്വ പരീക്ഷ എഴുതേണ്ടതില്ല.
പരീക്ഷയിൽ ജയിക്കാത്തവർക്ക് വീണ്ടും പരീക്ഷ എഴുതുവാനുള്ള അവസരം ലഭിക്കും.
പൗരത്വ നിയമം പരിഷ്കരിക്കാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിച്ചു:
ഓസ്‌ട്രേലിയൻ പൗരത്വ പരീക്ഷ കഠിനമാക്കാൻ സർക്കാർ പദ്ധതിയിട്ടിരുന്നു. ഓസ്‌ട്രേലിയന്‍ പൗരത്വം നേടുന്നത് കടുപ്പമാക്കുന്നതിനായി 2017 ഏപ്രിലിലാണ് അന്നത്തെ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍ പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചത്.
പൗരത്വം നേടുന്നതിന് മികച്ച ഇംഗ്ലീഷ് പ്രാവീണ്യം ഉള്‍പ്പെടെ നിരവധി വ്യവസ്ഥകളാണ് സർക്കാർ മുൻപോട്ടു വച്ചിരുന്നത്.
ഓസ്‌ട്രേലിയന്‍ മൂല്യങ്ങളെക്കുറിച്ചും പരീക്ഷ നടത്തുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ നിയമമാറ്റങ്ങളുമായി മുന്നോട്ടുപോകില്ലെന്ന് കഴിഞ്ഞ വർഷം മധ്യത്തോടെ സർക്കാർ അറിയിച്ചു.
സത്യപ്രതിജ്ഞ :
നിയമപ്രകാരം ഈ നടപടിക്രമങ്ങളെല്ലാം പൂർത്തിയാവുന്നതോടെ പൗരത്വം സ്വീകരിക്കാൻ തയ്യാറാവുന്ന ഓരോരുത്തരും പൗരത്വം ഏറ്റുവാങ്ങാനുള്ള ചടങ്ങിൽ പങ്കെടുക്കേണ്ടതാണ്. അതാത് പ്രാദേശിക കൗൺസിൽ സംഘടിപ്പിക്കുന്ന ഈ ചടങ്ങിൽ വച്ച് പൗരത്വം നൽകുന്നതോടൊപ്പം മേയർ ചൊല്ലിത്തരുന്ന സത്യപ്രതിജ്ഞാ വാചകങ്ങൾ ഓരോരുത്തരും ഏറ്റു ചൊല്ലേണ്ടതാണ്. ഓസ്‌ട്രേലിയയോട് കൂറ് പുലർത്തുമെന്ന പൗരത്വ പ്രതിജ്ഞാ വാചകങ്ങളാണിത് . ദൈവനാമത്തിലും അല്ലാതെയും പ്രതിജ്ഞ എടുക്കാം .
പൗരത്വം നൽകാനുള്ള ചടങ്ങ്:
ഓസ്‌ട്രേലിയൻ പൗരത്വത്തിനായി അപേക്ഷിച്ചവർ പൗരത്വം സ്വീകരിക്കാനായി തെരഞ്ഞെടുക്കുന്ന ദിവസം കൂടിയാണ് ഓസ്‌ട്രേലിയ ദിനമായ ജനുവരി 26.
ഇതിനായി രാജ്യത്തുടനീളം വിവിധ ചടങ്ങുകൾ നടക്കാറുണ്ട്. പ്രാദേശിക കൗൺസിൽ സംഘടിപ്പിക്കുന്ന ഈ ചടങ്ങിൽ വച്ചാണ് ഔദ്യോഗികമായി ഒരു ഓസ്‌ട്രേലിയൻ പൗരനെ പ്രഖ്യാപിക്കുന്നത്.
അന്നേ ദിവസം തന്നെ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താനായി ഓസ്‌ട്രേലിയൻ ഇലക്ട്‌റൽ കമ്മീഷനിൽ പേര് ചേർക്കാവുന്നതാണ്.
ചടങ്ങ് അവസാനിക്കുമ്പോൾ രാജ്യത്തിൻറെ ഒരു നേറ്റീവ് പ്ലാന്റ് അഥവാ രാജ്യത്തിൻറെ സ്വന്തം എന്ന് വിശേഷിപ്പിക്കാവുന്ന ചെടിയുടെ തൈയ്യും വിതരണം ചെയ്യും.