2019-2020 കാലയളവിൽ ഓസ്‌ട്രേലിയയിലേക്ക് നിരോധിത വസ്തുക്കൾ കൊണ്ടുവന്ന 1,358 ഇന്ത്യക്കാരിൽ നിന്നാണ് പിഴ ഈടാക്കിയത്.
ആപ്പിൾ, പെയർ തുടങ്ങിയ പഴവർഗ്ഗങ്ങളും, ചെടിവിത്തുകളും, സുഗന്ധവ്യഞ്ജനങ്ങളും മറ്റുമാണ് ഇവർ കൊണ്ടുവന്നത്. ഇതേതുടർന്ന് 444 ഡോളർ വീതമാണ് ഇവരിൽ നിന്ന് പിഴ ഈടാക്കിയത്.
ഓസ്‌ട്രേലിയയിൽ കർശന ബയോസെക്യൂരിറ്റി നിയമമാണുള്ളത്. ഇവ ലംഘിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കുകയോ ഇവരുടെ വിസ റദ്ദാക്കി മടക്കി അയക്കുകയോ ചെയ്യും.
ഓസ്ട്രേലിയയിലെ ജൈവ സുരക്ഷ ഉറപ്പാക്കുന്നതിനായി നിരവധി ഭക്ഷണസാധനങ്ങളും, ചെടികളുടെയും മരങ്ങളുടെയോ ഭാഗങ്ങളും, മത്സ്യ-മാംസാദികളുമൊക്കെ കൊണ്ടുവരുന്നത് വിലക്കിയിട്ടുണ്ട്.
ഇത്തരം വസ്തുക്കൾ രാജ്യത്തിൻറെ ബയോസെക്യൂരിറ്റി മേഖലക്ക് ഭീഷണിയുയർത്തുന്നതാണെന്നും ആഫ്രിക്കൻ പന്നി പനി പോലുള്ള അസുഖങ്ങൾ പടരാൻ ഇത് കാരണമാകുമെന്നും കാർഷിക മന്ത്രി ഡേവിഡ് ലിറ്റിൽ പ്രൗഡ് പറഞ്ഞു.
ഓസ്‌ട്രേലിയയിലേക്ക് ഭക്ഷണ വസ്തുക്കളും മറ്റും കൊണ്ടുവരുന്നവർ ഡിക്ലറേഷൻ ഫോമിൽ അവ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്.
ഓസ്ട്രേലിയയിലേക്ക് താൽക്കാലിക വിസകളിലും സന്ദർശക വിസകളിലും എത്തുന്നവർ ബാഗിലുള്ള സാധനങ്ങളെക്കുറിച്ച് വിമാനത്താവളത്തിൽ കള്ളം പറഞ്ഞാൽ ഉടൻ വിസ റദ്ദാക്കി മടക്കി അയയ്ക്കുമെന്ന് നിയമം വ്യക്തമാക്കുന്നുണ്ട്.
ഇത്തരത്തിൽ നിരോധിത വസ്തുക്കൾ കൊണ്ടുവന്ന 14 പേരുടെ വിസയാണ് റദാക്കിയത്. എന്നാൽ ഇതിൽ ഇന്ത്യക്കാർ ഉൾപ്പെടുന്നില്ലെന്ന് ജൈവസുരക്ഷാ വിഭാഗം എസ് ബി എസ് പഞ്ചാബിയോട് പറഞ്ഞു.
നിരോധിത വസ്തുക്കൾ ഡിക്ലയർ ചെയ്യാതെ രാജ്യത്തേക്ക് കൊണ്ടുവരുന്നവർക്ക് 444 ഡോളറാണ് പിഴ.
കൂടുതൽ ഭീഷണി ഉയർത്തുന്ന ചില നിരോധിത വസ്തുക്കൾ കൊണ്ടുവരുന്നവരിൽ നിന്ന് 2664 ഡോളർ പിഴ ഈടാക്കാനുള്ള നിയമ നിർമാണം പാർലമെന്റിന്റെ പരിഗണനയിലാണ്.

A list of banned food items and percentage of undeclared commodities brought in Australia by Indian nationals Source: Supplied
ഗുരുതര നിയമ ലംഘനം നടത്തുന്നത് 444,000 ഡോളർ പിഴയും പത്ത് വര്ഷം വരെ ജയിൽ ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ്.