വിസ ഫീസ് കൂടും
ഓസ്‌ട്രേലിയയിലെ ഏകദേശം എല്ലാ വിസകളുടെയും അപേക്ഷാ ഫീസ് കൂട്ടാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്.
5.4 ശതമാനം വീതമാണ് വിസകളുടെ ഫീസ് കൂട്ടുന്നത്. ജൂലൈ ഒന്നു മുതല്‍ ഇത് നിലവില്‍വരും.
വിസിറ്റര്‍ വിസ (സബ്ക്ലാസ് 600) ഒഴികെ മറ്റെല്ലാ വിസകള്ക്കും ഈ ഫീസ് വര്‍ദ്ധനവ് ബാധകമാണ്.
ഈ മാറ്റത്തിലൂടെ നാലു വര്‍ഷം കൊണ്ട് 275 മില്യണ്‍ ഡോളര്‍ സ്വരൂപിക്കാം എന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.
ഇംഗ്ലീഷ് പ്രാവീണ്യത്തിന് പോയിന്റ്
സ്‌കില്‍ഡ് മൈഗ്രേഷന്‍ വിസകള്‍ക്ക് അപേക്ഷിക്കുന്ന ദമ്പതികള്‍ക്ക് നേട്ടമാകുന്ന പ്രഖ്യാപനമാണ് ഇത്.
സെക്കന്ററി അപേക്ഷകന്/അപേക്ഷകയ്ക്ക് ഇംഗ്ലീഷില്‍ പ്രാവീണ്യമുണ്ടെങ്കില്‍ (competent English) പ്രൈമറി അപേക്ഷകര്‍ക്ക് അധിക പോയിന്റ് ലഭിക്കും.
നിലവില്‍ സെക്കന്ററി അപേക്ഷകരുടെ വൈദഗ്ധ്യത്തിന് പോയിന്റ് ലഭിക്കണമെങ്കില്‍ നിരവധി കടമ്പകള്‍ കടക്കണമായിരുന്നു. സെക്കന്ററി ആപ്ലിക്കന്റ് 45 വയസില്‍ താഴെയാകണം, ഇംഗ്ലീഷ് വൈദഗ്ധ്യം ഉണ്ടാകണം, അവരുടെ തൊഴില്‍ മേഖല സ്‌കില്‍ഡ് ഒക്യുപേഷന്‍ ലിസ്റ്റില്‍ ഉണ്ടാകണം തുടങ്ങിയവയായിരുന്നു കടമ്പകള്‍.
എന്നാല്‍ സ്‌കില്‍ അസസ്‌മെന്റ് ഇല്ലാതെ തന്നെ സെക്കന്ററി അപേക്ഷകരുടെ ഇംഗ്ലീഷ് പ്രാവീണ്യത്തിന് പോയിന്റ് നല്‍കുമെന്നാണ് പുതിയ പ്രഖ്യാപനം.
അതേസമയം എത്ര പോയിന്റാണ് ഇങ്ങനെ ലഭിക്കുക എന്ന് വ്യക്തമാക്കിയിട്ടില്ലെന്ന് മെല്‍ബണിലെ ഓസ്റ്റ് മൈഗ്രേഷന്‍ ആന്റ് സെറ്റില്‍മെന്റ് സര്‍വീസസിലുള്ള മൈഗ്രേഷന്‍ ഏജന്റ് എഡ്വേര്‍ഡ് ഫ്രാന്‍സിസ് എസ് ബി എസ് മലയാളത്തോട് പറഞ്ഞു.

Source: IELTS
ദമ്പതികളായല്ലാതെ, ഒറ്റയ്ക്ക് അപേക്ഷിക്കുന്നവര്‍ക്കും അധിക പോയിന്റ് നല്‍കും എന്ന് ബജറ്റില്‍ പ്രഖ്യാപനമുണ്ടെങ്കിലും ഇക്കാര്യത്തിലും വ്യക്തത വരുത്തിയിട്ടില്ല.
ഈ വര്‍ഷം നവംബര്‍ മുതലായിരിക്കും മാറ്റം പ്രാബല്യത്തില്‍ വരിക.
കുടിയേറ്റവിസകള്‍ വെട്ടിക്കുറച്ചു
രാജ്യത്തേക്കുള്ള മൊത്തം കുടിയേറ്റവിസകള്‍ വെട്ടിക്കുറയ്ക്കും എന്ന മുന്‍ പ്രഖ്യാപനത്തിന്റെ വിശദാംശങ്ങളും ബജറ്റില്‍ നല്‍കിയിട്ടുണ്ട്.
1,90,000 ല്‍ നിന്നും 1,60,000 വിസകളായാണ് വാര്‍ഷിക കുടിയേറ്റം വെട്ടിക്കുറച്ചിരിക്കുന്നത്. അടുത്ത നാലു വര്‍ഷത്തേക്കാണ് ഈ മാറ്റം.
ഓരോ വിഭാഗത്തിലും അനുവദിച്ചിട്ടുള്ള വിസകളുടെ എണ്ണം ഇവയാണ്.
Stream | 2019-20 |
---|---|
Skilled | |
Employer Sponsored | 30,000 |
Skilled Independent | 18,652 |
State / Territory Nominated | 24,968 |
Skilled Regional | n/a |
Skilled Employer Sponsored | 9,000 |
Skilled Work Regional (Provisional) | 14,000 |
Business Innovation and Investment program | 6,862 |
Global Talent | 5,000 |
Distinguished Talent | 200 |
Skilled total | 108,682 |
Family | |
Partner | 39,799 |
Parent | 7,371 |
Other Family | 562 |
Other | |
Special eligibility | 236 |
Child | 3,350 |
Program total | 162,417 |
പുതിയ റീജിയണല്‍ വിസ; നിലവിലുള്ളവ പിന്‍വലിക്കും
ഈ വര്‍ഷം നവംബര്‍ ഒന്നു മുതല്‍ പുതിയ രണ്ട് റീജിയണല്‍ വിസകള്‍ നിലവില്‍ വരും. രണ്ടാഴ്ച മുമ്പ് പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനം അനുസരിച്ചാണ് ഇത്.
സ്‌കില്‍ഡ് എംപ്ലോയര്‍ സ്‌പോണ്‍സേര്‍ഡ് (പ്രൊവിഷണല്‍) വിസ, സ്‌കില്‍ഡ് വര്‍ക്ക് റീജിയണല്‍ (പ്രൊവിഷണല്‍) വിസ എന്നിവയാണ് ഇത്.
നിലവിലുള്ള രണ്ട് റീജിയണല്‍ വിസകള്‍ പിന്‍വലിച്ചുകൊണ്ടായിരിക്കും ഈ മാറ്റമെന്ന് മൈഗ്രേഷന് ഏജന്റ് എഡ്വേര്‍ഡ് ഫ്രാന്‍സിസ് മലയാളത്തോട് പറഞ്ഞു.
റീജിയണല്‍ വിസകളിലെത്തുന്നവര്‍ക്ക് മൂന്നു വര്‍ഷം കഴിഞ്ഞാല്‍ PR
RSMS വിസ അഥവാ റീജിയണല്‍ സ്‌കില്‍ഡ് മൈഗ്രേഷന്‍ സ്‌കീം (സബ്ക്ലാസ് 187), സ്‌കില്‍ഡ് റീജിയണല്‍ (489) എന്നിവയാണ് പിന്‍വലിക്കുന്നത്.
പുതിയ വിസകളുടെ വിശദാംശങ്ങളും ബജറ്റിലുണ്ട്.
സ്‌കില്‍ഡ് എംപ്ലോയര്‍ സ്‌പോണ്‍സേര്‍ഡ് എന്ന വിഭാഗത്തില്‍ 9,000 വിസകളാണ് ഉള്ളത്.
700 തൊഴില്‍ മേഖലകളിലായിരിക്കും ഈ വിസകള്‍ ലഭ്യമാകുക. നിലവില്‍ പ്രമുഖ നഗരങ്ങളില്‍ ലഭ്യമായ എംപ്ലോയര്‍ സ്‌പോണ്‍സേര്‍ഡ് വിസകളെക്കാള്‍ 450 തൊഴിലുകള്‍ കൂടുതലായിരിക്കും ഈ പട്ടികയില്‍.
സ്‌കില്‍ഡ് വര്‍ക്ക് റീജിയണല്‍ വിസ വര്‍ഷം 14,000 പേര്‍ക്കായിരിക്കും ലഭിക്കുക. ഇതില്‍ 500 തൊഴില്‍ മേഖലകളുണ്ട്. നഗരപ്രദേശങ്ങളിലെ സ്‌കില്‍ഡ് വിസകളെക്കാള്‍ 70 തൊഴിലുകള്‍ കൂടുതല്‍.
ഫാസ്റ്റ് ട്രാക്ക് സംവിധാനത്തിലൂടെയായിരിക്കും ഈ വിസകളുടെ അപേക്ഷ പരിഗണിക്കുക.
അഞ്ചു വര്‍ഷം കാലാവധിയുള്ള വിസകളാണ് ഇവ. മൂന്നു വര്‍ഷം ഈ വിസയില്‍ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ ജീവിച്ച് ജോലി ചെയ്യുന്നവര്‍ക്ക് PR വിസക്കുള്ള യോഗ്യത ഉണ്ടാകും.
റീജിയണല്‍ PR വിസ
ഇതിനു പുറമേ 2022 നവംബര്‍ മുതല്‍ ഉള്‍നാടന്‍ പ്രദേശങ്ങള്‍ക്കായി ഒരു പുതിയ പെര്‍മനന്റ് റെസിഡന്‍സി വിസയും വരുന്നുണ്ട്. പെര്‍മനന്റ് റെസിഡന്‍സ് (സ്‌കില്‍ഡ് റീജിയണല്‍) വിസ എന്നാണ് ഇതിന്റെ പേര്.
സ്‌കില്‍ഡ് എംപ്ലോയര്‍ സ്‌പോണ്‍സേര്‍ഡ് (പ്രൊവിഷണല്‍) വിസയോ, സ്‌കില്ഡ് വര്‍ക്ക് റീജിയണല്‍ (പ്രൊവിഷണല്‍) വിസയോ ഉണ്ടായിരുന്നവര്‍ക്കാണ് ഈ വിസ ലഭിക്കുക.
അതായത്, ഈ നവംബറില്‍ തുടങ്ങുന്ന പ്രൊവിഷണല്‍ വിസകളില്‍ എത്തുന്നവര്‍ മൂന്നു വര്‍ഷം റീജിയണല്‍ പ്രദേശങ്ങളില്‍ ജീവിച്ച് ജോലി ചെയ്താല്‍, അവര്‍ക്ക് ഈ പുതിയ PR വിസയായിരിക്കും ലഭിക്കുക.
ടെംപററി ഗ്രാജ്വേറ്റ് വിസ - റീജിയണല്‍
ഉള്‍നാടന്‍ പ്രദേശങ്ങളില്‍ പഠിച്ച് ബിരുദം നേടുന്ന വിദ്യാര്‍ത്ഥികള്ക്ക് ഒരു വര്‍ഷം അധികം ഓസ്‌ട്രേലിയയില്‍ താമസിക്കാന്‍ അനുവാദം നല്‍കും എന്ന പ്രഖ്യാപനത്തിന്റെ വിശദാംശങ്ങളും ബജറ്റ് നല്കുന്നുണ്ട്.
2021 മുതലായിരിക്കും ഈ ടെംപററി ഗ്രാജ്വേറ്റ് വിസ നിലവില്‍ വരിക.
ഉള്‍നാടന്‍ സര്‍വകലാശാലകളില്‍ നിന്ന് ബിരുദാനന്തര ബിരുദമോ ഉപരിപഠനമോ പൂര്‍ത്തിയാക്കുന്നവര്‍ക്ക് നിലവിലുള്ള പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസക്കൊപ്പം (സബ്ക്ലാസ് 485) ഒരു വര്‍ഷം കൂടി അധികം ലഭിക്കും.
ഓസ്‌ട്രേലിയയില്‍ നിന്ന് അറിയേണ്ട എല്ലാ വാര്‍ത്തകള്‍ക്കും - SBS Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക