ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഓസ്‌ട്രേലിയന്‍ വിസ കിട്ടാന്‍ ഏറെ കാലതാമസമുണ്ടാകുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് വെസ്റ്റേണ്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ രംഗത്തെത്തിയത്.
ഇന്ത്യന്‍ വ്യവയാസ ഭീമന്‍മാരായ ടാറ്റ കമ്പനിയുടെ പ്രതിനിധി സംഘം ഈ കാലതാമസം മൂലം വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലേക്കുള്ള സന്ദര്‍ശനം റദ്ദാക്കിയെന്ന് പ്രീമിയര്‍ മാര്‍ക്ക് മക്ക്‌ഗവന്‍ ചൂണ്ടിക്കാട്ടി.
ടാറ്റ കമ്പനി സന്ദര്‍ശനം റദ്ദാക്കിയതുമൂലം $1.6 മില്യണ്‍ നഷ്ടം
ടാറ്റ കമ്പനിയുടെ 650 അംഗ പ്രതിനിധി സംഘമാണ് നാലു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി വിസ അപേക്ഷ നല്‍കിയിരുന്നത്. വിസയുടെ കാലതാമസം മൂലം ഇവര്‍ സന്ദര്‍ശനം റദ്ദാക്കിയതിലൂടെ സംസ്ഥാനത്തിന് 1.6 മില്യണ്‍ ഡോളറിന്റെ നഷ്ടമാണ് ഉണ്ടായതെന്നും സംസ്ഥാന സര്‍ക്കാര്‍ കുറ്റപ്പെടുത്തി.
ഫെഡറല്‍ വാണിജ്യ-ടൂറിസം മന്ത്രി സൈമണ്‍ ബര്‍മിംഗ്ഹാമുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസ്ഥാന ടൂറിസം മന്ത്രി പോള്‍ പാപാലിയ ഈ വിഷയം ഉന്നയിച്ചതായി ദ വെസ്റ്റ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയില്‍ നിന്നുള്ള അപേക്ഷകര്‍ക്ക് ടൂറിസ്റ്റ് വിസ കിട്ടാന്‍ 29 ദിവസം വരെയും, ബിസിനസ് വിസ കിട്ടാന്‍ 17 ദിവസം വരെയും സമയമെടുക്കും എന്നാണ് സംസ്ഥാന ടൂറിസം വകുപ്പ് ചൂണ്ടിക്കാട്ടുന്നത്. 140 ഡോളറാണ് വിസയുടെ ഫീസായി നല്‍കേണ്ടത്.
എന്നാല്‍ ജപ്പാന്‍, അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് ഇന്ത്യാക്കാര്‍ക്ക് ഒരാഴ്ചക്കുള്ളില്‍ വിസ കിട്ടുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ദക്ഷിണാഫ്രിക്കയിലേക്കും പത്തു ദിവസത്തിനുള്ളില്‍ വിസ കിട്ടും.
സുരക്ഷയാണ് വിസ അനുവദിക്കുന്നതിലെ കാലാതമസത്തിനു കാരണമെങ്കില്‍, സമാനമായ സുരക്ഷാ ആശങ്കകളുള്ള ഈ രാജ്യങ്ങളില്‍ എന്തുകൊണ്ട് ഈ കാലതാമസം ഉണ്ടാകുന്നില്ലെന്നും സംസ്ഥാന ടൂറിസം വകുപ്പ് ചോദിച്ചു.
ഇന്ത്യയില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് നേരിട്ടുള്ള കൂടുതല്‍ വിമാനസര്‍വീസുകള്‍ ലഭ്യമാക്കുന്നതിനും വിസ അനുവദിക്കുന്നതിലെ ഈ കാലതാമസം തടസ്സമാകുന്നുണ്ടെന്ന് സംസ്ഥാനം ചൂണ്ടിക്കാട്ടി.