ബ്രിസ്‌ബൈനിലെ മുറൂക്കകയിൽ വെള്ളിയാഴ്ച സർവീസ് നടത്തുകയായിരുന്ന ബസിൽ വച്ചാണ് ഡ്രൈവറായ മൻമീത് അലീഷറിനെ യാത്രക്കാരിൽ ഒരാൾ തീയിട്ടു കൊന്നത്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 48 കാരൻ ആന്തണി ഓ ഡൺഹുവിനെ കോടതി റിമാൻഡ് ചെയ്തു. ഇയാളെ നവംബറിൽ വീണ്ടും കോടതിയിൽ ഹാജരാക്കും.
കൊലപാതകം, പൊതുമുതൽ നശിപ്പിക്കൽ എന്നീ കുറ്റങ്ങളും , കൊലപാതകശ്രമത്തിൻറെ പേരിൽ 11 കുറ്റങ്ങളും, ചുമത്തിയാണ് ഇയാളെ കോടതി റിമാൻഡ് ചെയ്തിരിക്കുന്നത്.
എന്നാൽ, പ്രതി ജാമ്യാപേക്ഷ നൽകിയിട്ടില്ലെന്നും, ഇതേക്കുറിച്ചു ഒന്നും പ്രതികരിക്കാൻ കഴിയാത്ത വിധം മാനസികമായി ഇയാൾ മരവിച്ചിരിക്കുകയാണെന്നും പ്രതിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ അറിയിച്ചു. മാത്രമല്ല, ഇയാളുടെ മാനസിക നിലയിൽ അഭിഭാഷകൻ ആശങ്കയും അറിയിച്ചിട്ടുണ്ട്.
മൻമീതിന്റെ മൃതദേഹം ഏറ്റുവാങ്ങാൻ അദ്ദേഹത്തിന്റെ സഹോദരൻ ഇന്ത്യയിൽ നിന്നും താമസിയാതെ ഓസ്‌ട്രേലിയയിലേക്കു എത്തുമെന്നാണ് റിപ്പോർട്ടുകൾ. ഇതിനായി ന്യൂ ഡൽഹിയിലുള്ള ഓസ്‌ട്രേലിയൻ ഹൈകമ്മീഷൻ എമർജൻസി വിസ അനുവദിച്ചു കിട്ടാനുള്ള ശ്രമത്തിലാണെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഇതൊരു വംശീയാക്രമണമാണെന്നു സംശയിക്കുന്നതായി മൻമീതിന്റെ സഹോദരൻ എ ബി സി യോട് പറഞ്ഞു. എന്നാൽ, ഇതിനുള്ള സാധ്യത തള്ളിക്കളഞ്ഞതായി പോലീസ് കമ്മിഷണർ ഇയാൻ സ്റ്റീവാർട്ട് അറിയിച്ചു.
ഓസ്‌ട്രേലിയൻ നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമുണ്ടെന്നും തന്റെ സഹോദരന് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും മൻമീതിന്റെ സഹോദരൻ പറഞ്ഞു.
ബ്രിബൈനിലെ പഞ്ചാബി സമൂഹത്തിനിടയിൽ ശ്രദ്ധേയനായ ഗായകൻ കൂടി ആയിരുന്ന മൻമീത് അലിഷറിന്റെ നിര്യാണത്തിൽ പഞ്ചാബി സമൂഹം ഒന്നടങ്കം അനുശോചനം രേഖപ്പെടുത്തി.
മൻമീത് കൊല്ലപ്പെട്ട മുറൂക്കയിൽ വെള്ളിയാഴ്ച വൈകിട്ട് നടത്തിയ അനുശോചന ചടങ്ങിൽ നൂറുകണക്കിനാളുകളാണ് ആദരാഞ്ജലികൾ അർപ്പിക്കുവാൻ എത്തിയത്.

Manmeet Alisher performing at a community concert Source: Facebook
ശനിയാഴ്ചയും അനുശോചന യോഗങ്ങൾ സംഘടിപ്പിച്ചു. മൻമീതിനോടുള്ള ആദരസൂചകമായി മാത്രമല്ല ഇദ്ദേഹത്തിന്റെ വേർപാടിൽ തകർന്നിരിക്കുന്ന എല്ലാവര്ക്കും വേണ്ടിയാണ് ഇത്തരം യോഗങ്ങൾ സംഘടിപ്പിക്കുന്നതെന്ന്, ലോക്കൽ കൗൺസിലർ സ്റ്റീവ് ഗ്രിഫിത്സ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
അടുത്തിടെയാണ് കാഷ്വൽ ഡ്രൈവർ ആയി മൻമീത് ജോലിയിൽ പ്രവേശിച്ചത്. ശനിയാഴ്ച നടന്ന അനുശോചനയോഗത്തിൽ കൊല്ലപ്പെട്ട മൻമീതിനോടുള്ള ആദരസൂചകമായി ബ്രിസ്‌ബൈനിലെ കൗൺസിൽ കേന്ദ്രങ്ങളിൽ പതാക താഴ്ത്തി കെട്ടിയതായി ബ്രിസ്‌ബൈൻ ലോർഡ് മേയർ ഗ്രഹാം ക്വിർക് അറിയിച്ചു.
Share


