ഓസ്ട്രേലിയയിലേക്കെത്തുന്ന പുതിയ കുടിയേറ്റക്കാർ സിഡ്നിയും മെൽബണും പോലെയുള്ള വൻ നഗരങ്ങളിൽ പാർക്കുന്നത് ഒഴിവാക്കാൻ കുടിയേറ്റ നിയമങ്ങളിൽ മാറ്റം വരുത്തുമെന്ന് ഫെഡറൽ സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇതിന്റെ ഭാഗമായിട്ടാണ് രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിലേക്ക് കുടിയേറാൻ താത്പര്യപ്പെടുന്നവരുടെ വിസ അപേക്ഷകൾ ഫാസ്റ്റ് ട്രാക്ക് സംവിധാനത്തിലൂടെ വേഗത്തിൽ പരിഗണിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചത്.
ഇതിനായി 19.4 മില്യൺ ഡോളർ ചിലവിടുമെന്ന് കുടിയേറ്റകാര്യ മന്ത്രി ഡേവിഡ് കോൾമാൻ അറിയിച്ചു.
ചൊവ്വാഴ്ച രാവിലെ കാൻബറയിൽ ചേർന്ന സംസ്ഥാന-ടെറിട്ടറി ട്രഷറർമാരുടെ യോഗത്തിലാണ് മന്ത്രി ഈ പ്രഖ്യാപനം നടത്തിയത്. നഗരങ്ങളിലെ ജനപ്പെരുപ്പവും തിരക്കും കുറയ്ക്കുന്നതിനുള്ള മാർഗ്ഗങ്ങളായിരുന്നു യോഗത്തിലെ പ്രധാന ചർച്ചാ വിഷയം.
സ്‌പോൺസേർഡ് വിസയിൽ ഉൾപ്രദേശങ്ങളിലേക്ക് എത്തുന്നവരുടെ വിസ അപേക്ഷകളും വിദേശ തൊഴിലാളികളെ നിയമിക്കാനുള്ള പ്രാദേശിക കൗൺസിലുകളുടെ ഉടമ്പടിപ്രകാരമുള്ള അപേക്ഷകളുമാണ് അതിവേഗത്തിൽ പരിഗണിക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കി.
നാല് വർഷത്തേക്കാണ് സർക്കാർ ഈ പണം ചിലവഴിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിലെ അധികൃതർ ഉൾനാടൻ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുകയും പ്രാദേശിക വ്യവസായങ്ങൾക്ക് തൊഴിലാളികളെ ലഭിക്കുമെന്ന് ഉറപ്പു വരുത്താൻ ശ്രമിക്കുകയും ചെയ്യുമെന്ന് കുടിയേറ്റകാര്യ മന്ത്രി ഡേവിഡ് കോൾമാൻ പറഞ്ഞു.
പെര്‍മനന്റ് റെസിഡന്‍സി അനുവദിക്കുന്നതിന് മുമ്പ് പുതിയ കുടിയേറ്റക്കാര്‍ അഞ്ചു വര്‍ഷം ഉള്‍നാടന്‍ പ്രദേശങ്ങളില്‍ താമസിച്ചിരിക്കണം എന്ന പദ്ധതിയും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.
കൂടാതെ രാജ്യത്തേക്ക് കുടിയേറുന്നവരുടെ എണ്ണവും വെട്ടിക്കുറയ്ക്കുമെന്നും പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ അറിയിച്ചിരുന്നു.
ഇതിന് പുറമെ ഇംഗ്ലീഷ് പ്രാവീണ്യം കുറഞ്ഞവർക്കും ഓസ്ട്രേലിയയിലേക്ക് കുടിയേറാൻ അനുവാദം നൽകുന്ന ഡെസിഗ്‌നേറ്റഡ് ഏരിയ മൈഗ്രേഷൻ എഗ്രിമെന്റ് അഥവാ ഡാമ കരാറും പ്രാബല്യത്തിൽ വന്നിരുന്നു. നോർത്തേൺ ടെറിട്ടറി സർക്കാരും വിറ്റോറിയയിലെ വാർണാംബൂൽ കൗൺസിലുമാണ് ഡാമ കരാറിന് ഫെഡറൽ സർക്കാരുമായി ഒപ്പ് വച്ചത്.