കൊറോണവൈറസ് ബാധ മൂലമുള്ള സാമൂഹിക നിയന്ത്രണങ്ങളും, സാമ്പത്തിക പ്രതിസന്ധിയും മൂലം പതിനായിരക്കണക്കിന് രാജ്യാന്തര വിദ്യാര്‍ത്ഥികളാണ് ഓസ്‌ട്രേലിയയില്‍ ദുരിതത്തിലായിരിക്കുന്നത്.
യൂണിവേഴ്‌സിറ്റികള്‍ അടച്ചിടുകയും, ജോലി നഷ്ടമാകുകയും ചെയ്തിട്ടും അതിര്‍ത്തി നിയന്ത്രണങ്ങള്‍ കാരണം തിരിച്ചുപോകാന്‍ കഴിയാത്തവരാണ് ഇതില്‍ നല്ലൊരു ഭാഗം പേരും.
ഈ സാഹചര്യത്തില്‍ ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രമിച്ച നിരവധി ഇന്ത്യന്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരിടേണ്ടി വന്ന ദുരനുഭവമാണ് എസ് ബി എസ് പഞ്ചാബി പരിപാടി പുറത്തുകൊണ്ടുവന്നത്.
വാടക നല്‍കാം, സുഹൃത്തുക്കളായാല്‍
2019ല്‍ ഓസ്‌ട്രേലിയയിലേക്ക് പഠനത്തിനായി എത്തിയതാണ് പൂജ*.
കൊറോണവൈറസ് ബാധിച്ചതോടെ മാര്‍ച്ചില്‍ പൂജയ്ക്കുണ്ടായിരുന്ന ജോലി നഷ്ടമായി. ഇതോടെ ഓണ്‍ലൈനായി ഹാന്‍ഡ് സാനിട്ടൈസര്‍ വില്‍ക്കാന്‍ തുടങ്ങിയെന്ന് പൂജ പറയുന്നു.
'ഒരു സോഷ്യല്‍ മീഡിയ പേജില്‍ ഇതു സംബന്ധിച്ച് ഞാന്‍ പോസ്റ്റിട്ടു,' പൂജ പറഞ്ഞു.
'ഞാനൊരു രാജ്യാന്തര വിദ്യാര്‍ത്ഥിയാണെന്നും, പ്രതിസന്ധി ഘട്ടമായതുകൊണ്ടാണ് സാനിട്ടൈസര്‍ വില്‍പ്പന നടത്തുന്നതെന്നും വിശദീകരിച്ചുകൊണ്ടായിരുന്നു പോസ്റ്റ്.'
അധികം വൈകാതെ പൂജയ്ക്ക് മെസേജുകള്‍ ലഭിച്ചു തുടങ്ങി.
എന്റെ വീട്ടു വാടകയുടെ പകുതി വഹിക്കാം എന്നായിരുന്നു ഒരാള്‍ മെസേജ് അയച്ചത്. ഞാന്‍ അയാളുടെ വീട്ടിലേക്ക് ചെന്നാല്‍ സുഹൃത്തുക്കളാമെന്നും, വീട്ടുവാടക നല്‍കാമെന്നുമായിരന്നു പറഞ്ഞത്.
മറ്റു നിരവധി സന്ദേശങ്ങളും കിട്ടിയതായി പൂജ പറയുന്നു.
'ഒരു മണിക്കൂര്‍ മസ്സാജ് ചെയ്തുകൊടുത്താല്‍ 150 ഡോളര്‍ നല്‍കാമെന്നായിരുന്നു ഒരാളുടെ വാഗ്ദാനം.'

A received by Pooja* in response to her social media post to sell sanitisers Source: Supplied
ഏറെ അസ്വസ്ഥതയുണ്ടാക്കുന്നതായിരുന്നു ഈ സന്ദേശങ്ങളെന്ന് പൂജ പറയുന്നു.
'ഞാന്‍ ഡേറ്റ് നല്‍കാമെന്നോ, ലൈംഗിക ബന്ധത്തിന് തയ്യാറാണെന്നോ ഫേസ്ബുക്ക് പോസ്റ്റില്‍ വാഗ്ദാനം ചെയ്തിട്ടില്ല. എന്നിട്ടും എന്‌റെ സാഹചര്യം മുതലെടുക്കാനാണ് നിരവധി പുരുഷന്‍മാര്‍ ശ്രമിച്ചത്.'
മസ്സാജ് ചെയ്തുനല്‍കണമെന്ന ആവര്‍ത്തിച്ചുള്ള ആവശ്യത്തോട് പ്രതികരിക്കാതിരുന്നപ്പോള്‍ തന്നെ ഒരു 'ഇന്റര്‍നാഷണല്‍ ബ്ലാക്ക്‌മെയിലര്‍' എന്നാണ് ഒരാള്‍ വിശേഷിപ്പിച്ചതെന്നും പൂജ പറയുന്നു.
പ്രായം 30കളിലും 40കളിലുമുള്ള പുരുഷന്‍മാരാണ് ഇത്തരം സന്ദേശങ്ങള്‍ അയച്ചതെന്നും പൂജ പറഞ്ഞു. മിക്കവരും കുടുംബമുള്ളവരുമാണ്.

More suggestive messages received by Pooja* Source: Supplied
ഇതില്‍ ഭൂരിഭാഗവും ഇന്ത്യന്‍ വംശജരാണ്
എന്നാല്‍ എല്ലാവരും ഇങ്ങനെ ആയിരുന്നില്ലെന്നും പൂജ വ്യക്തമാക്കി.
ഇന്ത്യന്‍ സമൂഹത്തില്‍ നിന്നുള്ള തന്നെ പലരും സഹായിച്ചതുകൊണ്ടാണ് രണ്ടു മാസം വീട്ടുവാടക നല്‍കാന്‍ കഴിഞ്ഞത്.
സഹായിക്കാന്‍ കഴിയാത്തവര്‍ അതു ചെയ്യണ്ട. എന്നാല്‍ ഇങ്ങനെ ചൂഷണം ചെയ്യാന്‍ ശ്രമിക്കുന്നത് ഒഴിവാക്കിക്കൂടേ.
പൊലീസില്‍ പരാതി
ഒന്നര വര്‍ഷം മുമ്പ് ഓസ്‌ട്രേലിയയിലെത്തിയ സോണിയ* കഴിഞ്ഞ സെമസ്റ്ററിലെ ഫീസ് നല്കാനായി വായ്പക്ക് ശ്രമിക്കുകയായിരുന്നു.
'ജര്‍മ്മനിയിലുള്ള ഒരു ബന്ധുവാണ് ഫീസിനുള്ള പണം അയക്കേണ്ടിയിരുന്നത്. എന്നാല്‍ അത് ലഭിക്കാന്‍ വൈകി.'
ഇതേത്തുടര്‍ന്ന് 2,000 ഡോളര്‍ കടമായി ചോദിച്ചുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റിട്ടുവെന്ന് സോണിയ പറയുന്നു.
മെല്‍ബണിലെ ഒരു ഇന്ത്യന്‍ വംശജന്‍ ഈ തുക നല്‍കാന്‍ തയ്യാറായെന്ന് സോണിയ പറയുന്നു. മാസം 40 ഡോളര്‍ പലിശ ഈടാക്കിക്കൊണ്ട് വായ്പ നല്‍കാമെന്നായിരുന്നു വാഗ്ദാനം.
ആദ്യം മടിച്ചെങ്കിലും, ഫീസ് നല്‍കാന്‍ മറ്റു മാര്‍ഗ്ഗങ്ങളില്ലാത്തതോടെ ഇതിന് സമ്മതിച്ചു.
സോണിയയുടെ വീടിന്റെ വിലാസം ചോദിച്ച് അവിടെയെത്തിയ ഇയാള്‍ പിന്നീട് അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്തു.
എന്നാല്‍ അതിനു ശേഷം ഇയാളില്‍ നിന്ന് വിവിധ സന്ദേശങ്ങള്‍ ലഭിച്ചു തുടങ്ങി.
'എനിക്ക് താല്‍പര്യമില്ലെങ്കില്‍ എന്റെ സുഹൃത്തുക്കളെ ആരെയെങ്കിലും അയക്കാനാണ് ഇയാള്‍ ആവശ്യപ്പെട്ടത്. ഓരോ ഡേറ്റിനും 200 ഡോളര്‍ വീതം നല്‍കാമെന്നായിരുന്നു വാഗ്ദാനം.'

Message received by Sonia* Source: Supplied
ഈ സന്ദേശങ്ങള്‍ ലഭിച്ചതോടെ കടുത്ത ആശങ്കയിലായ സോണിയ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി.
'എന്ന സഹായിച്ചിരുന്ന മറ്റൊരു സ്ത്രീയോടും ഇക്കാര്യം ഞാന്‍ പറഞ്ഞിരുന്നു. ഈ സന്ദേശങ്ങളെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് അവര്‍ ഒരു ഫേസ്ബുക്ക് വീഡിയോ പ്രസിദ്ധീകരിച്ചു.'
മോശം സന്ദേശങ്ങള്‍ അയച്ചിരുന്നയാള്‍ ഈ വീഡിയോയെ കുറിച്ച് അറിഞ്ഞ് തന്നെ വിളിച്ചതായും, താന്‍ ബോധപൂര്‍വമല്ല അത് അയച്ചതെന്ന് പറഞ്ഞതായും സോണിയ വിശദീകരിക്കുന്നു.
'എത്രയും വേഗം അയാളുടെ പണം തിരികെ നല്‍കാനാണ് പൊലീസ് നിര്‍ദ്ദേശിച്ചത്. ഞാന്‍ അത് ചെയ്തു. എന്നാല്‍ അയാള്‍ക്കെതിരെ നടപടിയൊന്നും എടുത്തിട്ടില്ല. എനിക്ക് നേരേ അതിക്രമമൊന്നും ഉണ്ടായിട്ടില്ല എന്നതുകൊണ്ടാണ് പൊലീസ് നടപടിയെടുക്കാത്തത്.'
ഇത്തരത്തിലുള്ള സാഹചര്യത്തിലൂടെ കടന്നുപോകുന്ന നിരവധി രാജ്യാന്തര വിദ്യാര്‍ത്ഥികളെ അറിയാമെന്നും സോണിയ പറയുന്നു.
എന്നാല്‍ പലരും ഇത് തുറന്നുപറയാന്‍ മടിക്കുന്നു എന്നാണ് സോണിയ ചൂണ്ടിക്കാട്ടുന്നത്.

Message received by Sonia* from the man she took a short term loan from Source: Supplied
*പൂജ, സോണിയ എന്നത് യഥാര്‍ത്ഥ പേരുകളല്ല. അവരുടെ സ്വകാര്യത സംരക്ഷിക്കാന്‍ വേണ്ടിയാണ് ഇത്.