ഓസ്‌ട്രേലിയയിൽ വേനൽ കാലത്താണ് ഏറ്റവും കൂടുതൽ മുങ്ങി മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പ്രത്യേകിച്ചും ക്വീൻസ്ലാൻഡിലെ ബീച്ചുകളിൽ. അതിൽ നല്ലൊരു ശതമാനം ഇന്ത്യൻ വംശജരും ഉൾപ്പെടുന്നു. ഈ അപകടങ്ങൾ ഒഴിവാക്കാൻ സർഫ് ലൈഫ് സേവിങ് ക്വീൻസ്ലാൻഡ് അടുത്തിടെ സുരക്ഷാ നിർദ്ദേശങ്ങൾ നൽകുന്ന ഒരു ലഖുലേഖ പുറത്തിറക്കുകയും ചെയ്തിരുന്നു.
ഓസ്‌ട്രേലിയയിൽ ആകമാനം 11,000 ബീച്ചുകളുണ്ട്. ഇതിൽ ഏതാണ്ട് നാല് ശതമാനം മാത്രമേ രക്ഷാപ്രവർത്തകരുടെ നിരീക്ഷണത്തിലുള്ളു. നല്ലൊരു ശതമാനം ആളുകൾ സ്രാവിൻറെയും ജെല്ലി ഫിഷിന്റെയും മറ്റും ആക്രമണത്തിലാണ് മരണപ്പെടുന്നതെങ്കിലും, മുങ്ങി മരണങ്ങളാണ് ഏറ്റവും കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
1 . സുരക്ഷിതമായ സ്ഥലങ്ങളിൽ നീന്താൻ ശ്രദ്ധിക്കുക
ബീച്ചുകളിൽ നീന്താൻ ഇറങ്ങുമ്പോൾ രക്ഷാപ്രവർത്തകരുടെ സാന്നിധ്യം അറിയിക്കുന്ന കൊടിമരം ഉണ്ടെന്ന് ഉറപ്പ് വരുത്തുക. ചുവപ്പും മഞ്ഞയും നിറങ്ങൾ കലർന്ന കൊടിമരം ഉള്ള പ്രദേശങ്ങളിൽ രക്ഷാപ്രവർത്തകരുടെ സാന്നിധ്യമുണ്ടെന്ന സൂചയാണ് നൽകുന്നത്. അതുകൊണ്ടുതന്നെ നീന്തലിനായി ഈ പ്രദേശങ്ങൾ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.

Source: SBS
2 . അപായ സൂചനകൾ ശ്രദ്ധിക്കുക
ബീച്ചുകളിൽ പൊതുവെ അപകടം പതിയിരിക്കുന്ന സ്ഥലങ്ങളിൽ അപായ സൂചനകൾ നൽകുന്ന ഫലകങ്ങൾ ഉണ്ടാവും. ഇവ നൽകുന്ന നിർദ്ദേശങ്ങൾ ശ്രദ്ധയോടെ പാലിക്കുക. നീന്തൽ നിരോധനം ഏർപ്പെടുത്തിയിരിക്കുന്ന മേഖലകളിൽ നീന്തൽ ഒഴിവാക്കുന്നതാണ് ഉത്തമം.

Source: SBS
3 . സുരക്ഷാ കാര്യങ്ങൾ അറിയുക
ബീച്ചുകളിൽ പാലിക്കേണ്ട സുരക്ഷാ നിർദ്ദേശങ്ങൾ മുൻകൂറായി അറിയാൻ ശ്രമിക്കുക. ഇതിനായി രക്ഷാപ്രവർത്തകരെ സമീപിക്കാവുന്നതാണ്. ബീച്ചുകളിൽ പാലിക്കേണ്ട എല്ലാ സുരക്ഷാ നിർദ്ദേശങ്ങളും നിങ്ങൾക്ക് നൽകാൻ തക്ക പരിശീലനം നേടിയവരാണ് രക്ഷാപ്രവർത്തകർ അഥവാ ലൈഫ് ഗാർഡ്‌സ്.

Source: SBS
4 . ഒറ്റയ്ക്കുള്ള നീന്തൽ ഒഴിവാക്കുക
നിർഭാഗ്യവശാൽ നീന്തലിനിടയിൽ നിങ്ങൾ അപകടത്തിൽപ്പെട്ടാൽ ഒരു പക്ഷെ മറ്റുള്ളവർക്ക് നിങ്ങളെ സഹായിക്കാൻ കഴിഞ്ഞേക്കാം. അതിനാൽ കഴിവതും കൂട്ടുകാരുമൊത്ത് മാത്രം നീന്താൻ ശ്രദ്ധിക്കുക. മുന്നറിയിപ്പുള്ള ഇടങ്ങളിൽ നീന്തൽ ഒഴിവാക്കുക.
Image
5 . സഹായം അഭ്യർത്ഥിക്കുക
അപകടത്തിൽപ്പെട്ടാൽ മറ്റുവരുടെ ശ്രദ്ധ ആകർഷിക്കാൻ ശ്രമിക്കുക. എല്ലാ വശങ്ങളിലേക്കും കൈകൾ വീശിയും, ശബദം ഉണ്ടാക്കിയും രക്ഷാപ്രവർത്തകരുടെയും മറ്റുള്ളവരുടെയും ശ്രദ്ധയാകർഷിക്കാൻ ശ്രമിക്കുക. ഇതിലൂടെ നിങ്ങൾക്ക് വേണ്ട സഹായമെത്തിക്കാൻ അവർക്ക് സാധിച്ചേക്കും.

Source: SBS
6. സൂര്യതാപം ഏൽക്കാതിരിക്കാൻ കരുതലുകൾ എടുക്കുക
ഓസ്‌ട്രേലിയയിൽ വേനൽക്കാലത്തെ കഠിനമായ ചൂട് മൂലം നിരവധി പേർക്ക് സൂര്യതാപാം ഏൽക്കാറുണ്ട്. ഇത് കാൻസർ പോലുള്ള അസുഖങ്ങൾക്ക് കാരണമാവാം. അതുകൊണ്ടു തന്നെ വേനൽക്കാലത്ത് ബീച്ചുകൾ സന്ദർശിക്കുമ്പോൾ സൺസ്ക്രീനും തൊപ്പിയും മറ്റും കരുതുക. ഇതേക്കുറിച്ചുള്ള കൂടുതൽ നിർദ്ദേശങ്ങൾ ഓസ്‌ട്രേലിയൻ കാൻസർ കൌൺസിലിന്റെ വെബ്സൈറ്റിൽ നിന്നും ലഭ്യമാണ്.